കോഴിക്കോട് : കൊല്ലം കോർപറേഷൻ പെയ്ഡ് ഇന്റേൺഷിപ്പ് പദ്ധതിയിൽ പട്ടികജാതി- വർഗ വിഭാഗത്തിന്റെ ഫണ്ട് പൊതുവിഭാഗത്തിന് ചെലവഴിച്ചുവെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട്. സർക്കാർ മാർഗരേഖക്ക് വിരുദ്ധമായി ചെലവഴിച്ചത് 2.65 കോടി രൂപയാണ്. തദ്ദേശ വകുപ്പ് 14ാം പഞ്ചവത്സര പദ്ധതി സബ് സിഡി നസഹായം, അനുബന്ധ വിഷയങ്ങൾ സംബന്ധിച്ച മാർഗരേഖയാണ് ലംഘിച്ചത്.
പട്ടികജാതി- വർഗ /പട്ടികവർഗ വിഭാഗങ്ങളിലെ അഭ്യസ്‌തരായ യുവജനങ്ങൾക്ക് യോഗ്യതക്കനുസരിച്ച് ജോലി നേടുന്നതിനു പ്രവർത്തി പരിചയം അത്യന്താപേക്ഷിതമാണ്. അതിനാൽ ഇവരെ നഗരഭരണ സ്ഥാപനങ്ങളിലെ എൻജിനിയറിങ്. ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ പരിചയം നല്കുന്നതിന് നഗരഭരണ സ്ഥാപനങ്ങൾക്ക് പ്രോജക്റ്റുകൾ എറ്റെടുക്കാം. പരിശീലന കാലയളവിൽ രണ്ടു വർഷത്തേക്ക് എഞ്ചീനിയറിങ്- 10,000, പോളിടെക്നിക് -8,000, ഐ.ടി.ഐ-7,000, ബി.എസ്.സി നഴ്സിങ്-10,000, നഴ്സിങ് ജനറൽ-8,000 സ്റ്റൈപന്റും നൽകാനായിരുന്നു പദ്ധതി.
കൊല്ലം കോർപറേഷൻ 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ അഡിഷനൽ സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥനായി അഭ്യസ്‌തരായ ബിടെക്, പോളിടെക് നിക്, ഐ.ടി.ഐ, ബി.എസ്.സി നഴ്സിങ്, ജനറൽ നഴ്‌സിങ് പാസായ യുവജനങ്ങൾക്ക് രണ്ടു വർഷക്കാലത്തേക്ക് പെയ്‌ഡ് ഇൻറൺഷിപ്പ് മുഖേന തൊഴിൽ പരിചയം നല്കുന്നതിന് 479 പേരെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തു. വികസന ഫണ്ട് (പൊതു വിഭാഗം) വിനിയോഗിച്ചു വിവിധ പദ്ധതികൾ വനിതകൾ പുരുഷന്മാർ) ആവിഷ്‌കരിച്ചു നടപ്പിലാക്കി.
കോർപറേഷൻ ആറ് പദ്ധതികളിലുമായി പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ട ബിടെക്, പോളിടെക്നിക്, ഐ.ടി എന്നീ കോഴ്സുകൾ പാസായ 34 പേർക്കും (വനിതകൾ 23 + പുരുഷന്മാർ-11) മാർഗരേഖക്ക് വിരുദ്ധമായി പൊതു വിഭാഗത്തിൽപ്പെട്ട 200 പേർക്ക് (വനിതകൾ 126 + പുരുഷന്മാർ-74) പേർക്കും ഇന്‍റേൺഷിപ്പ് നൽകാനായി 2.09 കോടി അധികമായി ചിലവഴിച്ചു. പട്ടിക ജാതി-വർഗ വിഭാഗങ്ങളിൽപ്പെട്ട ബി.എസ്.സി നഴ്സിങ്, ജനറൽ നഴ്സിങ് പാസായവർക്ക് പകരം മാർഗരേഖക്ക് വിരുദ്ധമായി പൊതു വിഭാഗത്തിൽപ്പെട്ട 15 പേർക്ക് നൽകാനായി 12.18 ലക്ഷം ചിലവഴിച്ചു.
സർക്കാർ ഉത്തരവ് പ്രകാരം പദ്ധതിയുടെ കരട് ഗുണഭോക്താക്കളുടെ ലിസ്റ്റ് അപേക്ഷകൾ സഹിതം വാർഡ് സഭ/വാർഡ് കമ്മിറ്റിയിൽ അവതരിപ്പിച്ചു ചർച്ച ചെയ്യണം. അതിന്റെ അടിസ്ഥാനത്തിൽ അന്തിമ ഗുണഭോക്താക്കളുടെ ലിസ്റ്റ് വാർഡ് സഭ/വാർഡ് കമ്മിറ്റി അംഗീകരിക്കണം. തുടർന്ന് ഈ ലിസ്റ്റ് മുൻഗണന ക്രമം മാറ്റാതെ ഭരണ സമിതി അംഗീകാരം നൽകണം. എന്നാൽ കൊല്ലം കോർപറേഷൻ പദ്ധതികളുടെ കരട് ഗുണഭോക്താക്കളുടെ ലിസ്റ്റ് വാർഡ് സഭ/വാർഡ് കമ്മിറ്റിയിൽ അവതരിപ്പിക്കുകയോ ചർച്ചയുടെ അടിസ്ഥാനത്തിൽ അന്തിമ ഗുണഭോക്താക്കളുടെ ലിസ്റ്റ് വാർഡ് സഭ/വാർഡ് കമ്മിറ്റി അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി. മാർഗരേഖക്ക് വിരുദ്ധമായിട്ടാണ് ഫണ്ട് ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.