ചവിട്ടേറ്റ് മരിച്ച ശ്യാം പ്രസാദ് പൊലീസിലെത്തിയിട്ട് വെറും നാലുവർഷം. ഡ്യൂട്ടി കഴിഞ്ഞെത്തുന്ന അച്ഛനെ കാത്തിരുന്ന കുടുംബം അറിഞ്ഞത് വിയോഗവാർത്ത. കൂടി നിന്നവർക്കൊന്നും കുടുംബത്തെ ആശ്വസിപ്പിക്കാൻ കഴിഞ്ഞില്ല. നാലുവർഷം മുമ്പാണ് ശ്യാം പൊലീസിന്റെ ഭാഗമാകുന്നത്. മുൻപ് ഓട്ടോ ഡ്രൈവറായിരുന്നു. ഇപ്പോഴും ഓട്ടോയുണ്ട്. മക്കളെ സ്കൂളിൽ കൊണ്ടുവിടുന്നത് ഓട്ടോയിലാണ്. നിലവിൽ കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാറിന്റെ ഡ്രൈവറായിരുന്നു. സൗമ്യനും ശാന്തനുമായിരുന്നു ശ്യാം പ്രസാദെന്ന് നാട് ഒന്നാകെ പറയുന്നു.
കുടമാളൂർ പള്ളിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ക്രിമിനൽ കേസ് പ്രതിയുടെ ക്രൂരമർദനത്തിനിരയായി ശ്യാമിന്റെ ദാരുണ മരണം. ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ശ്യാം മാഞ്ഞൂരിലെ സാധാരണ കുടുംബത്തിലെ അംഗമാണ്. ഭാര്യ അമ്പിളി മാഞ്ഞൂരിലെതന്നെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയാണ്. കോതനെല്ലൂർ ഇമ്മാനുവേൽ എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ശ്രീലക്ഷ്മിയാണ് മൂത്ത മകൾ. ഇതേ സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ് മകനായ ശ്രീഹരി. മാഞ്ഞൂർ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് ഇളയമകൾ സേതുലക്ഷ്മി.
തിങ്കളാഴ്ച വൈകീട്ട് 7.30ഓടെ മൃതദേഹം നൂറുകണക്കിനുപേരുടെ സാന്നിധ്യത്തിൽ കുറുപ്പന്തറ മാഞ്ഞൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നേരത്തേ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം പൊലീസ് ക്ലബിൽ പൊതുദർശനത്തിന് വെച്ചിരുന്നു. സഹപ്രവർത്തകരടക്കം നൂറുകണക്കിനുപേർ അന്തിമോപചാരം അർപ്പിച്ചു.
‘സാറേ ഞാന്‍ നാളെ റെസ്റ്റായിരിക്കുമേ?’
കോട്ടയം: ഒന്നരവർഷമായി ഒപ്പമുണ്ടായിരുന്ന ശ്യാമിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിൽ കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. കെ.ആര്. പ്രശാന്ത് കുമാര്‍. കുടമാളൂര്‍ പള്ളിയിലെ ഡ്യൂട്ടി കഴിഞ്ഞ് 10.30ഓടെയാണ് എസ്.എച്ച്.ഒയെ ശ്യാംപ്രസാദ് സ്റ്റേഷനിലെത്തിക്കുന്നത്. യാത്ര പറഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം.
‘സാറേ ഞാന്‍ നാളെ റെസ്റ്റായിരിക്കുമേ?’ എന്നു പറഞ്ഞാണ് ശ്യാം പോയതെന്നും അദ്ദേഹം ഓർത്തെടുക്കുന്നു. ഡ്രൈവര്‍ എന്നതിനേക്കാള്‍ സഹോദരനെപ്പോലെയായിരുന്നു ശ്യാം തനിക്കെന്ന് എസ്.എച്ച്.ഒ പറഞ്ഞു.
തട്ടുകടയിൽ സംഘർഷം
ഏറ്റുമാനൂർ (കോട്ടയം): തട്ടുകടയിലെ സംഘർഷത്തിൽ ഇടപെട്ട പൊലീസ് ഡ്രൈവറെ ക്രിമിനൽ കേസ് പ്രതി ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ മാഞ്ഞൂര്‍ തട്ടാംപറമ്പില്‍ (ചിറയില്‍) ശ്യാംപ്രസാദാണ് (44) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട കോട്ടയം പെരുമ്പായിക്കാട് ആനിക്കല്‍ ജിബിന്‍ ജോർജിനെ (27) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച അര്‍ധരാത്രി എം.സി റോഡില്‍ കോട്ടയം തെള്ളകത്തെ ബാര്‍ ഹോട്ടലിന് സമീപത്തെ തട്ടുകടയിലായിരുന്നു ആക്രമണം. ഇവിടെ അടുത്തടുത്തുള്ള രണ്ട് തട്ടുകട ഉടമകള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിലൊന്ന് സാലിയെന്ന സ്ത്രീ നടത്തുന്നതാണ്. അർധരാത്രി മറ്റ് രണ്ടുപേർക്കൊപ്പം ബൈക്കിലെത്തിയ ജിബിന്‍ ജോർജ് സാലിയെ ഭീഷണിപ്പെടുത്തി. ഇതിനിടെ, കുടമാളൂര്‍ പള്ളിയിലെ പെരുന്നാൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ശ്യാംപ്രസാദ് കടയിൽ കയറി.
ശ്യാമിനെ പരിചയമുള്ള കടയുടമ സാലി, പൊലീസ് എത്തിയെന്നും പ്രശ്നമുണ്ടാക്കിയാല്‍ ഏറ്റുമാനൂരിൽനിന്ന് കൂടുതൽ പൊലീസുകാർ വരുമെന്നും പറഞ്ഞു. ഇതിൽ പ്രകോപിതനായ ജിബിന്‍ കടയുടമയെയും സഹോദരനെയും മർദിച്ചു. ഇത് തടയാനെത്തിയ ശ്യാംപ്രസാദിനെ തള്ളിവീഴ്ത്തിയശേഷം നെഞ്ചില്‍ ആവര്‍ത്തിച്ച് ചവിട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതേസമയത്ത് കുമരകം എസ്.എച്ച്.ഒ കെ.എസ്. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇതോടെ ജിബിന്‍ ഓടിയെങ്കിലും പൊലീസ് പിന്തുടർന്ന് കീഴ്പ്പെടുത്തി. തുടര്‍ന്ന് ശ്യാമിനെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വാഹനത്തില്‍ കയറുംമുമ്പ് സംസാരിച്ചിരുന്ന ശ്യാം ആശുപത്രിയിലെത്തുംമുമ്പ് വാഹനത്തിൽ കുഴഞ്ഞുവീണു. തുടര്‍ന്ന് തീവ്രപരിചരണം നല്‍കിയെങ്കിലും തിങ്കളാഴ്ച പുലർച്ച മൂന്നോടെ മരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫിസറുടെ ഡ്രൈവറായിരുന്ന ശ്യാം പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ജാനകിയുടെയും മകനാണ്. ഭാര്യ അമ്പിളി, മാഞ്ഞൂരിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയാണ്. മക്കള്‍: ശ്രീലക്ഷ്മി, ശ്രീഹരി (ഇമ്മാനുവല്‍ എച്ച്.എസ്, കോതനല്ലൂര്‍), സേതുലക്ഷ്മി (എല്‍.പി.എസ്, മാഞ്ഞൂര്‍). തിങ്കളാഴ്ച രാത്രി 7.30ഓടെ കുറുപ്പന്തറ മാഞ്ഞൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. പ്രതി ജിബിൻ ജോർജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.