കൊല്ലം: സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് വരുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ഒഴിവ് വരുന്ന കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ് പിടിമുറുക്കുന്നു. യു.ഡി.എഫ് അനുകൂലവും അല്ലാത്തതുമായി ദലിത് സംഘടനകൾ ഒന്നടങ്കം അദ്ദേഹത്തിനായി വാദിച്ച് രംഗത്ത് വന്നു. കൂടാതെ ശിവഗിരിമഠവും റാവുത്തർ ഫെഡറേഷനും കൊടിക്കുന്നിലിനെയാണ് തുണക്കുന്നത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപെട്ട് 55 ദലിത് മൂവ്മെന്റുകൾ ചേർന്ന് അടുത്ത കാലത്ത് രൂപവത്ക്കരിച്ച സാമൂഹിക ജനാധിപത്യ വേദി ഈ ആവശ്യം ഉന്നയിച്ച് രാഹുൽ ഗാന്ധിക്കും പ്രിയങ്കക്കും ഈ-മെയിൽ അയച്ചു.
കേരളത്തിൽ ഇതുവരെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം അടക്കം കോൺഗ്രസിന്റെ ഉന്നത നേതൃത്വത്തിലേക്ക് ദലിത് വിഭാഗത്തിൽ നിന്ന് ആരും വന്നിട്ടില്ല. കർണാടകയിൽ ദലിതനായ ഡോ. പരമേശ്വര രണ്ട് തവണ പി.സി.സി പ്രസിഡന്റായിട്ടുണ്ട്. ഹരിയാനയിലും മഹാരാഷ്ട്രയിലും ദലിതർ പി.സി.സി അധ്യക്ഷരായിട്ടുണ്ട്. ഇക്കുറി ദലിത് വിഭാഗം ഭൂരിപക്ഷവും യു.ഡി.എഫിനൊപ്പമായിരുന്നു. സംസ്ഥാനത്തെ 16 സംവരണ സീറ്റുകളിൽ 11ലും യു.ഡി.എഫ് ജയിച്ചത് ഉദാഹരണമായി അവർ ചൂണ്ടികാട്ടുന്നത്. വി.ഡി.സതീശൻ മുഖ്യമന്ത്രിയായതോടെ ദലിത് വിഭാഗത്തെ ചേർത്തു നിർത്താനുള്ള സാധ്യത കൂടുതലാണെന്നും കരുതുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി രാഹുൽ ഗാന്ധി അഭിപ്രായം തേടിയപ്പോൾ വി.ഡി.സതീശന് പരോക്ഷ പിന്തുണ നൽകി ജനവികാരത്തിനൊപ്പം നിൽക്കണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് സതീശന്റെ പിന്തുണ കൊടിക്കുന്നിലിനാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.