കോഴിക്കോട് പക്ഷിപ്പനി: കള്ളിങ് പ്രവർത്തനം തുടങ്ങി

കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിൽ പക്ഷികളെ കൊന്നൊടുക്കുന്ന (കള്ളിങ്) ആംരംഭിച്ചു. ദേശീയ തലത്തിലെ പക്ഷിപ്പനി പ്രോട്ടോകോളിന്റെ ഭാഗമായി രോഗം കണ്ടെത്തിയ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുന്ന പക്ഷികളെ കൊന്നൊടുക്കുന്ന കള്ളിങ്ങാണ് ശനിയാഴ്ച തുടങ്ങിയത്. മൃഗസംരക്ഷണ വകുപ്പും ജില്ല ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായാണ് കള്ളിങ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

14,228 വളർത്തു പക്ഷികളെയാണ് നശിപ്പിക്കുന്നത്. ഇതിനായി 20 സംഘങ്ങളെ നിയോഗിച്ചതായി ചീഫ് വെറ്ററിനറി ഓഫിസർ സിബി കെ. ചാക്കോ പറഞ്ഞു. നിലവിൽ രോഗം സ്ഥിരീകരിച്ച ഒളവണ്ണ പഞ്ചായത്തിലെ വാർഡ് ആറ്, കക്കോടി പഞ്ചായത്തിലെ വാർഡ് നാല്. പനങ്ങാട് പഞ്ചായത്തിലെ വാർഡ് 15, പെരുമണ്ണ പഞ്ചായത്തിലെ വാർഡ് 15, കോർപറേഷൻ പരിധിയിലെ വാർഡ് 44, നല്ലളം എന്നിവിടങ്ങളിൽ നാലുവീതം ആർ.ആർ.ടി ടീമുകളാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായിട്ടുള്ളത്.

കള്ളങ്ങിൽ ഉൾപ്പെടാത്ത പക്ഷികളെ കണ്ടെത്തി കൊല്ലുന്ന മോപ്പിങ്, ഉടമസ്ഥർ ഒളിപ്പിച്ചതും മറ്റിടങ്ങളിലേക്ക് മാറ്റിയതുമായ പക്ഷികൾ ഉണ്ടെങ്കിൽ അവയെ കണ്ടുപിടിച്ച് നശിപ്പിക്കുന്ന കോംബിങ് പ്രതിരോധ പ്രവർത്തനവും നടപ്പാക്കും. ജില്ലയിൽ പക്ഷികൾ കൂട്ടത്തോടെ ചത്തതിന്റെ അടിസ്ഥാനത്തിൽ ഭോപാൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ അയച്ച അഞ്ചു സാംമ്പിളിലാണ് ഹൈ പത്തോജനിക് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.

നിലവിൽ പക്ഷികളിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളിവിലുള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന പക്ഷികൾ, അവയുടെ മുട്ടകൾ, ഇറച്ചി, കാഷ്ഠം, ഫ്രോസൺ മീറ്റ്, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും ഇനി ഒരു അറിയിപ്പുണ്ടാക്കുന്നത് വരെ കലക്ടർ നിരോധിച്ചു.

അതേസമയം, പക്ഷിപ്പനിയിൽ ഭീതി വേണ്ടെന്നും ജാഗ്രത ഉറപ്പാക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ശരിയായ രീതിയിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതിൽ ഭീതി വേണ്ട. പാതിവെന്ത ഭക്ഷണങ്ങൾ ഒഴിവാക്കണം. കൈയുറയും മുഖാവരണങ്ങളും വ്യക്തി ശുചിത്വ മാർഗങ്ങളും രോഗവ്യാപനത്തെ തടയും. രോഗബാധയേറ്റ പക്ഷികളെ പരിപാലിക്കുന്നവർ, വളർത്തുപക്ഷികളെ കൈകാര്യം ചെയ്യുന്നവർ, പാചകക്കാർ, വെറ്ററിനറി ഡോക്ടർമാർ, ജീവനക്കാർ എന്നിവർ പ്രതിരോധ നടപടികൾ സ്വീകരിക്കണം. പൊതുജനങ്ങളുടെ സംശയ നിവാരണത്തിന് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഫോൺ: 0495-2762050.

Tags:    
News Summary - Kozhikode bird flu: Culling operations begin on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.