തിരുവനന്തപുരം: സംസ്ഥാനത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പകർച്ച വ്യാധികൾ വർധിച്ചിട്ടുണ്ടെന്നും ഭാവിയിൽ വ്യാപനം തടയുന്നതിന് ഹൈപവർ കമ്മിറ്റിയെ നിയോഗിച്ചതായും ആരോഗ്യ മന്ത്രി കെ. മുരളീധരൻ. നിപ 38 ടെസ്റ്റുകൾ നടത്തിയതിൽ 37ഉം നെഗറ്റീവ് ആണ്. സംസ്ഥാനത്ത് ഈ മാസം 70 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. ഈ വർഷം ആകെ അഞ്ച്ഷിഗല്ല മരണങ്ങളും റിപ്പോർട്ട് ചെയ്തു. മലപ്പുറം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലാണ് മരണം. കോഴിക്കോട്ടും മലപ്പുറത്തും രണ്ടു വീതം മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്ട് ചികിത്സയിലുള്ള ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്.
ഈ വർഷം ഇതുവരെ 146 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചതായും മന്ത്രി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് വിപുല യോഗം ചേർന്നിരുന്നു. യോഗത്തിലെ അഭിപ്രായ പ്രകാരം പകർച്ച വ്യാധികൾ നിയന്ത്രണത്തിന് ഹൈപ്പവർ കമ്മിറ്റിയെ നിയോഗിച്ചു. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൺസൾട്ടന്റായ ഡോ. എസ്.എസ്. ലാലിനെ ചുമതലപ്പെടുത്തി. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് കോ-ഓർഡിനേറ്ററായും ഡോ. ശ്രീജിത് എൻ. കുമാർ കൺവീനറായും പ്രവർത്തിക്കും. സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്ധ ഡോക്ടർമാരും ആയുഷ് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയിൽ നിന്നുള്ള വിദഗ്ധരും കമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയം ഭരണവകുപ്പിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് കലണ്ടർ തയ്യാറാക്കും. ഹൈപ്പവർ കമ്മിറ്റി റിപ്പോർട്ട് ലഭിച്ചതിനു ശേഷം മറ്റ് നടപടികൾ സ്വീകരിക്കും.
പകർച്ച വ്യാധി നിയന്ത്രണത്തിന് ജില്ലാ തലത്തിൽ ഔട്ട്ബ്രേക്ക് മോണിറ്ററിങ് യൂണിറ്റ് രൂപീകരിക്കും. പ്രതിരോധത്തിന് ജില്ലാ തലത്തിൽ ആക്ഷൻ കമ്മിറ്റിയും രൂപീകരിക്കും. ആർ.ആർ.ടിമാരും ഇതിന്‍റെ ഭാഗമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.