തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയില്‍ നിര്‍ബന്ധിത സ്വയംവിരമിക്കൽ പദ്ധതി നടപ്പാക്കാൻ നീക്കം. 50 വയസ്സ് കഴിഞ്ഞവര്‍ക്കും സർവിസിൽ 20 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്കുമായിരിക്കും സ്വയം വിരമിക്കല്‍ പദ്ധതി. ഇതിനായി 7,200 ജീവനക്കാരുടെ പട്ടിക മാനേജ്മെന്റ് തയാറാക്കിയതായാണ് സൂചന. വിരമിക്കുന്ന ഒരാള്‍ക്ക് കുറഞ്ഞത് 15 ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും.
പദ്ധതി നടപ്പാക്കിയാല്‍ ശമ്പള ചെലവില്‍ 50 ശതമാനം കുറവ് വരുമെന്നാണ് മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. അതോടെ ശമ്പളം നൽകാൻ എല്ലാമാസവും ധനവകുപ്പിനെ സമീപിക്കേണ്ടിവരില്ലെന്നും കരുതുന്നു. വിരമിക്കൽ പദ്ധതി നടപ്പാക്കാൻ 1080 കോടി രൂപയാണ് വേണ്ടിവരിക. ഇതിനായി ധനവകുപ്പിനെ സമീപിക്കും. കെ.എസ്.ആർ.ടി.സിയിൽ ആകെ 24,000ത്തോളം ജീവനക്കാരാണ് നിലവിലുള്ളത്. കുറെ ജീവനക്കാരെ വി.ആർ.എസ് നൽകി ഒഴിവാക്കിയാൽ 40 കോടി രൂപയോളം ഒരുമാസം ലാഭിക്കാനാകും.
മാനേജ്മെന്റിന്റെ പുതിയ നീക്കത്തോട് തൊഴിലാളികൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണെങ്കിലും യൂനിയനുകൾക്ക് പുതിയ നീക്കത്തോട് യോജിപ്പില്ല. അതേസമയം, നിർബന്ധിത വിരമിക്കൽ പദ്ധതി നടപ്പാക്കുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് അറിയിച്ചു. അത്തരമൊരു കാര്യം ആലോചിക്കുന്നില്ല. അതിനായി ജീവനക്കാരുടെ പട്ടികയും തയാറാക്കിയിട്ടില്ല. വി.ആർ.എസ് നടപ്പാക്കുകയാണെങ്കിൽ തന്നെ താൽപര്യമുള്ളവർക്ക് മാത്രമായിരിക്കും. അല്ലാതെ 50 വയസ്സ് കഴിഞ്ഞവർക്കോ 20 വർഷം പൂർത്തിയായവർക്കോ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. വി.ആർ.എസ് തീരുമാനം എടുക്കുന്നുവെങ്കിൽ യൂനിയനുകളുമായി ചർച്ച ചെയ്തും സ്വീകാര്യമായ പാക്കേജ് ഉൾപ്പെടെ പരിഗണിച്ചും മാത്രമേ ചിന്തിക്കുകയുള്ളൂവെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.