രമേശ് ചെന്നിത്തല

സി.പി.എം നേരിടുന്നത് വൻ അപചയമെന്ന് രമേശ് ചെന്നിത്തല; ‘കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിൽ നിന്നും മോർച്ചറിയിലേക്ക് മാറി’

തിരുവനന്തപുരം: സി.പി.എം നേരിടുന്നത് വൻ അപചയമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിൽ നിന്നും മോർച്ചറിയിലേക്ക് മാറിയിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഞ്ചുപേർ തീപിടുത്തത്തിൽ മരിച്ചത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷമാണ്. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞു കിടക്കുകയാണ്. സി.പി.എമ്മിൽ പിണറായി വിജയനൊപ്പം നിന്നിരുന്ന നേതാക്കൾ ഓരോരുത്തരായി അദ്ദേഹത്തെ വിട്ടു പോവുകയാണ്. അപചയം കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളരെ വലുതായി ബാധിച്ചിരിക്കുകയാണ്.

വളരെ പ്രധാനപ്പെട്ട നേതാക്കന്മാർ പാർട്ടിയുടെ ഇന്നത്തെ പോക്കിൽ പ്രതിഷേധിച്ചുകൊണ്ട് പാർട്ടി വിട്ടു​​ക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്തും സി.പി.എം നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണിപ്പോഴുളളത്. പാർട്ടി വിടുന്ന ഓരോ നേതാക്കന്മാരും പാർട്ടിക്കകത്ത് നടക്കുന്ന സംഭവങ്ങളെപ്പറ്റി പറയുന്നത് കേൾക്കുമ്പോൾ നമ്മളൊക്കെ അത്ഭുതപ്പെടുകയാണ്. ഇത്രയും വലിയ ഏകാധിപത്യവും അരാജകത്വവും മറ്റൊരു പാർട്ടിയിലും കാണാൻ സാധിക്കില്ല. അതാണ് പാർട്ടി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം  നേതാക്കന്മാർ പാർട്ടി വിട്ടുപോകുമ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പോടു കൂടി സി.പി.എമ്മിന് ബംഗാളിലെ പാത പിന്തുടരേണ്ടി വരുമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

എല്ലാ സീറ്റും യു.ഡി.ഫ് ജയിക്കാൻ സാധ്യതയുള്ള ഒരു ജില്ലയാണ് കോട്ടയം ജില്ല. അതിനുവേണ്ടിയിട്ടാണ് പ്രവർത്തിക്കുന്നത്.  ജോസഫ് വാഴക്കൻ പാർട്ടിയുടെ സമുന്നതനായ നേതാവാണ്. കെ.എസ്‌.യുവിന്റെ പ്രസിഡന്റ് ആയിരുന്നു, കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ഇപ്പോൾ രാഷ്ട്രീയ കാര്യ സമിതി അംഗമാണ്, മുൻ എം.എൽ.എയുമായിരുന്നു. കഴിഞ്ഞ തവണ അദ്ദേഹം മത്സരിച്ചത് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലാണ്. ഇത്തവണ അദ്ദേഹത്തിന് സീറ്റ് കൊടുക്കണം എന്നൊരു പൊതുവായ ധാരണയുണ്ടായിരുന്നു. അദ്ദേഹം സീറ്റിന് അർഹനായ വ്യക്തിയാണ്.  ഇപ്പോൾ നിർഭാഗ്യവശാൽ അദ്ദേഹത്തിന് സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല എന്നുള്ളത് ഒരു സത്യമാണ്. പക്ഷേ അദ്ദേഹം ഒരു പാർട്ടി നേതാവ് എന്ന നിലയിൽ വളരെ പക്വമായ നിലപാട് സ്വീകരിച്ചതിനെ ഞാൻ അഭിനന്ദിക്കുകയാണ്. ചിലപ്പോൾ നമ്മുടെ പാർട്ടിക്കകത്ത് പല കാരണങ്ങൾ കൊണ്ട് സീറ്റ് കൊടുക്കേണ്ട പല അർഹരായ ആളുകൾക്കും കൊടുക്കാൻ കഴിയാതെ വരും. പാർട്ടിക്കകത്ത് ധാരാളം ആളുകൾ സീറ്റിന് അർഹതപ്പെട്ടവരുണ്ട്. പക്ഷേ സീറ്റ് കൊടുക്കാൻ കഴിഞ്ഞില്ല എന്ന് വരും. അത് അവരുടെ അവരെ മോശമാക്കി കാണിക്കാനോ അല്ലെങ്കിൽ അവരുടെ കഴിവില്ലായ്മയാണെന്നോ ഒരിക്കലും ആരും പറയില്ല. കഴിവുള്ള ധാരാളം നേതാക്കന്മാർ പാർട്ടിയിലുണ്ട്. ജോസഫ് വാഴക്കന് സീറ്റ് കൊടുക്കണമെന്നായിരുന്നു ഞങ്ങളുടെ കമ്മിറ്റിക്കകത്ത് ഉണ്ടായിരുന്ന പൊതുതീരുമാനം. പക്ഷേ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി വന്നപ്പോഴാണ് അതിൽ മാറ്റം ഉണ്ടായത്. അപ്പോൾ ഏതായാലും അദ്ദേഹത്തിന് വിഷമമുണ്ട് അത് ഞങ്ങൾക്കെല്ലാവർക്കും മനസ്സിലാവുന്ന കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു. 

