ഹണി ബെഞ്ചമിൻ, എസ്. ജയൻ
കൊല്ലം: കോർപറേഷൻ മേയറായി സി.പി.ഐയുടെ ഹണി ബെഞ്ചമിനെയും ഡെപ്യൂട്ടി മേയറായി സി.പി.എമ്മിലെ എസ്. ജയനെയും തെരഞ്ഞെടുത്തു. എൽ.ഡി.എഫിലെ ധാരണ പ്രകാരം പ്രസന്ന ഏണസ്റ്റും കൊല്ലം മധുവും രാജിവെച്ച ഒഴിവുകളിലേക്കാണ് ഇരുവരെയും തെരഞ്ഞെടുത്തത്.
വ്യാഴാഴ്ച കൗൺസിൽ യോഗത്തിൽ കലക്ടർ എൻ. ദേവിദാസ് വരണാധികാരിയായി നടത്തിയ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ എം. സുമിയെയാണ് ഹണി ബെഞ്ചമിൻ പരാജയപ്പെടുത്തിയത്. 55 അംഗ കൗൺസിലിൽ ഹണി ബെഞ്ചമിന്‍ 37 വോട്ടും സുമിക്ക് എട്ട് വോട്ടും ലഭിച്ചു. സി.പി.ഐക്ക് സ്ഥാനം ലഭിക്കുന്നതിന്റെ ഭാഗമായി മൂന്നാം തവണയാണ് ഹണി കൊല്ലത്ത് മേയറാകുന്നത്. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ എസ്. ജയന് 37 വോട്ടും യു.ഡി.എഫിന്റെ എം.പുഷ്പാംഗദന് എട്ട് വോട്ടും കിട്ടി. ബി.ജെ.പിയുടെ അഞ്ച് കൗൺസിലർമാർ രണ്ട് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. അഞ്ച് കൗൺസിലർമാർ അവധിയെടുത്തു.
അവസാന വർഷം സി.പി.ഐക്ക് ഭരണം കൈമാറണമെന്ന ധാരണയുള്ള കൊല്ലം കോർപറേഷനിൽ സംസ്ഥാന നേതൃത്വംവരെ ഇടപെടുകയും പ്രതിഷേധ സൂചകമായി സി.പി.ഐയുടെ ഡെപ്യൂട്ടി മേയറും സ്ഥിരംസമിതി അധ്യക്ഷന്മാരും രാജിവെച്ചതിനു ശേഷമാണ് സി.പി.എമ്മിന്റെ പ്രസന്ന ഏണസ്റ്റ് കഴിഞ്ഞ 10ന് സ്ഥാനമൊഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.