കോഴിക്കോട്: റാപ്പർ വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം വളർത്തുന്നുവെന്ന ആർ.എസ്.എസ് നേതാവ് ഡോ. എൻ.ആർ. മധുവിന്റെ ആരോപണത്തെ പിന്തുണച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. വേടന്റെ പ്രമോട്ടർമാർ തീവ്ര ഇസ്‍ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണെന്നും ശശികല ഫേസ്ബുക് കുറിപ്പിൽ ആരോപിച്ചു. ‘വിമർശനങ്ങൾ ശ്രദ്ധിക്കുക, പറ്റുമെങ്കിൽ തിരുത്തുക. ആരുടെയും കയ്യിലെ പാവയാകാതിരിക്കുക. സ്വന്തം സമൂഹത്തെ മറ്റുള്ളവരുടെ ഇരയാക്കാതിരക്കുക, സമന്വയത്തിലൂടെയാണ് ഇവിടെ നവോത്ഥാനം സാധ്യമായത്. അത് മറക്കരുത്’ എന്ന ഫേസ്ബുക് കുറിപ്പിൽ ആവശ്യപ്പെട്ടു.
വിദ്വേഷപ്രസംഗം നടത്തിയ മധുവിനെതിരെ ഭാരതീയ ന്യായസംഹിത 192 വകുപ്പ് പ്രകാരം കലാപത്തിന് ആഹ്വാനം ചെയ്‌തതിന് കേസെടുത്തിരുന്നു. കേസെടുത്തത് പൗരന്റെ മൗലീക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് ശശികല ആരോപിച്ചു. ‘തീവ്ര ഇസ്‍ലാമിസ്റ്റുകളെ സന്തോഷിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വേടൻ ജാതി ഭീകരവാദം വളർത്തുന്നു എന്ന മധുവിന്റെ ആരോപണം വസ്തുതപരമായി ഉന്നയിക്കപ്പെട്ടതാണ്. വേടന്റെ പ്രമോട്ടർമാർ തീവ്ര ഇസ്‍ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണ്. ദലിത് വിഭാഗത്തെ ഹിന്ദു സമൂഹത്തിൽ നിന്നും വേർപ്പെടുത്തി ഇസ്‍ലാമിക ഐക്യത്തിലൂടെ ഹിന്ദു സമാജത്തെ ഭിന്നിപ്പിക്കാനാണ് ഇക്കൂട്ടരുടെ ശ്രമം. ഇന്ന് ജാതികളൊന്നും പരസ്പര പോരിന്റെ ദുരിതമനുഭവിക്കുന്നില്ല. ആരും ആരേയും കീഴ്പ്പെടുത്തുകയോ അകറ്റി നിർത്തുകയോ ചെയ്യുന്നില്ല. ഇടതും വലതുമാണ് ഇക്കണ്ട നാള് കേരളം ഭരിച്ചത്. ഇന്നും ജാതി ഭ്രാന്ത് ബാക്കിയുണ്ടെങ്കിൽ ഇവരാണ് ഉത്തരം പറയേണ്ടത്’ -ശശികല പറഞ്ഞു.
‘സവർണ്ണാവർണ്ണ ജാതിപ്പോരിന് തീ കൊടുക്കുന്നത് വേടനായാലും വൈദികനായാലും അംഗീകരിക്കാൻ പറ്റില്ല. പാലസ്തീനും ചൈനയിലെ ഖുറാനുമൊന്നുമല്ല പട്ടിക ജാതി വർഗ്ഗക്കാരുടെ ഇന്നിന്റെ വേദനകൾ. അതെന്താണെന്ന് ഞങ്ങൾ പഠിച്ചിട്ടുണ്ട്. സർക്കാർ സമക്ഷം രേഖയാക്കി സമർപ്പിച്ചിട്ടുണ്ട്. അതിൻ്റെ പ്രക്ഷോഭങ്ങൾ നടത്തുന്നുണ്ട്. താല്പര്യമുണ്ടെങ്കിൽ അത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധിക്കുക. ആരും വിമർശനാതീതരല്ല. ഞങ്ങളെയൊക്കെ ബോഡി ഷെയിം വരെ നടത്തിയിട്ടും ഞങ്ങൾ മുന്നോട്ടു പോകുന്നത് ആത്മവിശ്വാസത്തിൻെ ബലത്തിലാണ്. വിമർശനങ്ങൾ ശ്രദ്ധിക്കുക. പറ്റുമെങ്കിൽ തിരുത്തുക. ആരുടെയും കയ്യിലെ പാവയാകാതിരിക്കുക. സ്വന്തം സമൂഹത്തെ മറ്റുള്ളവരുടെ ഇരയാക്കാതിരക്കുക. സമന്വയത്തിലൂടെയാണ് ഇവിടെ നവോത്ഥാനം സാധ്യമായത്. അത് മറക്കരുത്. കേരളത്തെ സ്വാധീനിച്ച് കൊണ്ടിരിക്കുന്ന അപകടകരമായ ഭക്ഷണസംസ്കാരം കേരളീയ ഹിന്ദു ജീവിത രീതിയെ ഗുരുതരമായി ബാധിക്കുന്നു എന്ന് ആരും സമ്മതിക്കും. കേരളത്തിൽ ആ ദുസ്വാധീനത്തിന് കൂടുതലും വഴിപ്പെടുന്നത് ഹിന്ദു വിഭാഗത്തിൽപെട്ടവരാണെന്ന് പറയാൻ ഹിന്ദു സംഘടന പ്രവർത്തകൻ കൂടിയായ മധുവിന് അവകാശമുണ്ട്. പാല ബിഷപ്പ് നർക്കോട്ടിക് ജിഹാദിനെ കുറിച്ച് പറഞ്ഞതും കെ.ടി. ജലീൽ മയക്കുമരുന്ന് കച്ചവടത്തിലെ മുസ്ലീം പങ്കാളിത്തത്തെ കുറിച്ച് പറഞ്ഞതും ഇതേ രീതിയിൽ തന്നെയാണ്. ഡോഎൻആർമധുവിനൊപ്പം’ -കുറിപ്പിൽ പറഞ്ഞു.
