കെ.പി.ശശികല, പി.കെ.ശ്രീമതി
കോഴിക്കോട്: ശബരിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല.
‘ഇവിടെയാണ് ആ ഇടം. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ എല്ലാവർക്കും പ്രവേശിക്കാവുന്ന അയ്യപ്പന്റെ സന്നിധാനം. വിവേചനമില്ലാത്ത ഇടം. സമാദരണീയയായ രാഷ്ട്രപതി ദ്രൗപദി മുർമു സാധാരണക്കാരിൽ സാധാരണക്കാരിയായി പതിനെട്ടുപടിയും ചവിട്ടി അയ്യപ്പസന്നിധിയിൽ എത്തി’ എന്ന അടിക്കുറിപ്പോടെയാണ് അയ്യപ്പനെ തൊഴുന്ന ചിത്രം ശ്രീമതി പങ്കുവെച്ചത്. ഈ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു ശശികലയുടെ അധിക്ഷേപം.
"ടീച്ചറെ, ടീച്ചർക്കെത്ര വയസ്സായി ടീച്ചറെ ?. ഈ വിവേചനമില്ലാത്തിടത്തേക്ക് ടീച്ചർ എത്ര തവണ പോയിട്ടുണ്ട് ടീച്ചറേ ? ഒന്നു കുളിച്ചാ മതി ടീച്ചറേ?. മറ്റേ ഈറൻ ഒന്നര ഒന്നും ഉടുക്കണ്ട. അതുപേടിച്ചാണോ ടീച്ചർ പോകാഞ്ഞത് ?. നമ്മുടെ രാഷ്ട്രപതി കേട്ടറിഞ്ഞ് അവിടുന്ന് ഈ സന്നിധിയിലെത്തി. കണ്ണൂരിലെ ടീച്ചർക്ക് ഇപ്പോഴും കെട്ടുമുറുക്കാറായില്ല അല്ലേ ടീച്ചറേ?" -എന്നാണ് ശശികല ഫേസ്ബുക്കിൽ പങ്കുവെച്ചത്.
രാഷ്ട്രപതിക്കൊപ്പം അയ്യപ്പനെ തൊഴാതെ നിന്ന മന്ത്രി വി.എൻ വാസവനെയും ശശികല കടന്നാക്രമിച്ചു. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ പുറകിൽ നില്ക്കുന്ന ആ ബൊമ്മക്ക് ശബരിമലയെപ്പറ്റി ടീച്ചർ പറഞ്ഞ മഹത്വം വല്ലതും അറിയാമോയന്നാണ് കെ.പി.ശശികല ചോദിച്ചത്.
ഇരുമുടിക്കെട്ടുമേന്തി തൊഴുതു പ്രാർഥിച്ചു നിൽക്കുന്ന സവർണ ബ്രാഹ്മണിക്കൽ ഹെജിമണിക്കു പിന്നിൽ തൊഴാൻ പോലും സ്വാതന്ത്ര്യമില്ലാത്ത ശൂദ്രൻ എന്നായിരുന്നു കഴിഞ്ഞ ദിവസം ശശികല മന്ത്രി വി.എൻ വാസവനെ പരാമർശിച്ച് പോസ്റ്റിട്ടത്.
പത്തനംതിട്ട: മാലയിട്ട്, ആചാരങ്ങളെല്ലാം പാലിച്ചായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം. കറുപ്പ് സാരിയണിഞ്ഞെത്തിയ അവർ, പമ്പ സ്നാനത്തിന്റെ ഭാഗമായി ത്രിവേണിയിൽ പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് കാൽ നനച്ചശേഷമാണ് പമ്പ ഗണപതി ക്ഷേത്രത്തിലെത്തി കെട്ടുനിറച്ചത്. ഇവിടെ തേങ്ങയും ഉടച്ചു.
ക്ഷേത്രത്തിന് പിന്നിലുള്ള കെട്ടുനിറ മണ്ഡപത്തിലാണ് ഇരുമുടിക്കെട്ട് നിറച്ചത്. രാഷ്ട്രപതിതന്നെ നെയ്തേങ്ങ നിറച്ചു. തുടർന്ന് ശരണം വിളിയോടെ രാഷ്ട്രപതിയുടെ ശിരസ്സിലേക്ക് പമ്പ ഗണപതി ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരി ഇരുമുടിക്കെട്ട് വെച്ചുനൽകി. നാലുപേർക്കായിരുന്നു കെട്ട് നിറച്ചത്. തുടർന്ന് രാഷ്ട്രപതിയും സംഘവും ക്ഷേത്രത്തിൽ പ്രദക്ഷിണവും നടത്തി. ക്ഷേത്രത്തിൽനിന്ന് പ്രസാദവും സ്വീകരിച്ചു.
ഇരുമുടിക്കെട്ടുമായിട്ടായിരുന്നു പതിനെട്ടാംപടി കയറ്റവും. ഒരുകൈയിൽ ഇരുമുടിക്കെട്ടുമായി നീങ്ങിയ രാഷ്ട്രപതി, രണ്ടുതവണ ഇടക്ക് നിന്നു. സുരക്ഷ ഉദ്യോഗസ്ഥൻ കൈപിടിച്ച് പടികൾ കയറാനും സഹായിച്ചു. മരുമകൻ ഗണേഷ് ചന്ദ്ര ഹോംബ്രാം, സൗരഭ് എസ്. നായർ, വിനയ് മാത്തൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഭക്തർക്ക് പ്രവേശമില്ലാതിരുന്നതിനാൽ വിജനമായിരുന്നു പതിനെട്ടാംപടിയും സന്നിധാനവും.
സോപാനത്ത് ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം സെക്രട്ടറി എം.ജി. രാജമാണിക്യം എന്നിവർ ചേർന്ന് സ്വീകരിച്ചു. സന്നിധാനത്ത് രണ്ട് മിനിറ്റോളം തൊഴുത രാഷ്ട്രപതി അരമണിക്കൂറോളം സമയമെടുത്ത് ഉപക്ഷേത്രങ്ങളിലുമെത്തി. തിരുമുറ്റത്തെ വാവര് നടയിലെത്തിയപ്പോൾ ദേവസ്വം മന്ത്രി വി.എൻ. വാസവൻ അയ്യപ്പന്റെയും വാവരുടെയും സുഹൃദ്ബന്ധവും വിശദീകരിച്ചുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.