കൊച്ചി: കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ വിവാദത്തിൽ പാർട്ടി കൗൺസിലറായ കലാ രാജുവിന് മറുപടിയുമായി സി.പിഎം. കലാ രാജു പറയുന്ന കാര്യങ്ങൾ പരസ്പര വിരുദ്ധമാണെന്ന് കൂത്താട്ടുകുളം ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. പാർട്ടി പ്രവർത്തകർ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെങ്കിൽ എന്തുകൊണ്ട് അന്നുതന്നെ പൊലീസിനോട് അക്കാര്യം പറഞ്ഞില്ല? സംഭവ ദിവസം കലാ രാജു പൂർണ ആരോഗ്യവതിയായിരുന്നുവെന്നും ഇപ്പോൾ അനാരോഗ്യത്തിൽ പ്രത്യക്ഷപ്പെടുന്നത് ദുരൂഹമെന്നുമാണ് വിമർശനം.
ഒരു പരിചയവും ഇല്ലാത്ത കലാ രാജുവിനെ മൂവാറ്റുപുഴ എം.എൽ.എ ആശുപത്രിയിൽനിന്ന് സ്വന്തം കാറിൽ തട്ടിക്കൊണ്ട് പോയെന്നും ഇന്ദിരാഗാന്ധി ആശുപത്രിയിൽ കലാ രാജുവിനെ ശുശ്രൂഷിക്കുന്നത് കുഴൽനാടന്റെ ക്രിമിനലുകളാണെന്നും സി.പി.എം നേതൃത്വം വിമർശിക്കുന്നു. കലാ രാജുവിന്റെ രഹസ്യമൊഴി കിട്ടിയശേഷം കേസിൽ തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കലക്ക് ചൊവ്വാഴ്ച അനാരോഗ്യത്തെതുടർന്ന് മൊഴി നൽകാനായിരുന്നില്ല.
അതേസമയം, കലാ രാജുവിനെ മർദിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ നാല് സി.പി.എം പ്രവർത്തകരെ മൂവാറ്റുപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കിഴകൊമ്പ് ചെള്ളയ്ക്കപ്പടി അരുൺ വി. മോഹൻ (42), ഇലഞ്ഞി ആലപുരം വെള്ളാനിൽ ടോണി (34), കിഴകൊമ്പ് തുക്കുപറമ്പിൽ റിൻസ് (42), കൂത്താട്ടുകുളം വള്ളിയാങ്കുമലയിൽ സജിത്ത് (42) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ശേഷമാണ് പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്.
കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചക്ക് എടുക്കാനിരിക്കെയാണ് കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി ഉയരുന്നത്. യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന സംശയത്ത തുടർന്ന് എൽ.ഡി.എഫ് കൗൺസിലർ കലാരാജുവിനെ സി.പി.എം പ്രവർത്തകർ കടത്തിക്കൊണ്ടുപോവുകയായിരുന്നു. നഗരസഭയിലെ സി.പി.എം കൗൺസിലർ കലാ രാജുവിന്റെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.