കോട്ടയം: തദ്ദേശപ്പോരിനുപിന്നാലെ നിയമസഭ തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചതോടെ ജില്ല തെരഞ്ഞെടുപ്പാരവത്തിലേക്ക്. സ്ഥാനാർഥി നിർണയവും സീറ്റ് വിഭജനവുമൊക്കെ സംസ്ഥാനതലത്തിലായതിനാൽ ചർച്ചകളുടെ തിരക്കുകൾ ജില്ലയിലില്ല. ജില്ല നേതൃത്വങ്ങൾ സ്ഥാനാർഥി നിർദേശങ്ങൾ സംസ്ഥാന തലത്തിലേക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ തീരുമാനത്തിനുള്ള കാത്തിരിപ്പിനിടെ യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ ചുമരെഴുതാൻ മതിലുകൾ ബുക്ക് ചെയ്തുകഴിഞ്ഞു. കോട്ടയം നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് പ്രവർത്തകർ വ്യാപകമായി ചുമരെഴുത്തിനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
കേരള കോൺഗ്രസ് എം ഇടതുപാളത്തിലെത്തിയാണ് രാഷ്ട്രീയ ചിത്രത്തിലെ കൗതുകം. കഴിഞ്ഞതവണ സംയുക്ത കേരള കോൺഗ്രസായിരുന്നെങ്കിൽ ഇക്കുറി ജോസ് കെ.മാണി ചെയർമാനായ കേരള കോൺഗ്രസ് എം ഇടതുമുന്നണിക്കൊപ്പവും പി.ജെ. ജോസഫ് വിഭാഗം യു.ഡി.എഫിലുമാണ്. ഇരുകൂട്ടർക്കും മുന്നണികൾ നൽകുന്ന സീറ്റുകളാണ് ആദ്യഘട്ടത്തിലെ ചർച്ച.
തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ചവിജയം നേടിയത് കേരള കോൺഗ്രസ് എമ്മിെൻറ വിലപേശൽ ശക്തി വർധിപ്പിച്ചിട്ടുണ്ട്. സി.പി.എമ്മും അനുകൂല നിലപാട് സ്വീകരിക്കുന്നതിനാൽ സീറ്റ് എണ്ണത്തിൽ ഇവർക്ക് നിരാശപ്പെടേണ്ടിവരില്ലെന്നാണ് സൂചനകൾ. കേരള കോൺഗ്രസ് എമ്മിെൻറ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി വിട്ടുനൽകാൻ കഴിഞ്ഞതവണ മത്സരിച്ച സി.പി.ഐ ആദ്യഘട്ടത്തിൽ വിമുഖത കാട്ടിയെങ്കിലും അയഞ്ഞിട്ടുണ്ട്. കാഞ്ഞിരപ്പള്ളിക്ക് പകരം മറ്റൊരു സീറ്റ് എന്ന നിലപാടിലേക്ക് മാറി. ചങ്ങനാശ്ശേരി, പൂഞ്ഞാർ സീറ്റുകളിലൊന്നാണ് സി.പി.ഐ ലക്ഷ്യംവെക്കുന്നത്. എന്നാൽ, പകരം സീറ്റ് നൽകേണ്ടെന്നാണ് സി.പി.എമ്മിലെ പൊതുധാരണ. സി.പി.ഐ കടുപ്പിച്ചാൽ കോട്ടയം നൽകാമെന്ന ചർച്ചയും സി.പി.എം നേതാക്കൾക്കിടയിലുണ്ട്.
ആദ്യഘട്ട കോൺഗ്രസ്-കേരള കോൺഗ്രസ് ജോസഫ് സീറ്റ് വിഭജന ചർച്ചയിൽ ധാരണയാവാത്തതിനാൽ ജില്ലയിലെ യു.ഡി.എഫ് ചിത്രം വ്യക്തമായിട്ടില്ല. കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച ആറു സീറ്റുകളിൽ പാലാ ഒഴികയുള്ളവയെല്ലാം വേണമെന്നാണ് ജോസഫ് വിഭാഗത്തിെൻറ ആവശ്യം. രണ്ടിൽ കൂടുതൽ നൽകാനാവില്ലെന്നാണ് കോൺഗ്രസ് നിലപാട്. പി.ജെ. ജോസഫിന് കോവിഡായതിനാൽ വെള്ളിയാഴ്ച നടക്കേണ്ട ചർച്ച മാറ്റി. ജോസഫ് വിഭാഗത്തിെൻറ സിറ്റിങ് സീറ്റുകളായ ചങ്ങനാശ്ശേരി, കടുത്തുരുത്തി എന്നിവക്ക് പുറമേ പൂഞ്ഞാർകൂടി നൽകാനാണ് കോൺഗ്രസിലെ ആലോചന. പി.സി. ജോർജിനെ യു.ഡി.എഫ് സ്വതന്ത്രനായി പൂഞ്ഞാറിൽ മത്സരിപ്പിക്കുന്നത് കോൺഗ്രസിെൻറ പരിഗണനയിലുണ്ടായിരുന്നെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
എൽ.ഡി.എഫിനൊപ്പമുള്ള ജനാധിപത്യ കേരള കോൺഗ്രസ് കഴിഞ്ഞതവണ രണ്ടുസീറ്റിലാണ് മത്സരിച്ചത്. ഇത്തവണ സീറ്റ് ലഭിക്കുമോയെന്നതാണ് ആകാംക്ഷ. പൂഞ്ഞാർ നഷ്ടമാകുമെന്ന് ഉറപ്പിക്കുന്ന ഇവർ ചങ്ങനാശ്ശേരി ലക്ഷ്യമിട്ടുള്ള നീക്കങ്ങളിലാണ്. ആദ്യഘട്ട എൽ.ഡി.എഫ് സീറ്റ് വിഭജന ചർച്ചയിൽ പൂഞ്ഞാർ, ചങ്ങനാശ്ശേരി സീറ്റുകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉറപ്പൊന്നും ലഭിച്ചിട്ടില്ല. പാർട്ടി ചെയർമാനായിരുന്ന ഫ്രാൻസിസ് ജോർജിെൻറ നേതൃത്വത്തിൽ ഒരുവിഭാഗം ജോസഫ് ഗ്രൂപ്പിൽ ലയിച്ചത് കണക്കിലെടുത്തുവേണം ആവശ്യങ്ങളെന്ന മുന്നറിയിപ്പും സി.പി.എം ഇവർക്ക് നൽകുന്നുണ്ട്. കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം കഴിഞ്ഞതവണ ജില്ലയിൽ ഒരു സീറ്റിൽ മത്സരിച്ചിരുന്നു. ഇത്തവണ സീറ്റ് ലഭിക്കിെല്ലന്ന് ഉറപ്പായിട്ടുണ്ട്.
