കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകങ്ങളിൽ വെളിപ്പെടുത്തലുകളുമായി കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചി. ഷാജുവുമായുള്ള വിവാഹത്തിന് ജോളി തിടുക്കം കൂട്ടിയിരുന്നുവെന്നും സിലി മരിച്ച സമയത്ത് ജോളിയുടെ കണ്ണിൽ സന്തോഷമാണ് കാണാൻ കഴിഞ്ഞതെന്നും റെഞ്ചി പറഞ്ഞു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു റെഞ്ചി.
റോയി ജീവിച്ചിരുന്ന കാലത്ത് ഷാജുവിന് വീട്ടിൽ സ്വാധീനം ഉണ്ടായിരുന്നില്ല. എന്നാൽ, സിലിയുടെ മരണശേഷം ആഴ്ചകൾക്കുള്ളിൽ തന്നെ ഷാജു ജോളിയുടെ വീട്ടിൽ നിത്യസന്ദർശകനായി. ജോളിയും ഷാജുവും ഉടൻ വിവാഹിതരാകാൻ സാധ്യതയുണ്ടെന്ന് സിലിയുടെ സംസ്കാര ചടങ്ങിനിടെ തന്നെ താൻ സഹോദരനോട് പറഞ്ഞിരുന്നു.
ഷാജുവുമായുള്ള കല്യാണത്തിന് ശേഷമാണ് കൊലപാതകങ്ങളിൽ ജോളിയെ സംശയിച്ച് തുടങ്ങിയത്. കുടുംബത്തിലെ ഓരോരുത്തരെയായി ജോളി വെട്ടിമാറ്റി. അമ്മയെ കൊല്ലാൻ മുമ്പും ശ്രമിച്ചിരുന്നു.
ജോളിയും കൊല്ലപ്പെട്ട സിലിയും തമ്മിൽ അത്രയ്ക്കും അടുപ്പം ഉണ്ടായിരുന്നു. ജോളിയെ സിലി ഒരിക്കലും സംശയിക്കില്ലായിരുന്നു. സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയവനാണ് ഷാജു. മകനെ കേസിൽ കുടുക്കുകയാണെന്ന ഷാജുവിന്‍റെ പിതാവ് സക്കറിയയുടെ ആരോപണങ്ങൾക്ക് ഇപ്പോൾ മറുപടി നൽകുന്നില്ലെന്നും റെഞ്ചി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.