‘പേര് മഹിളാ മോർച്ച, മഹിളാ അസോസിയേഷൻ ​എന്നൊക്കെ.. പക്ഷേ സ്ത്രീകൾക്ക്‌ ഇന്ദിര ഗ്യാരന്റി കൊടുക്കുന്നതിൽ അലമ്പുണ്ടാക്കുന്നതും ഇവർ തന്നെ...’ -പരിഹാസവുമായി ജിന്റോ ജോൺ

​കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര കൊടുക്കുന്നതുമായി ബന്ധ​പ്പെട്ട് സി.പി.എം പോഷക സംഘടനയായ മഹിളാ അസോസിയേഷനും ബി.ജെ.പി പോഷക സംഘടനയായ മഹി​ളാ മോർച്ചയും ഉയർത്തുന്ന വിമർശനങ്ങളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. പറയുമ്പോൾ മഹിളാ മോർച്ച, മഹിളാ അസോസിയേഷൻ എന്നൊക്കെയാണ് ഇവരുടെ പേരെങ്കിലും സ്ത്രീകൾക്ക്‌ ഇന്ദിര ഗ്യാരന്റി കൊടുക്കുന്നതിൽ വെറുതെ അലമ്പുണ്ടാക്കുന്നതും ഇവർ തന്നെയാണെന്ന് അ​ദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘സമയം നോക്കാനറിയാത്ത പി.കെ. ശ്രീമതിയുടെ സമയം തീരെ മോശമായി. സാരമില്ല ദേശാഭിമാനി മാറ്റി വേറെ പത്രം വായിച്ചാൽ മതി. സ്ത്രീകൾക്ക്‌ പ്രിയദർശിനി സൗജന്യയാത്ര നൽകുന്നതിൽ ഇവർക്കെന്താ ഇത്ര ദേഷ്യമെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. പറയുമ്പോൾ മഹിളാ മോർച്ച, മഹിളാ അസോസിയേഷൻ എന്നൊക്കെയാണ് ഇവരുടെ പേര്. പക്ഷേ സ്ത്രീകൾക്ക്‌ ഇന്ദിര ഗ്യാരന്റി കൊടുക്കുന്നതിൽ വെറുതെ അലമ്പുണ്ടാക്കുന്നതും ഇവർ തന്നെയാണ്’ -അദ്ദേഹം പറഞ്ഞു.

സൗജന്യയാത്രയുടെ സമയം രാവിലെ 9 മണിയിൽ നിന്ന് 6 മണിയാക്കണമെന്നായിരുന്നു ഇന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്രീമതി ആവശ്യപ്പെട്ടത്. സൗജന്യയാത്രയ്ക്ക് സമയ പരിധിയില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയതോടെ അമളിപിണഞ്ഞതറിഞ്ഞ് സോറി പറഞ്ഞ് തടിയൂരി. ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സംഭവം.

രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം താനും കേട്ടിരുന്നുവെന്നും കേരളത്തിലെ സ്ത്രീകൾക്കെല്ലാം ഒരുതരത്തിലുള്ള വ്യത്യാസവുമില്ലാതെ സൗജന്യമായിട്ട് എല്ലാ കെഎസ്ആർടിസി ബസിലും സൗജന്യ യാത്ര നൽകണമെന്നും ശ്രീമതി ആവശ്യപ്പെട്ടു. ‘പ്രഖ്യാപനം നടത്തിയത് നമ്മുടെ യുഡിഎഫ് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന, അഖിലേന്ത്യാതലത്തിലെ ഏറ്റവും ഉയർന്ന നേതാവാണ്. കേരളത്തിലെ മുഴുവൻ ജനങ്ങളും കേൾക്കത്തക്ക വിധത്തിലാണ് ഈ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ആ പ്രഖ്യാപനത്തിൽനിന്ന് വഴുതി ഇന്ന ബസ്സിൽ മാത്രമേ കയറാവൂ, ഇന്ന ബസ്സിൽ മാത്രമേ സൗജന്യം കിട്ടൂ എന്ന് പറയുന്നതല്ല ശരി. പ്രഖ്യാപനം നടപ്പിലാക്കുക എന്നത് ഒരു ഔചിത്യം മാത്രമാണ്. ആ ഔചിത്യം തീർച്ചയായും യുഡിഎഫ് ഗവൺമെന്റിന് ഉണ്ടാവണം. കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും സൗജന്യ യാത്ര നിങ്ങൾ നൽകും എന്ന് പറഞ്ഞ ആ വാഗ്ദാനം നടപ്പിലാക്കണം’ -ശ്രീമതി ആവശ്യപ്പെട്ടു. ഇന്ന​ലെ മഹിളാ​ മോർച്ചയും ഇതേ ആവശ്യവുമായി സമരത്തിനിറങ്ങിയിരുന്നു.

Tags:    
News Summary - Indira Guarantee free travel for women: Jinto John Mocks Mahila Morcha, Mahila Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.