സീറ്റ് ചർച്ചകൾക്കിടയിൽ ബി.ജെ.പി ഉറ്റുനോക്കുന്നത് പി.സി. ജോർജ് ഒപ്പമെത്തുമോയെന്നാണ്. പൂഞ്ഞാറിന് പുറമേ, മറ്റൊരുസീറ്റുകൂടി ജോർജിന് ബി.ജെ.പി വാഗ്ദാനമുണ്ട്. എന്നാൽ, ജോർജ് മറുപടി നൽകിയിട്ടില്ല. യു.ഡി.എഫിൽ ഇടംകിട്ടുന്നില്ലെങ്കിൽ എൻ.ഡി.എയിൽ ചേക്കേറാനാണ് ജോർജിെൻറ തീരുമാനം. അടുത്ത യു.ഡി.എഫ് യോഗംവരെ കാത്തിരിക്കുമെന്ന് പി.സി. ജോർജ് പറഞ്ഞു.
കഴിഞ്ഞതവണ ബി.ഡി.ജെ.എസ് മൂന്നു സീറ്റുകളിലാണ് മത്സരിച്ചത്. ഇതിൽ ചിലതിൽ വെച്ചുമാറ്റണമെന്ന ആഗ്രഹം ബി.ജെ.പിക്കുണ്ട്. ഏറ്റുമാനൂരും വൈക്കവും ഏറ്റെടുക്കാനാണ് ബി.ജെ.പി ശ്രമം. വീണ്ടും മുന്നണിയിൽ സജീവമായ പി.സി. തോമസിനായി പാലാ വിട്ടുകൊടുക്കുന്നതും ചർച്ചയാണ്.
കേരള കോൺഗ്രസ് എം ഇടതുപാളയത്തിലേക്ക് മാറിയതിനു പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയർന്ന പ്രധാന ചർച്ചയായിരുന്നു കോട്ടയത്ത് കൂടുതൽ സീറ്റുകളിൽ േകാൺഗ്രസ് മത്സരിക്കുമോയെന്ന ചോദ്യം.
കോൺഗ്രസ് കേന്ദ്രങ്ങളെല്ലാം കൂടുതൽ സീറ്റുകളിൽ മത്സരിക്കുമെന്ന സൂചനയാണ് നൽകുന്നത്. ഇത്തവണ ജില്ലയിൽ കൂടുതൽ സീറ്റ് ലഭിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ജോസഫ് വിഭാഗം വിട്ടുവീഴ്ചകൾക്ക് തയാറാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞതവണ മത്സരിച്ച മൂന്ന് സീറ്റുകൾക്ക് പുറമെ രണ്ട് എണ്ണത്തിൽ കൂടി കോൺഗ്രസ് മത്സരിച്ചേക്കും.
കോട്ടയം, പുതുപ്പള്ളി, വൈക്കം എന്നീ സീറ്റുകളാണ് കോൺഗ്രസ് കഴിഞ്ഞതവണ മത്സരിച്ചത്. ഇത്തവണ കാഞ്ഞിരപ്പള്ളി. ഏറ്റുമാനൂർ സീറ്റുകളും കൂടിയാണ് ലക്ഷ്യമിടുന്നത്. മുൻ മന്ത്രി കെ.സി. ജോസഫിനായി ചങ്ങനാശ്ശേരിയും ആവശ്യപ്പെടുന്നുണ്ട്.
കെ.സി. ജോസഫ് ചങ്ങനാശ്ശേരി ലഭിച്ചില്ലെങ്കിൽ ഏറ്റുമാനൂരിൽ മത്സരിച്ചേക്കും. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് കാഞ്ഞിരപ്പള്ളിയിലോ ഏറ്റുമാനൂരോ മത്സരിച്ചേക്കും. വൈക്കത്ത് സി.കെ. ആശക്കെതിരെ പി.ആർ. സോന സ്ഥാനാർഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.