മേയ് 11ന് കിഴക്കേക്കല്ലട പുതിയിടത്ത് ശ്രീപാർവതി ദേവീക്ഷേത്ര പുനഃപ്രതിഷ്‌ഠാ ചടങ്ങിലായിരുന്നു മധുവിന്‍റെ വിദ്വേഷ പ്രസംഗം. ‘ഇന്ന് ഈ നവോത്ഥാനം ചില സ്ഥലങ്ങളിലെങ്കിലും വഴിപിഴച്ചുപോകുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു അമ്പലപ്പറമ്പിൽ വേടന്‍റെ ആട്ടവും പാട്ടും കൂത്തും ഉണ്ടായിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ആള് കൂടാൻ വേണ്ടി വേടന്‍റെ പാട്ടുവെക്കാൻ തയാറാകുന്നവർ ഒരുപക്ഷേ ആള് കൂടാൻ വേണ്ടീട്ട് കാബറെ ഡാൻസും നമ്മുടെ അമ്പലപ്പറമ്പിൽ വെക്കും. വേടനോട് എനിക്ക് വ്യക്തിപരമായി വിരോധമൊന്നുമില്ല. പക്ഷേ വേടന്‍റെ പാട്ട് ജാതി ഭീകരവാദം പ്രചരിപ്പിക്കുന്ന വിഘടനവാദം പ്രചരിപ്പിക്കുന്ന സാഹിത്യത്തെ വളർന്നുവരുന്ന തലമുറയുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്ന കാലാഭാസമായി അരങ്ങുവാഴുകയാണ്. വേടൻ എന്ന കലാകാരന്‍റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികളുണ്ട്. സൂക്ഷ്മമായി പഠിച്ചാൽ അത് ഈ രാജ്യത്തിന്‍റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ട് എന്ന് കൃത്യമാണ്. അത്തരം കാലാഭാസങ്ങൾ നമ്മുടെ നാലമ്പലങ്ങളിലേക്ക് കടന്നുവരുന്നതിനെ ചെറുത്ത് തോൽപിക്കാൻ നമുക്ക് കഴിയേണ്ടതാണ്....’ -എന്നായിരുന്നു വേടനെതിരെ എൻ.ആർ. മധുവിന്‍റെ പ്രസംഗം.
ഇതേക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവർത്തകരോട്, അമ്പലങ്ങളിൽ ഇനിയും അവസരം ലഭിക്കുമെന്നും പോയി പാടുകയും ചെയ്യും എന്നായിരുന്നു വേടൻ പറഞ്ഞത്. “പുള്ളിക്കാരന് അഭിപ്രായം പറയാമല്ലോ. ഇത് പുതിയ കാര്യമല്ല. ഞാൻ വിഘടനവാദിയാണെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന് അറിയില്ല. ജാതി ഭീകരത എന്നൊക്കെ പറയുന്നത് കോമഡിയല്ലേ. സർവ ജീവികൾക്കും സമത്വം കൽപിക്കുന്ന അംബേദ്കർ പൊളിറ്റിക്സിലാണ് ഞാൻ വിശ്വസിക്കുന്നത്. ബാക്കിയെല്ലാം ആളുകൾ തീരുമാനിക്കട്ടെ. അമ്പലങ്ങളിൽ ഇനിയും അവസരം ലഭിക്കും. ഞാൻ പോയി പാടുകയും ചെയ്യും. വിവാദങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. എല്ലാം പറയാനാകില്ലല്ലോ. അതെല്ലാം അതിജീവിക്കാൻ പറ്റുക, ധൈര്യമായിരിക്കുക എന്നതിനാണ് ഇപ്പോൾ പ്രാധാന്യം. ഈ സമയവും കടന്നുപോകും എന്നുമാത്രമേ ഇപ്പോൾ പറയാനുള്ളൂ” -ഇതായിരുന്നു വേടന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.