തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച കൽക്കരി ഉപയോഗിച്ച് ദീർഘകാലത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിന് കരാറിലേർപ്പെടാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമീഷൻ അനുമതി. വൈദ്യുതി മന്ത്രാലയം നിർദേശിച്ച മാതൃക ബിഡിങ് രേഖയിലെ ചില നിർദേശങ്ങളിൽ മാറ്റംവരുത്തി പരിഷ്കരിക്കാൻ കെ.എസ്.ഇ.ബി കമീഷന്റെ അനുമതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാദംകേട്ടശേഷമാണ് കമീഷൻ തുടർനടപടികൾക്ക് അനുമതി നൽകി ഉത്തരവിറക്കിയത്.
ദീർഘകാലത്തേക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ നേരത്തേയുണ്ടായിരുന്ന നാല് കരാറുകൾ റെഗുലേറ്ററി കമീഷൻ റദ്ദാക്കിയതാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും ഇത് പരിഹരിക്കാനാണ് 500 മെഗാവാട്ട് വൈദ്യുതി കരാറിന് ശ്രമിക്കുന്നതെന്നുമായിരുന്നു തെളിവെടുപ്പിൽ കെ.എസ്.ഇ.ബി വാദിച്ചത്. പുതിയ കരാർ പ്രകാരമുള്ള വൈദ്യുതി വാങ്ങൽ നിരക്കിന്റെ വിശദാംശങ്ങൾ, കരാറിലേർപ്പെടുന്നതുവഴി ഉണ്ടാകാവുന്ന മെച്ചം തുടങ്ങിയവ വിശദീകരിച്ച് റിപ്പോർട്ട് നൽകാൻ കമീഷൻ കെ.എസ്.ഇ.ബിയോട് നിർദേശിച്ചു.
2025 ആഗസ്റ്റ് ഒന്നു മുതലാണ് കൽക്കരി ലഭ്യമാകുക. അതുപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കണമെങ്കിൽ അനുയോജ്യമായ കൽക്കരി നിലയം കണ്ടെത്തി കരാറിലെത്തണം. ഇതിനുള്ള നടപടികൾ കെ.എസ്.ഇ.ബി ആരംഭിച്ചു. കരാർ നിലവിൽവരുന്നത് ഉപഭോക്താക്കളുടെ താരിഫിൽ എങ്ങനെ പ്രതിഫലിപ്പിക്കുന്നെന്ന വിലയിരുത്തൽ നടത്താനും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.