ആലുവ: കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ കടത്തിക്കൊണ്ടുപോയ സംഭവത്തിലെ അന്വേഷണച്ചുമതലയിൽനിന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം. ബൈജുവിനെ മാറ്റി. കലാ രാജുവിനെ സി.പി.എം ഏരിയ സെക്രട്ടറിയടക്കമുള്ളവർ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നടപടിയെടുത്തില്ലെന്ന പരാതിക്കും തുടർന്നുള്ള അന്വേഷണത്തിനും പിന്നാലെയാണ് നടപടി. ആലുവ ഡിവൈ.എസ്.പിക്കാണ് പകരം ചുമതല.
സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന ആരോപണം തുടക്കം മുതലേ ഉണ്ട്. ഇതേതുടർന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കെതിരെ അന്വേഷണത്തിന് റൂറൽ എസ്.പി വൈഭവ് സക്സേന നിർദേശം നൽകി. അഡീഷനൽ എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് അറിയുന്നത്.
അതേസമയം, മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കെതിരായ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. പുത്തൻകുരിശ് ഡിവൈ.എസ്.പിക്ക് കീഴിലാണ് കൂത്താട്ടുകുളം. അവിടത്തെ ഡിവൈ.എസ്.പി അവധിയിലായതിനാൽ മൂവാറ്റുപുഴ ഡിവൈ.എസ്.പിക്കായിരുന്നു ചുമതല. ഈ ചുമതല ഇപ്പോൾ ആലുവ ഡിവൈ.എസ്.പിക്കാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിന്റെ ഭാഗമായാണ് കേസ് ആലുവ ഡിവൈ.എസ്.പി അന്വേഷിക്കുന്നതെന്നാണ് പൊലീസ് വാദം. അന്വേഷണച്ചുമതല ആലുവ ഡിവൈ.എസ്.പിക്ക് നൽകിയതിനെത്തുടർന്ന് കലാ രാജുവിന്റെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്തിയേക്കും. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. നഗരസഭയിൽ അവിശ്വാസപ്രമേയ അവതരണ നീക്കത്തിനിടെയാണ് തട്ടിക്കൊണ്ടുപോകൽ. യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയെത്ത തുടർന്ന് എൽ.ഡി.എഫ് കൗൺസിലറായ കലാ രാജുവിനെ സി.പി.എം പ്രവർത്തകർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. മണിക്കൂറുകൾക്കുശേഷം സി.പി.എം ഓഫിസിൽനിന്നാണ് ഇവർ പുറത്തുവന്നത്.
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലറെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കോടതിയലക്ഷ്യമില്ലെന്ന് ഹൈകോടതി. ശനിയാഴ്ചയാണ് സി.പി.എം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. നഗരസഭക്ക് പുറത്താണ് സംഭവം. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന ദിവസം പൊലീസ് സംരക്ഷണം നൽകണമെന്ന ഉത്തരവിന്റെ ലംഘനമാകില്ലെന്നും ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി.
തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിയമനടപടിയാണ് സ്വീകരിക്കേണ്ടത്. പൊലീസ് സംരക്ഷണം തേടി ഹരജി നൽകിയ പ്രതിപക്ഷ കൗൺസിലർ പ്രിൻസ് പോൾ ജോൺ വിഷയം ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് കോടതിയുടെ പ്രതികരണം. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നിശ്ചയിച്ച ശനിയാഴ്ച ക്രമസമാധാനം ഉറപ്പാക്കണമെന്ന് പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവ് പാലിച്ചില്ലെന്നാണ് ഹരജിക്കാരന്റെ വാദം. എന്നാൽ, നഗരസഭക്ക് പുറത്തുനടന്ന സംഭവങ്ങളുടെ പേരിൽ കോടതി ഉത്തരവ് ലംഘിച്ചതായി കണക്കാക്കാനാവില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.