എം.സി റോഡിൽ പന്തളം വലിയ പാലത്തിന് സമീപം തടി ലോറിയും കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റും കൂട്ടിയിടിച്ചപ്പോൾ
പന്തളം: എം.സി റോഡിൽ പന്തളത്ത് രണ്ടിടത്ത് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ട് എട്ടുപേർക്ക് പരിക്കേറ്റു. പന്തളം വലിയപാലത്തിന് സമീപം ഞായറാഴ്ച ഒരുമണിയോടെ തിരുവനന്തപുരത്തുനിന്ന് നെടുങ്കണ്ടം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റും ചെങ്ങന്നൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് തടികയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചാണ് ആദ്യ അപകടം.
കെ.എസ്.ആർ.ടി.സി ഡ്രൈവർ പെരുമ്പാവൂർ മുല്ലശ്ശേരിയിൽ രതീഷ് (39), യാത്രക്കാരായ ഇടുക്കി രാജമുടി മുകളേൽ ഹൗസിൽ സിജോ വർഗീസ് (47), കട്ടപ്പന വെള്ളയാങ്കുടി വേഴപ്പറമ്പിൽ ജോസ് ജോർജ് (51), ഇടുക്കി, അമ്പലപ്പാറ പുത്തൻവീട്ടിൽ മുത്തുമണി (55), പത്തനാപുരം പുന്നല വെട്ടുവിളക്കോൻ വീട്ടിൽ എം.എം. മുസ്തഫ (52), ഇടുക്കി നെടുങ്കണ്ടം പുന്നത്താനിയിൽ ലിഥിയ (27), ഇടുക്കി ചിറയ്ക്കൽ പുരയിടത്തിൽ എ.എം. അമീൻ (26), ഇടുക്കി രാജാക്കാട് ഇടത്തറയിൽ ആൽഫി എബ്രഹാം (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
അപകടത്തിൽപെട്ടവരെ സമീപത്തെ വലിയ കോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിലെ ഡ്യൂട്ടിക്കുണ്ടായിരുന്ന അഗ്നിരക്ഷ സേനയുടെ ആംബുലൻസിലും മറ്റ് വാഹനങ്ങളിലുമായാണ് ആശുപത്രിയിൽ എത്തിച്ചു.രാത്രിയോടെ ക്രെയിൻ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയത്. പൊലീസും സ്ഥലത്തെത്തി. അപകടത്തിൽപെട്ട വാഹനങ്ങളുടെ തകർന്ന ഗ്ലാസ് ചില്ലുകൾ റോഡിൽനിന്ന് നീക്കം ചെയ്തു.
എം.സി റോഡിൽ കുരമ്പാല ജങ്ഷന് സമീപം റോഡിൽനിന്ന് തെന്നിമാറിയ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ്
ഞായറാഴ്ച പുലർച്ച അഞ്ചരയോടെ എം.സി റോഡിൽ കുരമ്പാല അമൃത വിദ്യാലയത്തിന് സമീപം പുനലൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് റോഡിൽനിന്ന് തെന്നിമാറി കുരമ്പാല തോണ്ടലിൽ ടി.വി. സുരേന്ദ്രൻ പിള്ള വീടിന്‍റെ മതിൽ തകർത്ത് വശത്തേക്ക് ചരിഞ്ഞാണ് മറ്റൊരപകടം.
പുലർച്ച വൻ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. സമീപത്തെ വൈദ്യുതി തൂണും അപകടത്തിൽ തകർന്നു. ബസിൽ അഞ്ചിൽ താഴെ യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണം. പുലർച്ച മഴ കാരണം അമിതവേഗത്തിലായിരുന്ന ബസ് അപകടത്തിൽപെടുകയായിരുന്നു.
നിസ്സാര പരിക്കേറ്റ യാത്രക്കാരെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. രക്ഷാപ്രവർത്തനത്തിന് അടൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ വിനോദ് കുമാർ, അസി. സ്റ്റേഷൻ ഓഫിസർ ഷാനവാസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ രാജേഷ്, സാനിഷ്, രഞ്ജിത്, കൃഷ്ണകുമാർ, ശ്രീജിത്, സന്തോഷ് ജോർജ് എന്നിവരും ഹോം ഗാർഡുമാരായ അജയകുമാർ, അനിൽകുമാർ, സജി മോൻ, സിവിൽ ഡിഫൻസ് അംഗം അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.