വൈദ്യുതി നിയന്ത്രണം തുടരും; ആണവോർജ കോർപറേഷനുമായി ഇന്ന് ചർച്ച
തിരുവനന്തപുരം: രൂക്ഷ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ വൈദ്യുതി കേരളത്തിന് ലഭ്യമാക്കാൻ ദേശീയ ആണവോർജ കോർറേഷൻ ചെയർമാനുമായി കെ.എസ്.ഇ.ബി ചെയർമാൻ ഡോ. എം.ജി. രാജമാണിക്യം വ്യാഴാഴ്ച മുംബൈയിൽ ചർച്ച നടത്തും. കോർപറേഷന്റെ ഒഡിഷ പ്ലാന്റിൽനിന്ന് 150 മെഗാവാട്ട് വീതം ഡിസംബർ 31 വരെ അനുവദിച്ചിരുന്നു.
അൺ അലോക്കേറ്റഡ് വിഹിതത്തിൽനിന്നാണ് യൂനിറ്റിന് 4.65 രൂപക്ക് വൈദ്യതി നൽകിയത്. കോർപറേഷന്റെ വിവിധ പദ്ധതികളിൽ 85 ശതമാനം വിഹിതം വിവിധ സംസ്ഥാനങ്ങൾക്ക് അനുവദിച്ചതാണ്. ബാക്കി 15 ശതമാനമാണ് അൺഅലോക്കേറ്റഡ് വിഹിതം. കേരളത്തിലെ അതിരൂക്ഷ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഇതിൽനിന്ന് കൂടുതൽ വൈദ്യുതി അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുക.
കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഇടപെട്ട് 250 മെഗാവാട്ട് വൈദ്യുതി കേരളത്തിന് നൽകാൻ ഹിമാചൽ സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ യൂനിറ്റിന് 13.50 രൂപയാണ് വില. സംസ്ഥാനത്തിന് വൈദ്യുതി വാങ്ങാൻ റെഗലേറ്ററി കമീഷൻ യൂനിറ്റിന് പത്ത് രൂപ എന്ന പരിധി വെച്ചിട്ടുണ്ട്. 80 മെഗാവാട്ട് വൈദ്യുതിയാണ് വൈകുന്നേരത്തെ പീക്ക് സമയത്ത് നൽകുക. ബാക്കി 130 മെഗാവാട്ട് പകൽ സമയത്താണ് നൽകാമെന്നാണ് പറയുന്നത്.
പകൽ ഇത്ര ഉയർന്ന വില വരുന്ന അധിക വൈദ്യുതിയുടെ ആവശ്യം കേരളത്തിനില്ല. ഈ സാഹചര്യത്തിൽ വില കുറക്കണമെന്നും പീക്ക് സമയത്ത് കൂടുതൽ വൈദ്യുതി നൽകണമെന്നും ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി ഹിമാചൽ പ്രദേശ് സർക്കാറിന് മെയിൽ അയച്ചിട്ടുണ്ട്. വൈദ്യുതി നിയന്ത്രണം പരിഹരിക്കാനുള്ള ശ്രമം തുടരുകയണെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കൈമാറ്റ കരാർ പ്രകാരം മടക്കി നൽകേണ്ടതിൽ 150 മെഗാവാട്ട് ബുധനാഴ്ചയോടെ കൊടുത്തുതീരും.
ഈ വൈദ്യുതി വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് തന്നെ വിതരണം ചെയ്യാനാകുമെന്നത് ചെറിയ ആശ്വാസമാണ്. സെപ്റ്റംബർ 30ഓടെ കടം പൂർണമായി കൊടുത്തു തീർക്കാനാകും. ബുധനാഴ്ചയും സംസ്ഥാനം വൈദ്യുതി നിന്ത്രണത്തിലേക്ക് പോയി. വൈകുന്നേരം 6.15നും രാത്രി 12.45നും ഇടയിലാണ് നിയന്ത്രണം. 700 മുതൽ 900 മെഗാവാട്ടിന്റെ കുറവ് ഉണ്ടായതിനാൽ നിന്ത്രണമില്ലാതെ മാറ്റ് മാർഗമുണ്ടായില്ല.
മധ്യപ്രദേശിൽനിന്ന് കടമായി ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചില്ല. ബുധനാഴ്ച 94.08 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം. പുറത്തു നിന്ന് ടാറ്റ സ്റ്റീലിൽനിന്ന് 10 മെഗാവാട്ടും എ.സി.ബി.ഐ.എല്ലിൽനിന്ന് 15 മെഗവാട്ടും മാത്രമേ അധികമായി കിട്ടിയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.