കൊല്ലം: തന്റെ മകള്‍ക്ക് നീതി കിട്ടിയോയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അവള് അനുഭവിച്ച വേദന പ്രതിയും അറിയണമെന്നും ഡോ. വന്ദന ദാസിന്റെ മാതാവ് വസന്ത കുമാരി. ‘‘എന്റെ മകള്‍ അനുഭവിച്ച വേദന, ഭയപ്പാട്, അവളുടെ ശരീരത്തിലേറ്റ 27 കുത്ത്, ഒരു കൈയിലേയും കാലിലേയും മാംസത്തോടെ അടര്‍ന്ന ശരീരം... 45-50 കിലോ ഭാരമുള്ള കുട്ടിയുടെ ശരീരത്തില്‍ വിറക് കീറുന്നത് പോലെ കുത്തിക്കീറിയത്...ആ വേദനയെല്ലാം അവന് അറിയണം.
അങ്ങനെയുള്ള ശിക്ഷ കിട്ടണം. അതല്ലേ നീതി, അങ്ങനെയല്ലേ ആഗ്രഹിക്കാന്‍ പറ്റൂ. നിയമത്തിന് കൊടുക്കാന്‍ പറ്റുന്ന വിധി ഇതായിരിക്കാം. പ്രോസിക്യൂട്ടറുമായി ആലോചിച്ച് എന്താണെന്ന് നോക്കാം. വധശിക്ഷ എന്നതിനേക്കാളുപരി, എന്റെ മകളനുഭവിച്ച വേദന പ്രതി അറിയണം. പ്രാണഭയത്താല്‍ ഓടിയപ്പോള്‍ രക്ഷിക്കാന്‍ ആരുമില്ലായിരുന്നു’’-വസന്തകുമാരി കണ്ണീരോടെ പറഞ്ഞു. അതേസമയം, വിധിയില്‍ ആശ്വാസമുണ്ടെന്നും അപ്പീല്‍ പോകുമെന്നും വന്ദന ദാസിന്റെ പിതാവ് കെ.ജി. മോഹൻ ദാസും പ്രതികരിച്ചു.
വന്ദന ദാസ് വധക്കേസ് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; അമ്മയെ നോക്കാന്‍ അവസരം നല്‍കണമെന്ന് പ്രതി
കൊല്ലം: വന്ദന ദാസ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്. വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ട അധ്യാപകന്റെ ഭാഗത്തുനിന്നാണ് അതിക്രൂരമായ ആക്രമണമുണ്ടായതെന്നും അതിനാൽ ശിക്ഷയിൽ വിട്ടുവീഴ്ച നല്‍കരുതെന്നും ശിക്ഷാ വാദത്തില്‍ പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
കൃത്യം നടക്കുമ്പോള്‍ പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലായിരുന്നുവെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായ കാര്യവും കോടതിയെ അറിയിച്ചു. എന്നാൽ, കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രായമായ അമ്മയെ നോക്കാന്‍ അവസരം നല്‍കണമെന്നും സന്ദീപ് കോടതിയോട് ആവശ്യപ്പെട്ടു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ലെന്നും പെട്ടെന്നുണ്ടായ മാനസിക വിഭ്രാന്തി കാരണമാണ് കൃത്യം ചെയ്തതെന്നുമാണ് പ്രതിഭാഗം വാദിച്ചത്.
കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതിക്ക് ഉണ്ടായിരുന്നില്ലെന്നും മുമ്പ് മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. മാനസിക പ്രശ്നങ്ങളുണ്ടെന്ന വാദം സന്ദീപിന്റെ മാനസികനില കൃത്യമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ച് കോടതി തള്ളി. ഐ.പി.സി 302ല്‍ രണ്ടുതരത്തിലുള്ള ശിക്ഷകള്‍ അനുവദിക്കാനുള്ള വിവേചനാധികാരം കോടതിക്കുണ്ടെന്നും പ്രതിക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന് പറഞ്ഞു.
സംസ്ഥാന ചരിത്രത്തില്‍ ആദ്യം
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിക്കിടെ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത്. വെളിയം ചെറുകരക്കോണം സ്വദേശിയാണ് സന്ദീപ്. 2023 മേയ് 10ന് പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോ. വന്ദനാ ദാസിനെ മദ്യലഹരിയില്‍ പ്രതി സന്ദീപ് കുത്തികൊന്നത്. നെടുമ്പനയിലെ എയ്ഡഡ് സ്കൂള്‍ അധ്യാപകനായിരുന്ന കുടവട്ടൂര്‍ ശ്രീനിലയത്തില്‍ സന്ദീപ് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചാണ് വന്ദനയെ കുത്തിയത്. വൈദ്യപരിശോധനക്ക് പൊലീസ് പ്രതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.