കെ.എസ്.ആർ.ടി.സി: കൂപ്പൺ തള്ളി ജീവനക്കാർ; കൂലിയാണ് വേണ്ടതെന്ന്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് കൂപ്പൺ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ വ്യാപക പ്രതിഷേധം. കൂപ്പണല്ല, കൂലിയാണ് വേണ്ടതെന്നാണ് തൊഴിലാളികളുടെ പക്ഷം. മാനേജ്മെൻറ് ഏർപ്പെടുത്തിയ കൂപ്പൺ സംവിധാനത്തിനെതിരെ ഭരണാനുകൂല സംഘടനകളായ സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും രംഗത്തെത്തി.

കൂപ്പണിനോടൊന്നും തൊഴിലാളികൾക്ക് യോജിക്കാനാവില്ലെന്ന് സി.ഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു. തൊഴിലാളികളുടെ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം മൂന്നിലൊന്ന് പണമായും മൂന്നിൽ രണ്ട് പർച്ചേസ് കൂപ്പണായും നൽകാനുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് എ.ഐ.ടി.യു.സി നേതാവ് എം.ജി. രാഹുലും പ്രതികരിച്ചു. പ്രതിമാസ ശമ്പളം കിട്ടുന്നത് ലോൺ തിരിച്ചടവിനും വീട്ടുവാടക നൽകാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മരുന്നിനും ചികിത്സക്കുമാണ് ചെലവിടുന്നത്. ഏറ്റവും തുച്ഛമായ തുകയാണ് വീട്ടുചെലവുകൾക്ക് മാറ്റിവെക്കുന്നതെന്നും രാഹുൽ പറഞ്ഞു.

ശമ്പളത്തിനു പകരം കൂപ്പൺ നൽകാനുള്ള കെ.എസ്.ആർ.ടി.സിയുടെ നീക്കം തൊഴിലാളികളൊന്നടങ്കം തള്ളി. ശനിയാഴ്ച ആരും കൂപ്പൺ വാങ്ങിയില്ല. ചെയ്ത ജോലിക്ക് കൂലി ആവശ്യപ്പെട്ട് ജീവനക്കാർ കുടുംബാംഗങ്ങൾക്കൊപ്പം വിവിധ ഡിപ്പോകളിൽ സമരം നടത്തി.കെ.എസ്.ആർ.ടി.സി ചീഫ് ഓഫിസിന് മുന്നിൽ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ ജീവനക്കാർ കൂപ്പൺ ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.

ശമ്പളം മുടങ്ങിയ സാഹചര്യത്തിൽ ജീവനക്കാർക്ക് സിവിൽ സപ്ലൈസ് കോർപറേഷൻ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ, ഹോർട്ടികോർപ്, ഹാൻടെക്സ്, ഹാൻവീവ്, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് എന്നീ സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണാണ് വിതരണത്തിന് തയാറാക്കിയിരുന്നത്.ജൂലൈയിൽ 193 കോടിയാണ് കലക്ഷൻ ഇനത്തിൽ ലഭിച്ചത്. ആഗസ്റ്റിലെ കലക്ഷൻ വരുമാനം 190 കോടിയും. 80 കോടിയാണ് ശമ്പളത്തിനു വേണ്ടതെങ്കിലും ഇന്ധനച്ചെലവും ബാങ്ക് വായ്പ തിരിച്ചടവും ചൂണ്ടിക്കാട്ടി വൈകിപ്പിക്കുകയാണ്. മുമ്പ് ശമ്പളത്തിനാണ് മുൻഗണന നൽകിയിരുന്നതെങ്കിൽ അവസാന പരിഗണനയാണത്.

Tags:    
News Summary - KSRTC: Coupon rejected by employees; Wages are required

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.