ജോസഫ് വാഴക്കൻ കോൺഗ്രസിലെ സമുന്നതനായ നേതാവാണ്. എല്ലാവരും പാർട്ടിയോട് ഒപ്പം അടിയുറച്ചു നിൽക്കും. ഇന്നിപ്പോൾ വേണ്ടത് ഒരു ഭരണമാറ്റമാണ്. പത്തു വർഷത്തെ ഭരണത്തെ ജനങ്ങൾ മടുത്തിരിക്കുന്നു. ആ ഭരണത്തിൽ ഏറ്റവും കൂടുതൽ ജനദ്രോഹം നടത്തിയ ഒരാളാണ് വാസവൻ എന്ന മന്ത്രി. ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റാൻ സഹായിച്ച വ്യക്തിയാണ്. എല്ലാ കൊള്ളക്കാരെയും സംരക്ഷിച്ച ആളാണ്. സ്വർണ്ണക്കൊള്ളയിൽ വ്യക്തമായ പങ്ക് വഹിച്ച ഒരാളാണ് അദ്ദേഹം. ഇത്രയും നേതാക്കന്മാർ ജയിലിൽ പോയിട്ടും വാസവൻ ഒരക്ഷരം മിണ്ടിയില്ലല്ലോ. സ്വർണ്ണക്കൊള്ള നടത്തിയആളുകളെ സംരക്ഷിക്കുകയല്ലേ ചെയ്തത്. അവിടെ നടന്ന അയ്യപ്പസംഗമം പോലെയൊരു തട്ടിക്കൂട്ട് പരിപാടിക്ക് ഏഴു കോടി രൂപ ചിലവഴിച്ച ആളല്ലേ ഈ മന്ത്രി. ഇപ്പോൾ മന്ത്രി പറയുന്നത് അതെല്ലാം ദേവസ്വം ബോർഡാണെന്നാണ്. അങ്ങനെയുള്ള ഒരാളെ ഏറ്റുമാനൂരിലെ ജനങ്ങൾ എങ്ങനെ തെരഞ്ഞെടുക്കും. മറ്റാരെക്കാളും ഏറ്റുമാനൂരിലെ ജനങ്ങളെ അറിയാവുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് വാസവന്  മറുപടി ജനങ്ങൾ നൽകുമെന്നാണ് പൂർണ്ണമായ വിശ്വാസമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

Tags:    
News Summary - Ramesh Chennithala says what CPM is facing is a huge setback

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.