തെരുവു വിളക്കുകൾക്ക് മീറ്റർ ഘടിപ്പിക്കാത്തത് : കൊല്ലം നഗരസഭക്ക് നഷ്ടമായത് 91 ലക്ഷം

കോഴിക്കോട്: തെരുവു വിളക്കുകൾക്ക് മീറ്റർ ഘടിപ്പിക്കാനുള്ള കൗൺസിൽ തീരുമാനം നടപ്പിലാക്കാത്തത് കാരണം കൊല്ലം നഗരസഭക്ക് നഷ്ടമായത് 90,93,444 91 ലക്ഷം രൂപയെന്ന് എ.ജിയുടെ ( അക്കൗണ്ടന്റ് ജനറൽ) റിപ്പോർട്ട്. നഗരസഭയിലെ ഫയൽ രേഖകൾ പ്രകാരം തെരുവ് വിളക്കുകൾക്കെല്ലാം മീറ്റർ ഘടിപ്പിക്കാത്തിനാലാണ് 2023-24 ൽ മാത്രം വൈദ്യുതി ചാർജ് ഇനത്തിൽ ഭീമമായ നഷ്ടം സംഭവിച്ചത്.

മീറ്റർ ചെയ്യപ്പെടാത്ത തെരുവു വിളക്കുകൾക്കുള്ള വൈദ്യുതി ചാർജ് പ്രതിമാസം 34,57,375 രൂപയായിരുന്നു. വികസന പ്രവർത്തനങ്ങൾക്കുപയോഗിക്കേണ്ട തുക പാഴാകാതിരിക്കുന്നതിനു സംയുക്ത പരിശോധനയിലൂടെ തെരുവു വിളക്കുകളുടെ എണ്ണം നിർണയിക്കണമെന്നും ഊർജോപഭോഗം കുറക്കുന്നതിനു നിലവിലുള്ള തെരുവു വിളക്കുകൾ മാറ്റി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്ന നിലാവ് പദ്ധതി നടപ്പിലാക്കണമെന്ന് 2021 ജനുവരി 15ലെ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ സത്വര നടപടി സ്വീകരിക്കണമെന്ന് 2021ജൂൺ 26ന് മേയർ കർശന നിർദേശം നൽകി. എന്നാൽ ഇതുവരെ നടപ്പാക്കിയില്ല.

കെ.എസ്.ഇ.ബിയുടെ എക്സി. എഞ്ചിനീയർ വൈദ്യുതി മീറ്റർ സ്ഥാപിക്കേണ്ട 219 സ്ട്രീറ്റ് ലൈറ്റ് മീറ്ററുകൾക്ക് 200 മുദ്രപത്രത്തിൽ കരാർ വച്ചു പ്രത്യേകം അപേക്ഷ നല്കണമെന്ന് ആവശ്യപ്പെട്ടു. മീറ്റർ സ്ഥാപിക്കുന്നതിനു കെ.എസ്.ഇ.ബിയുമായി 2022 നവമ്പർ 21ന് കരാർ ഉറപ്പിച്ചു. ആ മാസം മുതൽ അത്രയും സ്ട്രീറ്റ് ലൈറ്റുകൾക്ക് യഥാർഥ വൈദ്യുതോപഭോഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ബിൽ നൽകണം. നഗരസഭ പരിധിയിലുള്ള തെരുവു വിളക്കുകൾക്കെല്ലാം മീറ്റർ ഘടിപ്പിക്കണമെന്നു പൊതുമരാമത്തു സ്ഥിരം സമിതി ശുപാർശ ചെയ്തതിനെത്തുടർന്ന് 663 എനർജി മീറ്റർ കൂടി ഘടിപ്പിക്കേണ്ടതിനു കെ.എസ്.ഇ.ബി 91,67,622 രൂപയുടെ എസ്റ്റിമേറ്റ് നൽകി.

