തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെ.എസ്.ഇ.ബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടം. നിലവിലെ കണക്കുകൾ പ്രകാരം 257 ഹൈടെൻഷൻ പോസ്റ്റുകളും 2505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ലഭ്യമായ കണക്കുകൾ പ്രകാരം വിതരണമേഖലയിൽ ഏകദേശം 26.89 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
7,12,679 ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിൽ 5,39,976 ഉപഭോക്താക്കൾക്ക് ഇതിനോടകം വൈദ്യുതി ബന്ധം പുന:സ്ഥാപിച്ച് നൽകി. ബാക്കിയുള്ള വൈദ്യുതി തകരാറുകൾ പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമം സംസ്ഥാന വ്യാപകമായി നടക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അത് സെക്ഷൻ ഓഫിസുകളിലോ, 9496010101 എന്ന എമർജൻസി നമ്പറിലോ അറിയിക്കേണ്ടതാണ്. പരാതികൾ അറിയിക്കാൻ 1912 എന്ന ടോൾ ഫ്രീ നമ്പറിലേക്കും വിളിക്കാവുന്നതാണ്.
വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ എസ്.എം.എസ് മുഖേന ലഭ്യമാക്കുന്നതിനായി ഉപഭോക്താക്കൾക്ക് www.kseb.in എന്ന വെബ്സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.