തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ച ദീർഘകാല കരാർ റദ്ദാക്കലുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമീഷൻ തെളിവെടുപ്പ് നടത്തി. ദീർഘകാല കരാറുകൾ റദ്ദാക്കിയതു മൂലം വൈദ്യുതി വിതരണ രംഗത്തുണ്ടായ അധിക ബാധ്യതകൾ കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടി. കരാറിൽ ഉൾപ്പെട്ടിരുന്ന മൂന്ന് കമ്പനികളിലൊന്നായ ജിൻഡാൽ പവറുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി കമീഷന് നൽകിയ അപേക്ഷയിലായിരുന്നു തെളിവെടുപ്പ്. കരാർ റദ്ദാക്കലിനെതിരെ കോടതിയെ സമീപിക്കാതിരുന്ന ജിൻഡാൽ പവറിൽനിന്ന് തുടർന്നും വൈദ്യുതി വാങ്ങാൻ അനുവാദം നൽകണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യം. 2023 ഡിസംബറിൽ നൽകിയ അപേക്ഷ ഏറെ വൈകിയാണ് കമീഷൻ പരിഗണിച്ചത്.
മുമ്പ് മൂന്ന് കമ്പനികളിൽനിന്നായി നാല് ദീർഘകാല കരാറുകൾ വഴി വൈദ്യുതി വാങ്ങിയതിന് സമാനമായ പുതിയ കരാർ ഇനി സാധ്യമാകാത്ത സാഹചര്യമാണെന്ന് കെ.എസ്.ഇ.ബി അധികൃതർ ചൂണ്ടിക്കാട്ടുന്നു. റദ്ദാക്കിയ കരാറുകളെക്കാൾ ഉയർന്ന നിരക്കാണ് ഇപ്പോൾ പല കമ്പനികളും ആവശ്യപ്പെടുന്നത്. റെഗുലേറ്ററി കമീഷൻ നിലപാട് മൂലം കുറഞ്ഞ വിലക്ക് ലഭിച്ചിരുന്ന വൈദ്യുതി നിലച്ചതാണ് പവർ എക്സ്ചേഞ്ചിൽനിന്നടക്കം ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ നിർബന്ധിതമാക്കിയതെന്ന് കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ടിലും കെ.എസ്.ഇ.ബി കുറ്റപ്പെടുത്തി.
അതേസമയം വൈദ്യുതി റദ്ദാക്കൽ നടപടിയെ യു.ഡി.എഫ് ഇപ്പോഴും ചോദ്യം ചെയ്യുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ വൈദ്യുതി കരാര്‍ അദാനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ വേണ്ടി റദ്ദാക്കിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചത്. 4.29 രൂപക്ക് കിട്ടിക്കൊണ്ടിരുന്ന കരാര്‍ റദ്ദാക്കിയതിലൂടെ ഇപ്പോള്‍ എട്ടു മുതല്‍ 12 രൂപ വരെ നല്‍കിയാണ് വൈദ്യുതി വാങ്ങേണ്ടിവരുന്നതെന്നും ഇതിലൂടെ ദിവസേന 20 കോടിയുടെ കടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.