കോഴിക്കോട്: നിപ വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളെ ചികിത്സിക്കുന്നതിന് കടുത്ത നിയന്ത്രണം. സർജറി, ഗൈനക്കോളജി തുടങ്ങിയ വാർഡുകളിൽനിന്ന് നിരവധിപേരെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്തു.
അസുഖം ഭേദമാവാത്തവരും ഇക്കൂട്ടത്തിലുണ്ട്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രം കോളജിൽ അഡ്മിറ്റ് ചെയ്താൽ മതിയെന്നും അല്ലാത്തവ വാർഡുകളിൽനിന്നും ഡിസ്ചാർജ് െചയ്യേണ്ടതാണെന്നും ചൂണ്ടിക്കാട്ടി സർക്കുലർ പുറത്തിറങ്ങി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ (ഐ.എം.സി.എച്ച്) സാധാരണ പ്രസവകേസുകൾ എടുക്കേണ്ടെന്നും സർക്കുലറിൽ പറയുന്നു. പ്രിൻസിപ്പലിെൻറ പേരിലാണ് സർക്കുലർ ഇറങ്ങിയത്. മുമ്പ് ശസ്ത്രക്രിയ തീയതി തീരുമാനിക്കപ്പെട്ട രോഗികളെ ഉടൻ ഡിസ്ചാർജ് ചെയ്യുകയോ അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കോ സാമൂഹികാരോഗ്യകേന്ദ്രത്തിേലക്കോ മാറ്റുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ട് സർജറി വകുപ്പും സർക്കുലർ ഇറക്കി. അടിയന്തര കേസുകൾ മാത്രം നിലനിർത്തിയാൽ മതിയെന്നാണ് നിർദേശം. ഡോക്ടർമാർ, ജൂനിയർ െറസിഡൻറ്, ഹൗസ് സർജൻ, സ്റ്റാഫ് നഴ്സ് തുടങ്ങിയ ജീവനക്കാർക്കൊന്നും ലീവ് അനുവദിക്കരുത്.
ചികിത്സാവശ്യാർഥമുള്ള അവധിമാത്രമേ നൽകാവൂ. പ്രോട്ടോകോൾ പ്രകാരം ജീവനക്കാരെല്ലാം ഡ്രസ്കോഡ് പാലിക്കണമെന്നും സർക്കുലറിലുണ്ട്. നിപ ഭീതി നിലനിൽക്കുന്നതിനാൽ കഴിഞ്ഞ കുറെ ദിവസങ്ങളിലായി മെഡിക്കൽ കോളജിൽ രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. കിടത്തി ചികിത്സിക്കുന്ന രോഗികളെ കൂടാതെ, ഒ.പിയിലെത്തുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സന്ദർശകരുടെയും എണ്ണം ഗണ്യമായി കുറഞ്ഞു. മിക്ക വാർഡുകളും ഒഴിഞ്ഞുകിടക്കുകയാണ്. ഇതിനുപിന്നാലെയാണ് രോഗികളെ ആശുപത്രി അധികൃതർ തന്നെ പറഞ്ഞുവിടുന്ന സാഹചര്യമുള്ളത്. വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം 302 ആണ്. 1322 പേരായിരുന്നു ഈ ദിവസം ചികിത്സയിലുണ്ടായിരുന്നത്.
വെള്ളിയാഴ്ച മന്ത്രി ടി.പി. രാമകൃഷ്ണെൻറ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണ് നിയന്ത്രണങ്ങളെന്ന് സർക്കുലറിലുണ്ട്. അടിയന്തര േകസുകൾ പരിഗണിക്കുന്നുണ്ടെന്നും ഗുരുതരരോഗികൾക്ക് ചികിത്സ നൽകുന്നുണ്ടെന്നും സൂപ്രണ്ട് ഡോ. കെ.ജി. സജീത്ത്കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.