കൊല്ലം: പുതിയ കെ.പി.സി.സി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. കൊടിക്കുന്നിൽ സുരേഷ് എം.പിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് സൂചന. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, ശശി തരൂർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ പിന്തുണ കൊടിക്കുന്നിൽ സുരേഷിന് ഉണ്ടെന്നാണ് വിവരം. വി.ഡി. സതീശന്റെ പിന്തുണയും കൊടിക്കുന്നിലിനാണെന്നാണ് സൂചന.
അതേസമയം, അടൂർ പ്രകാശ്, ബെന്നി ബെഹന്നാൻ, ജോസഫ് വാഴക്കൻ എന്നിവരെയും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഇവരെയും പരിഗണിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. നിലവിലെ കെ.പി.സി.സി പ്രസിഡന്റായ സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവർ മന്ത്രിമാരായതിനെ തുടർന്നാണ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളുകളെ തിരഞ്ഞെടുക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ ഒ.ജെ. ജനീഷ് മന്ത്രിയായതിനെ തുടർന്ന് പകരക്കാരനെ നിയമിക്കാനും സാധ്യതയുണ്ട്.
സർക്കാറിനോട് ഏറ്റുമുട്ടാതെ ചേർന്നുപോകുന്ന നേതൃത്വമായിരിക്കണം കെ.പി.സി.സിക്ക് എന്നതാണ് ഹൈക്കമാൻഡിന്റെ നിലപാട്. സർക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ വന്നാൽ ഭരണത്തെയും സംഘടനയെയും ബാധിക്കും. അതുകൊണ്ട് പ്രസിഡന്റിനെ നിയമിക്കുന്നതിൽ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് മേൽകൈ ലഭിക്കാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നു പേരുകളുയർന്നതും പാർട്ടി മൂന്നായി നിന്നതും ഹൈക്കമാൻഡിന് മുമ്പാകെയുണ്ട്. ഈ മുറിവുണക്കാൻകൂടി കഴിവുള്ള നേതൃത്വമായിരിക്കണം ഇനി വരേണ്ടതെന്നാണ് വിലയിരുത്തൽ.
ഭരണത്തിൽ ഒരു വിഭാഗത്തിൽനിന്നായതിനാൽ ഇതരവിഭാഗത്തിൽനിന്നായിരിക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുക. കൊടിക്കുന്നിൽ സുരേഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് താൽപര്യമുണ്ടെന്നും പിന്നാക്കവിഭാഗങ്ങളിൽനിന്ന് ആരും ഇതേവരെ സ്ഥാനത്ത് വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അവകാശമുന്നയിക്കുന്നത്. മുതിർന്ന നേതാവെന്ന നിലയിലാണ് കെ.സി. ജോസഫിന്റെ പേരുയർന്നത്. മുതിർന്ന നേതാവായിട്ടും വേണ്ടത്ര പരിഗണന നൽകിയില്ലെന്നത് ജോസഫ് വാഴക്കനുള്ള ന്യായം. ജനപ്രതിനിധികളായിരിക്കുന്നവർ വേണ്ടെന്നാണ് തീരുമാനമെങ്കിൽ ആ മാനദണ്ഡത്തിൽ പലരും ഒഴിവാകും. പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർണമായും ഹൈക്കമാൻഡിന്റെ താത്പര്യത്തിനനുസരിച്ചാണ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.