കെ.എം. ബഷീർ വധക്കേസ് വിചാരണത്തീയതി നിശ്ചയിക്കുന്നത് മാറ്റി
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ വിചാരണ പുനരാരംഭിക്കാനുള്ള പുതിയ തീയതി നിശ്ചയിക്കുന്നത് കോടതി മാറ്റിവച്ചു.
കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ സർക്കാറിൽനിന്ന് ലഭ്യമാകാത്തതിനെ തുടർന്നാണ് തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയുടെ നടപടി. കേസിൽ പുതിയ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. ബഷീറിന്റെ ഭാര്യ സർക്കാറിനെ സമീപിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ അഡ്വ. സന്തോഷ് കുമാറിനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ തീരുമാനമായെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല. ഇതോടെ വിചാരണ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ഹൈകോടതി ഉത്തരവിടുകയായിരുന്നു. ഇതുവരെ നടന്ന വിചാരണയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും ആറ് രേഖകളും പത്ത് തൊണ്ടിമുതലുകളും കോടതി തെളിവുകളായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, വിസ്തരിച്ച സാക്ഷികളിൽ ഒരാൾ കോടതിയിൽ കൂറുമാറി. നേരത്തെ അപകടം നടന്ന കവടിയാർ - മ്യൂസിയം റോഡിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് പ്രതിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് വിചാരണ നടപടികൾ ഒരു വർഷത്തോളം തടസപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.