രാഷ്ട്രപതി ദ്രൗപതി മുർമു വന്നിറങ്ങിയ ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നുപോയ സംഭവത്തിൽ വിചിത്രമായ വിശദീകരണവുമായി കോന്നി എം.എൽ.എ. രാഷ്ട്രപതിയുടെ സുരക്ഷ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദേശിച്ചത്. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺക്രീറ്റ് താഴ്ന്നുപോയാൽ എന്താണ് പ്രശ്നമെന്നും ഹെലികോപ്റ്റർ മുകളിലേക്ക് ഉയർന്നല്ലേ പോകുന്നത് എന്നും എം.എൽ.എ ചോദിച്ചു.
കോപ്റ്ററിന്റെ വീൽ താഴ്ന്നുപോയിട്ടില്ല. എച്ച് മാർക്ക് ചെയ്ത സ്ഥലത്തല്ല ലാൻഡ് ചെയ്തത്. അതിനേക്കാൾ അൽപം പിറകോട്ടാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തത്. എൻ.എസ്.ജി അടക്കം പരിശോധിച്ച സ്ഥലമാണ്. വീഴ്ച ഉണ്ടായിട്ടില്ലെന്നും ജനീഷ് കുമാർ വ്യക്തമാക്കി.
പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നത്. പിന്നീട് പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കുകയായിരുന്നു. രാഷ്ട്രപതിയുടെ യാത്രക്ക് തടസ്സമൊന്നും നേരിട്ടില്ല. സുരക്ഷിതമായി തന്നെ ഇറങ്ങാൻ സാധിച്ചു. രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്.
രാഷ്ട്രപതി എത്തുന്ന ഹെലികോപ്ടർ നിലക്കലിൽ ഇറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇറക്കിയത്. കോൺക്രീറ്റ് പ്രതലം ഉറക്കാത്തതാണ് ടയർ താഴ്ന്നുപോകാനിടയാക്കിയത്.രാവിലെ 8.40ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എം.പി, കെ.യു. ജനീഷ് കുമാർ എം.എൽ.എ, പ്രമോദ് നാരായണ്‍ എം.എൽ.എ, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ല പൊലിസ് മേധാവി ആര്‍. ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.
പിന്നീട് പമ്പ ഗണപതി ക്ഷേത്രത്തിൽവെച്ച് 11.10ന് ഗൂർഖ എമർജൻസി വാഹനത്തിൽ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് പുറപ്പെടും. 11.50ന് സന്നിധാനത്ത് എത്തും. പതിനെട്ടാംപടി കയറി 12.20ന് ദർശനം നടത്തും. ദേവസ്വം ഗസ്റ്റ്ഹൗസിൽ വിശ്രമിച്ച ശേഷം മൂന്നോടെ തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങും.
ശബരിമല ദർശനമടക്കം നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലെത്തിയത്. പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകീട്ട് 6.20ന് തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.