വൈദ്യുതി ബോര്‍ഡില്‍ നാല് നവീന സേവനങ്ങള്‍ക്ക് തുടക്കം

 

തിരുവനന്തപുരം: വൈദ്യുതി തടസ്സം മുന്‍കൂട്ടി അറിയിക്കുന്ന ഊര്‍ജ ദൂത് അടക്കം നാല് നവീന സേവനങ്ങള്‍ക്ക് വൈദ്യുതി ബോര്‍ഡില്‍ തുടക്കമായി. പട്ടം വൈദ്യുതി ഭവനില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സേവനങ്ങള്‍ നാടിന് സമര്‍പ്പിച്ചത്. വൈദ്യുതി ബില്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്ന ഊര്‍ജ സൗഹൃദ, പരാതികള്‍ അറിയിക്കാനുള്ള 1912 നമ്പര്‍ ടോള്‍ ഫ്രീ ആക്കല്‍, വാട്ട്സ്ആപ് വഴി പരാതി രജിസ്ട്രേഷന്‍ എന്നിവയാണ് മറ്റു സേവനങ്ങള്‍. 

വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ ജനതാല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വകുപ്പ് നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജീവനക്കാരുടെ സഹകരണം വേണം. വൈദ്യുതി ഓഫിസില്‍ ഫോണ്‍ എടുക്കുന്ന ശീലം കുറവാണ്. വിദേശത്തെല്ലാം മൂന്നാമത്തെ ബെല്ലിനകം ഫോണ്‍ എടുത്തിരിക്കണമെന്നാണ്. അതുണ്ടായില്ളെങ്കില്‍ കര്‍ശന നടപടി ഉണ്ടാകും. ഇവിടെ വൈദ്യുതി ബോര്‍ഡ് ഓഫിസുകള്‍ ജനം ആക്രമിക്കുന്ന സംഭവം വരെയുണ്ടായിട്ടുണ്ട്. വൈദ്യുതി തടസ്സം മുന്‍കൂട്ടി അറിയിക്കാന്‍ എസ്.എം.എസ് ഏര്‍പ്പെടുത്തുന്നത് നല്ല കാര്യമാണ്. എപ്പോള്‍ പോകും, എപ്പോള്‍ വരുമെന്നറിയാന്‍ നാട്ടുകാര്‍ക്ക് താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.ടി.എം വഴി വൈദ്യുതി ബില്‍ അടയ്ക്കുന്നതടക്കം ആധുനിക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വൈദ്യുതി തടസ്സം പരമാവധി ഒഴിവാക്കും. തടസ്സമില്ലാത്ത സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സെക്ഷനില്‍ നടപ്പാക്കും. 

തുടര്‍ന്ന് സംസ്ഥാനമാകെ വ്യാപിപ്പിക്കും. ബോര്‍ഡിലെ ജീവനക്കാരുടെ പുനര്‍വിന്യാസം നടത്തും. വടക്കന്‍ ജില്ലകളിലും ജീവനക്കാരെ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ രമ്യാ രമേശ്, ബോര്‍ഡ് ചെയര്‍മാന്‍ കെ. ഇളങ്കോവന്‍, ഡയറക്ടര്‍മാരായ എന്‍. വേണുഗോപാല്‍, എന്‍.എസ്.പിള്ള, ഡോ. വി. ശിവദാസന്‍  എന്നിവര്‍ സംസാരിച്ചു.


പരാതി നല്‍കാന്‍ 1912; 
വാട്സ്ആപ് നമ്പര്‍ 9496001912 

തിരുവനനന്തപുരം: അറ്റകറ്റപ്പണി മൂലം വരുന്ന വൈദ്യുതി തടസ്സങ്ങള്‍ എസ്.എം.എസ് വഴി ഉപഭോക്താക്കളെ നേരിട്ട് അറിയിക്കുന്ന സംവിധാനമാണ് ‘ഊര്‍ജ ദൂത്’. ഉപഭോക്താക്കള്‍ക്ക് ഇതിനനുസരിച്ച് തങ്ങളുടെ ജോലികള്‍ ക്രമീകരിക്കാനാകും. ആകസ്മികമായുള്ള തടസ്സത്തെ കുറിച്ചും എപ്പോള്‍ വൈദ്യുതി വരുമെന്നും എസ്.എം.എസ് നല്‍കും. ബില്‍ തുക, പിഴ കൂടാതെ പണമടയ്ക്കേണ്ട തീയതി, പിഴയോടെ പണമടയ്ക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങളാണ് ‘ഊര്‍ജ സൗഹൃദ’ വഴി എസ്.എം.എസായി നല്‍കുന്നത്. മൊബൈലിലും മെയിലിലും ഇതു ലഭിക്കും. ബില്‍ ലഭിക്കുന്നില്ളെന്ന പരാതി ഇതോടെ ഒഴിവാകും. വൈദ്യുതി  സംബന്ധമായ പരാതികള്‍ നല്‍കേണ്ട 1912 എന്ന നമ്പര്‍ ടോള്‍ ഫ്രീ ആക്കി. ഏത് നെറ്റ്വര്‍ക്കില്‍നിന്നും ഇതിലേക്ക് വിളിക്കാം. 9496001912 എന്ന വാട്സ്ആപ് നമ്പറിലും പരാതി നല്‍കാം. പരാതികളും ബന്ധപ്പെട്ട രേഖകളും 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍ ഉള്‍പ്പെടെ ഇതിലേക്ക് അയക്കാം. പരാതി രേഖപ്പെടുത്തിയ ശേഷം പരാതി നമ്പര്‍ ഉപഭോക്താവിന് ലഭിക്കും. 

Tags:    
News Summary - kseb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.