അതേസമയം, 2024 മെയ് രണ്ടിലെ കൗൺസിൽ യോഗം കെ.എസ്.ഇ.ബി മുൻ കാലങ്ങളിൽ നല്കിയ ഡെപോസിറ്റ് തുക എത്രയാണെന്ന് പരിശോധിച്ച ശേഷം മാത്രം തുടർ നടപടി സ്വീകരിച്ചാൽ മതിയെന്നു തീരുമാനിച്ചു. തെരുവുവിളക്കുകൾക്കെല്ലാം മീറ്റർ ഘടിപ്പിക്കണമെന്നു 2000ൽ തന്നെ സർക്കാർ നിർദേശം നൽകിയിരുന്നു. ചെലവിൻറെ പകുതി കെ.എസ്.ഇ.ബി വഹിക്കണമെന്നും വ്യക്തമാക്കിയിരുന്നു. അതുപോലെ നിലാവ് പദ്ധതിയിൽ വൈദ്യുതി ചാർജിൽ ഉണ്ടാകുന്ന കുറവിൻറെ 11 ശതമാനം ശതമാനം മാത്രം പ്രാദേശിക സർക്കാർ വഹിച്ചാൽ മതിയായിരുന്നു. സ്ഥാപിക്കുന്ന ലൈറ്റുകൾക്ക് ഏഴു വർഷം വരെ വാറൻഡിയും ലഭിക്കുമായിരുന്നു.

2011-12 ൽ തുക ഡെപോസിറ്റ് ചെയ്ത് കെ.എസ്.ഇ.ബിയെ ഏൽപിച്ച് സ്ട്രീറ്റ് ലൈറ്റ് മെയിൻ ലൈൻ വലിക്കലും മീറ്റർ സ്ഥാപിക്കലും പദ്ധതി കൊല്ലം കോർപറേഷൻ നിരീക്ഷിക്കാതിരുന്നതിനാൽ പൂർത്തീകരണം 10 വർഷത്തോളം വൈകി. മെയിൻ ലൈൻ പണി പൂർത്തിയായെന്നും മീറ്റർ സ്ഥാപിക്കാൻ സത്വര നടപടി എടുക്കണമെന്നും കെ.എസ്.ഇ.ബി 2019 ഫെബ്രുവരി 11മുതൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 2002 നവമ്പർ 21വരെ അതിനു നടപടിയെടുക്കാതിരുന്നതിനാൽ വൻ തുക അധികമായി തെരുവു വിളക്കുകൾക്കുള്ള വൈദ്യുതി ചാർജ് ആയി നൽകേണ്ടി വന്നു.

2011-12ലെ പദ്ധതി കൊല്ലം നഗരസഭയിലെ മുഴുവൻ തെരുവു വിളക്കുകളും സ്ട്രീറ്റ് ലൈറ്റ് മെയിൻ ലൈൻ വലിച്ച് മീറ്ററിങ്ങ് ഏർപ്പെടുത്താനായുള്ളതായിരുന്നെങ്കിലും മീറ്ററിങ്ങ് രീതിയിലേക്കു മാറ്റാനായതിൻ്റെ കാരണം പരിശോധിക്കക്കണം. തെരുവു വിളക്കുകൾക്കു പൂർണമായും മീറ്ററിങ്ങ് ഏർപ്പെടുത്തുന്നതിന് 91,80,717 രൂപ ഇനിയും അടക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം ന്യായയുക്തമാണോ എന്നും പരിശോധിക്കണം. എന്നാൽ അതോടൊപ്പം തന്നെ മീറ്ററിങ്ങ് വൈകിക്കുന്നതുകൊണ്ട് പ്രതിവർഷം 90 ലക്ഷത്തിലധികം രൂപയാണ് അധിക ചെലവ്.

നഗരസഭക്ക് അധിക ചെലവില്ലാതെ തെരുവു വിളക്കുകൾ എൽ.ഇ.ഡി യിലേക്കു മാറ്റാൻ കഴിയുമായിരുന്ന നിലാവ് പദ്ധതി നടപ്പിലാക്കണമെന്ന കൗൺസിൽ തീരുമാനം പ്രാവർത്തികമാകാതെ പോയതിൻറെ കാരണവും പരിശോധിക്കണമെന്നാണ് എ.ജി റിപ്പോർട്ട്.  നഗരസഭയുടെ കെടകാര്യസ്ഥതയുടെ മികച്ച ഉദാഹരണമാണ് ഈ പദ്ധതി.

Tags:    
News Summary - Kollam Corporation loses Rs. 91 lakh due to non-installation of meters for street lights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.