കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: സയ്യിദ് മിർസ പുതിയ ചെയർമാൻ

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാനായി വിഖ്യാത ബോളിവുഡ് ചലച്ചിത്രകാരൻ സയ്യിദ് അഖ്തർ മിർസയെ സംസ്ഥാന സർക്കാർ നിയമിച്ചു. സ്ഥാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലെ അതൃപ്തിയെ തുടർന്ന് ജനുവരി 31ന് അടൂർ ഗോപാലകൃഷ്ണൻ രാജിവെച്ച ഒഴിവിലാണ് നിയമനം. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് പ്രഖ്യാപനം നടത്തിയത്. ചെയർമാനായി നിയമിക്കപ്പെട്ട സയ്യിദ് മിർസ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

വൈകീട്ട് അധ്യാപകരുമായും വിദ്യാർഥികളുമായും ചർച്ച നടത്തുമെന്ന് സയ്യിദ് മിർസ പ്രതികരിച്ചു. കുട്ടികളുമായി ചേർന്നു മുന്നോട്ടുപോകും. അവരുടെ പ്രശ്‌നങ്ങൾ കേട്ട് പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കപ്പെട്ട സെയ്ദ് മിർസ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നു

വിദ്യാർഥി സമരത്തെ തുടർന്ന് ഡയറക്ടർ ശങ്കർ മോഹൻ രാജിവെച്ചതിന് പിന്നാലെയാണ് ​ചെയർമാൻ അടൂരും രാജി പ്രഖ്യാപിച്ചത്. സ്ഥാപനത്തിൽ ജാതി വിവേചനമെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും കള്ളങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു സമരക്കാരെന്നും രാജി പ്രഖ്യാപിച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ അടൂർ കുറ്റപ്പെടുത്തിയിരുന്നു. ഡയറക്ടർ ശങ്കർ മോഹനെ സംരക്ഷിച്ചും ഇൻസ്റ്റിറ്റ്യൂട്ടി​ലെ വിദ്യാർഥികളെയും പരാതിക്കാരായ ജീവനക്കാരെയും ആക്ഷേപിച്ചും അടൂർ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. സിനിമ മേഖലയിൽ നിന്നടക്കം അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.

ജാതി വിവേചനം, സംവരണ അട്ടിമറി, മനുഷ്യത്വ വിരുദ്ധ പ്രവൃത്തികൾ തുടങ്ങി ഗുരുതര വിഷയങ്ങളുയർത്തിയാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ സ്റ്റുഡന്‍റ്സ് കൗൺസിൽ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. സ്ഥാപനത്തിലെ സ്വീപ്പർമാരായ വനിതകളെ കൈകൊണ്ട് ടോയ്‍ലറ്റ് വൃത്തിയാക്കുക, ദലിത് ജീവനക്കാരോടും വിദ്യാർഥികളോടും വിവേചനം കാണിക്കുക, വിദ്യാർഥികളുടെ ഇ-ഗ്രാന്‍റ്സ് നിഷേധിക്കുക തുടങ്ങിയ ആരോപണങ്ങളാണ് വിദ്യാർഥികൾ ഡയറക്ടർ ശങ്കർമോഹനെതിരെ ഉന്നയിച്ചത്. ഡയറക്ടറുടെ രാജിക്കു പിന്നാലെ അദ്ദേഹത്തോട് അടുപ്പമുള്ള ഡീൻ ഉൾപ്പെടെ എട്ടുപേരും രാജിവെച്ചിരുന്നു.

Tags:    
News Summary - KR Narayanan Film Institute: Syed Mirza is the new chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.