കെ.എസ്.ഇ.ബി -എം.വി ഡി പോരിൽ മഞ്ഞുരുക്കം; ഫ്യൂസ് ഊരൽ പ്രതികാരം തുടരേണ്ടതില്ല

പാലക്കാട്: മോട്ടോർ വാഹന വകുപ്പ് -കെ.എസ്.ഇ, ബി തർക്കത്തിൽ മഞ്ഞുരുക്കം., മോട്ടോർ വാഹന വകുപ്പ് ഓഫിസുകളുടെ ഫ്യൂസ് ഊരാൻ ചീഫ് എഞ്ചിനീയർമാരുടെ അനുവാദം വേണമെന്ന് കെ.എസ്.ഇ.ബി ഓഫിസുകളിൽ നിർദ്ദേശമെത്തി. വാട്സ് ആപ്പ് മെസേജ് രൂപത്തിലാണ് തിങ്കളാഴ്ച നിർദേശമെത്തിയത്.ഇരു വകുപ്പുകളുടെയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിഷയത്തിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം വന്നത്.

ഫ്യൂസ് ഊരൽ പ്രതികാരം തുടരേണ്ടതില്ല എന്നാണ് കെ.എസ്.ഇ.ബി അധികൃതരിൽ നിന്നും ജില്ലാ ഓഫിസുകളിലേക്കുള്ള കർശന നിർദ്ദേശം,താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ വീണ്ടുവിചാരമില്ലാത്ത 'അനാവശ്യ ചെയ്തി'കളാണ് വിവാദമുണ്ടാക്കിയതെന്നാണ് ഇരുവകുപ്പ് മേധാവികളുടെയും വിലയിരുത്തൽ.

മോട്ടോർ വാഹന വകുപ്പുമായി വൈദ്യുതി വകുപ്പിന് അഭിപ്രായ ഭിന്നതയില്ലെന്നും വിവിധ ജില്ലകളിലെ എംവിഡി ഓഫീസുകളിൽ ഫ്യൂസ് ഊരൽ ബോധപൂർവമെന്ന ആക്ഷേപം പരിശോധിക്കുമെന്നും വൈദ്യുത മന്ത്രി കൃഷ്ണൻകുട്ടി തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു.

ചില ഉദ്യോഗസ്ഥർ സാമാന്യ ബോധമില്ലാതെ നടത്തുന്ന പ്രവർത്തിയാണിതെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി ആൻ്റണി രാജുവും അഭിപ്രായപ്പെട്ടിരുന്നു. അടിയന്തിര സർവീസുകൾ എ, ഐ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എം.വി.ഡി. ക്യാമറയില്‍ പിടിച്ച് കെ.എസ്.ഇ.ബി.ക്ക് പിഴ ചുമത്തുന്നതും ബില്‍ അടച്ചില്ലെന്ന കാരണത്താല്‍ പല എം.വി.ഡി. ഓഫീസുകളിലെയും ഫ്യൂസ് കെ.എസ്.ഇ.ബി. ഊരുന്നതും കഴിഞ്ഞ ഒരാഴ്ചയായുള്ള സ്ഥിരം വാർത്തയാണ്.

വയനാട്ടില്‍ കെ എസ് ഇ ബിയുടെ വാഹനത്തിന് എ ഐ ക്യാമറ വഴി പിഴയിട്ടതോടു കൂടിയാണ് സംഭവങ്ങളുടെ തുടക്കം. ഒടിഞ്ഞുവീണ മരക്കൊമ്പുകള്‍ നീക്കം ചെയ്യാന്‍ ജീപ്പിന് മുകളില്‍ തോട്ടിയുമായി പോയ കെ എസ് ഇ ബിക്ക് എ ഐ ക്യാമറ വഴി 20,500 രൂപ പിഴ ചുമത്തിയത്.

വൈദ്യുതിവകുപ്പിനുവേണ്ടി ഓടുന്ന വാഹനത്തിൽ കെ.എസ്.ഇ.ബി. എന്ന ബോർഡ് വെച്ചതിന് എം.വി.ഡി ഈടാക്കാൻ നോട്ടിസ് നൽകിയ സംഭവവും കാസർഗോഡ് നടന്നിരുന്നു. കെ.എസ്.ഇ.ബി. ഫ്യൂസ് ഊരിയതിനെത്തുടർന്ന് മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ഓഫീസിലെ മൂന്ന് വാഹനങ്ങൾ കട്ടപ്പുറത്തായി.

Tags:    
News Summary - KSEB-MV D dispute resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.