തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച പരിധിവിട്ട് ചേരിപ്പോരിലേക്ക് വഴിമാറിയതോടെ വടിയെടുത്ത് കെ.പി.സി.സി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംഘടനക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുംവിധം പത്ര-ദൃശ്യ-സാമൂഹികമാധ്യമങ്ങളിൽ ഉള്‍പ്പെടെ പ്രസ്താവന നടത്തരുതെന്നും ഇത്തരം പ്രതികരണങ്ങൾ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നുമാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ മുന്നറിയിപ്പ്.
ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസ് അണികളിലും യു.ഡി.എഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയത്. ചര്‍ച്ചകളില്‍നിന്ന് പിന്തിരിയാന് എ.ഐ.സി.സിയും കര്‍ശന നിർദേശം നല്കി. ഇത് മുഖവിലക്കെടുക്കാതെ അത്തരം നടപടികള്‍ ചിലര്‍ തുടരുന്ന പശ്ചാത്തലത്തിലാണ് കര്‍ശന നിർദേശം നല്കാന് കെ.പി.സി.സി വീണ്ടും നിര്‍ബന്ധിതമായതെന്നും സണ്ണി ജോസഫ് പ്രസ്താവനയിൽ വ്യക്തമാക്കി.
നേതാക്കളെ പിന്തുണച്ചുള്ള പരസ്യപ്രതികരണങ്ങൾ ഏറെക്കുറെ അവസാനിച്ചെങ്കിലും സാമൂഹികമാധ്യമങ്ങളിൽ ചർച്ച സജീവമാണ്. സാമൂഹികമാധ്യമ പരാമർശങ്ങൾ പരിധിവിട്ടതോടെ ‘അപകീർത്തികരമാകുന്നു’ എന്ന് ചൂണ്ടിക്കാട്ടി ഡി.ജിപിക്ക് കെ.പി.സി.സി പരാതി നൽകുന്നതിൽവരെ കാര്യങ്ങളെത്തിയിരുന്നു. നേതാക്കളുടെ ചിത്രമടക്കം ഉപയോഗിച്ച് ഭാവിമുഖ്യമന്ത്രിയെന്നു പുകഴ്ത്തിയുള്ള കുറിപ്പുകളും റീലുകളും വ്യാപകമാണ്.
ഇപ്പോൾ നടപടിയെടുക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിയും ചർച്ചകൾക്ക് തുടക്കമിട്ടതിൽ സണ്ണി ജോസഫിന്റെ വ്യക്തതയില്ലാത്ത പ്രതികരണങ്ങളും കാരണമായെന്ന വിമർശനം കോൺഗ്രസിലുണ്ട്. കെ.സി. വേണുഗോപാലിന്റെ പേര് ഉയർന്നു കേൾക്കുന്നതിനെ കുറിച്ച ചാനൽ അഭിമുഖത്തിലെ ചോദ്യത്തിന് സാധ്യത തള്ളാതെയായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.