തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്ത്രിയെ അറസ്റ്റ് ചെയ്ത് മന്ത്രിയെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് നടന്നത്. ഇത് സംശയാസ്പദമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണ്. തന്ത്രിയെ മനപൂർവം കുടുക്കുകയായിരുന്നു.
യാതൊരു തെളിവുമില്ലാതെ തന്ത്രിയെ 41 ദിവസം ജയിലിലിട്ടത് സംശയാസ്പദമാണ്. രാഷ്ട്രീയ ഇടപെടൽ മൂലമാണ് തന്ത്രിയെ മനപൂർവം കുടുക്കുകയായിരുന്നു. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എസ്.ഐ.ടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേസിലെ യഥാർത്ഥ പ്രതികളെ പിടികൂടാതെ തന്ത്രിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തന്ത്രിയെ കൊള്ളയുമായി ബന്ധിപ്പിക്കാൻ ഒരു തെളിവുമില്ലെന്ന കൊല്ലം വിജിലൻസ് കോടതിയുടെ വിധിന്യായം ഇതിന് തെളിവാണ്. തന്ത്രിക്ക് ജാമ്യം ലഭിക്കുന്നത് തടയാൻ അന്വേഷണ സംഘം കിണഞ്ഞു ശ്രമിച്ചെങ്കിലും കോടതി അത് തള്ളിക്കളയുകയായിരുന്നു.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തന്ത്രി എടുത്ത നിലപാടിനോടുള്ള സർക്കാരിന്റെ പകപോക്കലാണ് അറസ്റ്റെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.