കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പിൽ സെക്രട്ടറിയടക്കം നാല് ജീവനക്കാർക്ക് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. ഇവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ശിപാർശ. സെക്രട്ടറി ബി. അനിൽകുമാർ, പി.എ.ടു സെക്രട്ടറി ഫില്ലിസ് ഫെലിക്സ്, സൂപ്രണ്ട് എസ്.കെ. ശ്യം, അക്കൗണ്ടന്റ് സീനീയർ ക്ലർക്ക് വി.ജി. സന്തോഷ് കുമാർ എന്നിവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ നിർദേശിച്ചിരിക്കുന്നത്.
പെൻഷൻ വിതരണത്തിൽ തിരിമറിനടത്തി കോട്ടയം നഗരസഭയിലെ മുൻ ക്ലർക്ക് അഖിൽ സി. വർഗീസ് 2.39 കോടി തട്ടിയെടുത്ത സംഭവത്തിൽ തദ്ദേശ ജോയന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് പുറത്തുവന്നത്. നഗരസഭയിലെത്തി പരിശോധന നടത്തിയശേഷം 2024 ആഗസ്റ്റിലാണ് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഇവർ റിപ്പോർട്ട് കൈമാറിയത്.
നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 211 കോടി കാണാതായെന്ന പുതിയ വിവാദത്തിനിടെയാണ് പെൻഷൻ തട്ടിപ്പിലെ ഉദ്യോഗസ്ഥ വീഴ്ചകൾ പുറത്തുവരുന്നത്.
തട്ടിപ്പ് നടത്തിയ മുൻ ക്ലർക്ക് അഖിൽ കൈകാര്യം ചെയ്ത ഫയലുകൾ ജൂനിയർ സൂപ്രണ്ടോ അക്കൗണ്ടന്റോ പരിശോധിച്ചില്ല. ഇവർ നോക്കിയിരുന്നെങ്കിൽ ക്രമക്കേട് കണ്ടെത്താമായിരുന്നു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ വ്യക്തിപരമായി പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് തുകക്കുള്ള ചെക്ക് ട്രഷറിയിലേക്ക് നൽകുന്നതിനൊപ്പം സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, അക്കൗണ്ടുകൾ പരിശോധിക്കാതെയാണ് സാക്ഷ്യപത്രം നൽകിയത്. സംഭവത്തിൽ സെക്രട്ടറി, പി.എ.ടു സെക്രട്ടറി, സൂപ്രണ്ട്, അക്കൗണ്ടന്റ് എന്നിവർക്ക് വ്യക്തിപരമായി ഉത്തരവാദിത്വമുണ്ട്. മേൽനോട്ടത്തിലും വീഴ്ചയുണ്ടായി- റിപ്പോർട്ടിൽ പറയുന്നു.
സർവിസ് പെൻഷൻ- കുടുംബപെൻഷൻ നൽകുന്നവരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ രജിസ്റ്റർ നഗരസഭയിലില്ല. മുൻമാസത്തെ ഗുണഭോക്താക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ എക്സൽ ഷീറ്റിൽ ഭേദഗതി വരുത്തി ചെക്കിനൊപ്പം ബാങ്കിൽ നൽകുകയാണ് രീതി. ഇത് വീഴ്ചയാണ്. അന്വേഷണസമിതിക്ക് പരിശോധനക്കായി പല രേഖകളും നൽകിയിട്ടില്ലെന്നും ഒരു ജീവനക്കാരി മാത്രമാണ് വിശദീകരണം നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സമാനരീതിയിൽ മറ്റ് ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ പരിശോധനക്കും ശിപാർശയുണ്ട്.
അതേസമയം, പെൻഷൻ തട്ടിപ്പ് അഞ്ചുമാസം കഴിഞ്ഞിട്ടും പ്രതിയായ മുൻ ക്ലർക്ക് അഖിൽ സി. വർഗീസിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അടുത്തിടെ കേസ് അന്വേഷണം വിജിലൻസിന് കൈമാറിയിരുന്നു.
സംഭവം പുറത്തുവന്നതിനു പിന്നാലെ ഫില്ലിസ് ഫെലിക്സ്, എസ്.കെ. ശ്യാം, വി.ജി. സന്തോഷ് കുമാർ, പബ്ലിക് ഹെൽത്ത് നഴ്സ് കെ.ജി. ബിന്ദു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. തട്ടിപ്പുവിവരം പുറത്തറിഞ്ഞപ്പോൾത്തന്നെ മുൻ ക്ലർക്ക് അഖിൽ സി. വർഗീസിനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഇടത് സർവിസ് സംഘടനയുടെ ഭാഗമായ സെക്രട്ടറി അനിൽകുമാറിനെതിരെ നടപടിയുണ്ടായില്ല. അദ്ദേഹത്തെ സർക്കാർ സംരക്ഷിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.