കോഴിക്കോട്: ആരോഗ്യ വകുപ്പിലെ പുതിയ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി. ഡോ. ആശാദേവി കോഴിക്കോട് ഡി.എം.ഒ ആകും. ഡോ. എന്‍ രാജേന്ദ്രനെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറായി നിയമിച്ചു. കോഴിക്കോട് ഡി.എം.ഒ ഓഫീസിലെ കസേര തര്‍ക്കം മൂലം നേരത്തെ ആരോഗ്യ വകുപ്പിലെ സ്ഥലം മാറ്റം വിവാദമായിരുന്നു.
സ്ഥലം മാറിയെത്തിയ ആശാ ദേവിക്ക് കസേര ഒഴിഞ്ഞ് കൊടുക്കാന്‍ മുന്‍ ഡി.എം.ഒ എന്‍ രാജേന്ദ്രന്‍ തയ്യാറാകാതെ വന്നതോടെയായിരുന്നു തര്‍ക്കം ആരംഭിച്ചത്. സ്ഥലം മാറ്റത്തിനെതിരെ നേരത്തെ രാജേന്ദ്രന്‍ നേടിയ സ്‌റ്റേ നീക്കിയതിനു പിന്നാലെയായിരുന്നു ആശാദേവി ചുമതല ഏറ്റെടുക്കാന്‍ എത്തിയത്.
കഴിഞ്ഞ മാസം ഒമ്പതിന് ആരോഗ്യവകുപ്പ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മൂന്ന് ഡി.എം.ഒമാരെയും നാല് അഡീഷണൽ ഡയറക്ടർമാരെയും ആണ് സ്ഥലം മാറ്റിയത്. കോഴിക്കോട് ഡി.എം.ഒ ഡോക്ടർ എൻ രാജേന്ദ്രനു പകരം ഡോക്ടർ ആശാദേവി ഡിസംബര്‍ പത്തിന് ചുമതല ഏറ്റു. പിന്നാലെ സ്ഥലം മാറ്റ ഉത്തരവിന് എതിരെ എൻ രാജേന്ദ്രൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമര്‍പ്പിച്ചു.
അനുകൂല ഉത്തരവ് വാങ്ങി രാജേന്ദ്രൻ വീണ്ടും കോഴിക്കോട് ഡി.എം.ഒ ആയി ചുമതലയേറ്റു. അവധിയിൽ ആയിരുന്ന ഡോക്ടർ ആശാദേവി ഡി.എം.ഒ ഓഫീസിൽ എത്തിയതോടെ ഓഫീസിൽ രണ്ടു ഡി.എം.ഒ എന്ന സ്ഥിതിയായി. എന്നാല്‍ ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രജേന്ദ്രന്‍ സ്ഥാനത്ത് തുടര്‍ന്നത്.
മാറാന്‍ തയ്യാറല്ലെന്ന് ഡോ. രാജേന്ദ്രന്‍ നിലപാട് സ്വീകരിച്ചതോടെ കോഴിക്കോട് ഡി.എം.ഒ ഓഫീസിലെ കാബിനില്‍ രണ്ട് പേര്‍ ഒന്നിച്ചിരിക്കുന്ന സ്ഥിതിയിലേക്കെത്തി. നിയമപ്രകാരം താനാണ് ഡി.എം.ഒ എന്ന് രാജേന്ദ്രനും വിധി തനിക്ക് അനുകൂലമാണെന്ന് ആശാദേവിയും നിലപാട് എടുത്തു. കസേരകളി തുടര്‍ന്നതോടെയാണ് ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ഡോ. രാജേന്ദ്രന്‍ ഉടന്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ജോയിന്‍ ചെയ്യണമെന്നും ആശാദേവി കോഴിക്കോട് ഡി.എം.ഒ ആയി ചാര്‍ജെടുക്കണമെന്നും ഒടുവില്‍ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.