എം.കെ. രാഘവൻ എം.പി
കോഴിക്കോട്: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തിന്‍റെ ഭാഗമായി പ്രഖ്യാപിക്കുന്ന ഹീൽ ഇൻ ഇന്ത്യ പദ്ധതിയിൽ കോഴിക്കോട് വിമാനത്താവളത്തെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യമന്ത്രിക്കും എം.കെ. രാഘവൻ എം.പി നിവേദനം നൽകി. മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ മെഡിക്കൽ ടൂറിസം ഹബ് ആക്കി മാറ്റുന്ന പദ്ധതിയിലെ പ്രധാന സ്കീമുകളാണ് ഹീൽ ബൈ ഇന്ത്യയും ഹീൽ ഇൻ ഇന്ത്യയും. മെഡിക്കൽ പ്രഫഷനലുകളെ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന പദ്ധതിയാണ് ഹീൽ ബൈ ഇന്ത്യ. മെഡിക്കൽ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നതാണ് ഹീൽ ഇൻ ഇന്ത്യ പദ്ധതി.
രാജ്യത്തെ പത്ത് വിമാനത്താവളങ്ങളെ ഹീൽ ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിമാനത്താവളങ്ങളിൽ ചികിത്സാവശ്യാർഥം വിദേശത്തുനിന്നെത്തുന്നവർക്ക് വിസ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതടക്കം ബഹുഭാഷ കൈകാര്യം ചെയ്യുന്ന ആളുകളുടെ സാന്നിധ്യത്തിൽ വിവിധ സഹായ സൗകര്യങ്ങൾ ലഭ്യമാകും.
കോട്ടക്കൽ ആര്യ വൈദ്യശാല, കോഴിക്കോട് മെഡിക്കൽ കോളജ്, പുതുതായി ആരംഭിക്കുന്ന ആഗോള നിലവാരമുള്ള തുലാ വെൽനസ് ക്ലിനിക്കൽ റിസോർട്ട്, വരാനിരിക്കുന്ന കിനാലൂർ എയിംസ്, ഉന്നത നിലവാരമുള്ള ചികിത്സ ലഭ്യമാക്കുന്ന കോഴിക്കോട്ടെ വിവിധ സ്വകാര്യ ഹോസ്പിറ്റലുകൾ തുടങ്ങി വിദേശികൾ ചികിത്സ തേടിയെത്തുന്ന നിരവധി മെഡിക്കൽ സ്ഥാപനങ്ങളുടെയും മെഡിക്കൽ ടൂറിസത്തിന്റെയും ഹബ് ആയി മാറിക്കൊണ്ടിരിക്കുന്ന മലബാറിന് ഈ മേഖലയിൽ ഊർജം പകരാൻ കോഴിക്കോട് വിമാനത്താവളത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു.
കോവിഡ് കാലത്ത് ചാർട്ടേഡ് വിമാനങ്ങളിൽ വിവിധ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മെഡിക്കൽ പ്രഫഷനലുകളെ കോഴിക്കോട് നിന്നും വിവിധ ജി.സി.സി രാഷ്ട്രങ്ങളിലേക്ക് അയച്ചതടക്കം മെഡിക്കൽ ടൂറിസം രംഗത്തെ മലബാറിന്‍റെ വളർന്നുവരുന്ന സാധ്യതകളെ മുൻനിർത്തി പദ്ധതിയിൽ കോഴിക്കോടിനെ ഉൾപ്പെടുത്തേണ്ടതിന്‍റെ അനിവാര്യതയും എം.പി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.