പരിസ്ഥിതി മന്ത്രാലയത്തിന്റെ പച്ചക്കൊടി; വയനാട് തുരങ്കപാത പ്രവര്‍ത്തനോദ്ഘാടനം ജൂലൈയിൽ, ചെലവ് 2134 കോടി രൂപ

കോഴിക്കോട്: കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതികാനുമതി ഉത്തരവിറങ്ങിയതോടെ കോഴിക്കോട് -വയനാട് തുരങ്കപാത നിർമാണഘട്ടത്തിലേക്ക്. പ്രവൃത്തി ഉദ്ഘാടനം ജൂലൈയിൽ മുഖ്യമന്ത്രി നിർവഹിക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ്, കിഫ്‌ബി, കൊങ്കൺ റെയിൽവേ എന്നീ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.

തുരങ്കപാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ച് നടപ്പാക്കാന്‍ മേയ് 14,15 തീയതികളില്‍ ചേര്‍ന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തില്‍ വിദഗ്ധസമിതി ശിപാര്‍ശ ചെയ്തിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധ സമിതി മാര്‍ച്ചില്‍ പദ്ധതിക്ക് അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു ഇത്. നിര്‍ദേശങ്ങള്‍ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര വിദഗ്ധ സമിതിയുടെ പരിഗണനക്ക് വിട്ടത്.

പദ്ധതിച്ചെലവിൽ 1341 കോടി രൂപ തുരങ്കപാത നിർമാണത്തിനും 160 കോടി രൂപ തുരങ്കപാതയിലേക്കുള്ള അപ്രോച്ച് റോഡിനുമാണ് വകയിരുത്തിയത്. തുരങ്കപാത നിർവഹണ ഏജൻസി കൊങ്കൺ റെയിൽവേ കോർപറേഷനാണ്. കിഫ്ബിയാണ് ഫിനാൻസ് ഏജൻസി. തുരങ്കപാത നിർമാണ കരാർ ഭോപാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ ലിമിറ്റഡിനും അപ്രോച് റോഡ് ചുമതല കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ് ട്രെക്ചർ കമ്പനിക്കുമാണ്.

കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽനിന്നാണ് തുരങ്കപാതയിലേക്കുള്ള നാലുവരിപ്പാത ആരംഭിക്കുന്നത്. ആനക്കാംപൊയിൽനിന്ന് മറിപ്പുഴയിലേക്ക് 6.6 കിലോമീറ്റർ നാലുവരിപ്പാതയും മറിപ്പുഴയിൽ ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ 70 മീറ്റർ നീളത്തിൽ പാലവും നിർമിക്കും. മറിപ്പുഴയിൽനിന്ന് രണ്ട് കിലോമീറ്റർകൂടി നാലുവരിപ്പാത പിന്നിട്ടാൽ തുരങ്കപാത തുടങ്ങുന്ന സ്വർഗം കുന്നിലെത്തും. സ്വർഗം കുന്ന് മുതൽ വയനാട് ജില്ലയിലെ കള്ളാടിവരെ 8.11 കിലോമീറ്റർ ദൈർഘ്യത്തിലാണ് തുരങ്കം നിർമിക്കുക. തുടർന്ന്, ഒമ്പത് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മേപ്പാടിയിലെത്താം. വെള്ളരിമല, ചെമ്പ്രമല എന്നിവ തുരന്നാണ് തുരങ്കം നിർമിക്കേണ്ടത്. നിർമാണം പൂർത്തിയായാൽ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കമാകും ഇത്.

Tags:    
News Summary - Kozhikode-Wayanad tunnel work to be inaugurated in July

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.