പന്തളം എസ്.എൻ.ഡി.പി യൂനിയന്റെ നേതൃത്വത്തിൽ നൂറനാട് എസ്.എൻ വിവേക് സ്കൂളിൽ സംഘടിപ്പിച്ച വിജ്ഞാനോത്സവം- 2026 യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
ചാരുംമൂട്: എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും തകർക്കാനോ തളർത്താനോ ഒരു ശക്തിക്കും കഴിയില്ലെന്ന് യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. നിരവധി പോരാട്ടങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും വളർന്നുവന്ന പ്രസ്ഥാനമാണ് യോഗം. നിരന്തര എതിർപ്പുകളേയും ഹീനമായ കുപ്രചാരണങ്ങളേയും അതിജീവിച്ചു കൊണ്ടാണ് മൂന്ന് ദശാബ്ദത്തിലേറെ കാലമായി വെള്ളാപ്പള്ളി നടേശൻ സംഘടനാപരമായ വലിയ വളർച്ചയിലേക്ക് സമുദായത്തേയും, യോഗത്തേയും കൈപിടിച്ചുയർത്തിയത്. വിദ്യാഭ്യാസ രംഗത്തുണ്ടായ അസൂയാർഹമായ വളർച്ചയും മൈക്രോഫിനാസ് പദ്ധതിയടക്കം സാമ്പത്തിക രംഗത്തുണ്ടായ വളർച്ചയും എടുത്തു പറയേണ്ടതാണ്.
ഇതിനെയൊക്കെ തകിടംമറിക്കാൻ എന്തു ദുരാരോപണം ചമച്ചാലും സംഘടനാപരമായ കരുത്തിലൂടെ അതിനെ നേരിടാനുള്ള പ്രാപ്തി യോഗ നേതൃത്വത്തിനും സമുദായത്തിനും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പന്തളം എസ്.എൻ.ഡി.പി യൂനിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിജ്ഞാനോൽസവം - 2026 ഉദ്ഘാടനം നൂറനാട്ട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. കരിയർ ഗൈഡൻസ് ക്ലാസും ഉന്നത വിജയം കൈവരിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ, ബിരുദാനന്തര, പ്രഫഷണൽ കോഴ്സുകളിലെ വിദ്യാർഥികൾക്കും റാങ്ക് ജേതാക്കൾക്കും മറ്റ് പ്രതിഭകൾക്കുമുള്ള അനുമോദനവും അദ്ദേഹം ഉദ്ഘാടനം ചെയ്‌തു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയികളായ ശാഖ അംഗങ്ങൾക്കുള്ള സ്വീകരണം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് അഡ്വ: സിനിൽ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി ഡോ.ഏ.വി. ആനന്ദരാജ് ആമുഖ പ്രസംഗം നടത്തി. യൂനിയൻ കൗൺസിലർമാരായ ഉദയൻ പാറ്റൂർ, എസ്. ആദർശ്, സുരേഷ് മുടിയൂർകോണം, ദിലീപ് പെരുമ്പുളിക്കൽ, വി.കെ. രാജേന്ദ്രൻ, ഡോ. പുഷ്പാകരൻ, രാജീവ് മങ്ങാരം, ശിവജി ഉള്ളന്നൂർ, ശാഖ പ്രസിഡൻറ് പി.എൻ. ശശി, വനിത സംഘം പ്രസിഡൻറ് വിമല രവീന്ദ്രൻ, സെക്രട്ടറി സുമ വിമൽ, യൂത്ത് മൂവ്മെൻറ് ചെയർമാൻ നിധിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. കരിയർ ഗൈഡൻസ് ക്ലാസിന് പ്രശസ്ത ട്രെയിനർ വിശാഖ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.