പൊലീസിലെ ആർ.എസ്.എസ്: കോടിയേരിയുടെ ആത്മവിമർശനം ഗൗരവതരം -ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര വകുപ്പ് സമ്പൂർണമായി ആർ.എസ്.എസിന് കയ്യടക്കാൻ സാഹചര്യമൊരുക്കിയത് സി.പി.എമ്മാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ ഹമീദ് വാണിയമ്പലം.

പൊലീസിലെ നിർണായക ജോലികൾ ആർ.എസ്.എസ് അനുകൂലികൾ കൈയടുക്കുന്നുവെന്ന് പത്തനംതിട്ടയിൽ സി.പി.എം ജില്ലാ സമ്മേളനത്തിൽ തുറന്നു പറഞ്ഞത് സംസ്ഥാന സെക്രട്ടറി കോടിയേരിയാണ്. കേരളം ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആണെങ്കിലും സംഘപരിവാറിന് അനുഗുണമാകുന്ന തീരുമാനങ്ങളാണ് സർക്കാരിൽ നിന്ന് വരുന്നതെന്നും പ്രത്യേകിച്ച് പൊലീസ് വകുപ്പ് സംഘ്പരിവാർ നിയന്ത്രണത്തിലുമാണ് എന്ന് വ്യാപകമായി ആരോപണമുണ്ട്. അതിന് വസ്തുതകളുടെ പിൻബലവുമുണ്ട്. എന്നാൽ ഇതുന്നയിക്കുന്നവരെ മുസ്‌ലിം തീവ്രവാദികളെന്നോ മുസ്‌ലിം തീവ്രവാദികളുടെ സ്വാധീനത്താൽ പ്രവർത്തിക്കുന്നവരെന്നോ പറഞ്ഞ് ആക്ഷേപിക്കുകയാണ് സി.പി.എം നേതാക്കളടക്കം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കോടിയേരിയുടെ ആത്മവിമർശനം ഗൗരവതരമാണെന്നും ഹമീദ്​ വാണിയമ്പലം ചൂണ്ടിക്കാട്ടി.

പൊലീസിൽ ആർ.എസ്.എസ് സാന്നിധ്യമുണ്ടെന്ന് പറയുന്ന ആദ്യത്തെ ഇടത് നേതാവല്ല ​കോടിയേരി. സി.പി.ഐ നേതാവ് ആനി രാജ ഏതാനും മാസങ്ങൾക്ക് മുമ്പ് അത് പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷത്തിരിക്കുന്ന സമയത്ത് പിണറായി വിജയൻ തന്നെയും അത് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോൾ കോടിയേരി പറഞ്ഞത് ആഭ്യന്തര വകുപ്പ് കൈയാളുന്ന പാർട്ടിയുടെ ഏറ്റവും ഉന്നത നേതാവ് എന്ന നിലയിൽ വളരെ പ്രാധന്യമുള്ളതാണ്.

എങ്ങനെയാണ് പൊലീസിൽ ആർ.എസ്.എസ് സ്വാധീനമുണ്ടാകുന്നത് എന്നാണ് കോടിയേരിയോട് തിരിച്ച് ചോദിക്കാനുള്ള ചോദ്യം. ഉത്തരം തിരയാൻ കോടിയേരിക്ക് എ.കെ.ജി സെന്‍റർ വിട്ട് എങ്ങോട്ടും പോകേണ്ടി വരില്ല. പൊലീസിൽ ആർ.എസ്.എസ് സാന്നിധ്യം നേരത്തേയുള്ള ഏർപ്പാടാണെങ്കിലും സമ്പൂർണമായി പൊലീസ് വകുപ്പ് നാഗ്പൂരിലെ ആർ.എസ്.എസ് കാര്യവാഹകർക്ക് പാട്ടത്തിന് കൊടുക്കുന്നത് ഇത് ആദ്യമായാണ്. ബെഹ്റയെപ്പോലെ ഗുജറാത്ത് കേഡറിൽ നിന്ന് വന്ന അമിത് ഷായുടെയും മോദിയുടെയും ഇഷ്ടക്കാരനായ പൊലീസ് ഓഫിസറായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇഷ്ട ഡി.ജി.പി. ഒട്ടേറെ അഴിമതി ആരോപണങ്ങളുയർന്നിട്ടും അദ്ദേഹത്തെ തന്നെ താരതമ്യേനെ ജൂനിയർ ആയിട്ടു കൂടി ഡി.ജി.പി ആയി നിയമിച്ചതും പിരിയുന്നത് വരെ നില നിർത്തിയതും പിരിഞ്ഞതിന് ശേഷം മെട്രോ റെയിലിൽ നിയമിച്ച് കേരളത്തിൽ തന്നെ നില നിർത്തിയതും എന്തിനാണെന്ന് വ്യക്തമാക്കണം. പൊലീസിന് അമിതാധികാരം നൽകുന്ന 118 എ ഭേദഗതി കൊണ്ട് വന്നത് ബെഹ്റയുടെ താത്പര്യത്തിലാണ്. എതിർപ്പു മൂലം പിൻവലിക്കേണ്ടി വന്നു എങ്കിലും മകോക മോഡലിൽ മറ്റൊരു നിയമവും എൻ.ഐ.എ മോഡലിൽ പ്രത്യേക സേനയും ഉണ്ടാക്കാനുള്ള ഡ്രാഫ്റ്റ് പൂർത്തിയാക്കിയാണ് ബെഹ്റ പിരിയുന്നത്.

ഐ വാൺഡ് ഡെഡ് ബോഡീസ് ഓഫ് മുസ്‌ലിം ബാസ്റ്റഡ്സ് എന്ന് അലറിയ രമൺ ശ്രീവാസ്തവ എന്ന പ്രഖ്യാപിത സംഘ്പരിവാർ അനുകൂലി എങ്ങനെയാണ് ജോലി പിരിഞ്ഞ് പോയ ശേഷവും കേരള മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായതെന്നും ഹമീദ്​ വാണിയമ്പലം ചോദിച്ചു. തലപ്പത്ത് ആർ.എസ്.എസ് വിധേയരെ കുടിയിരുത്തിയ പൊലീസ് സേനയിൽ താഴെ അറ്റം വരെ ആർ.എസ്.എസ് നിയന്ത്രണമുണ്ടാകും എന്നത് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാകും.

പൊലീസ് സേനയിൽ സംഘ്പരിവാർ ആഭിമുഖ്യവും മുസ്‌ലിം വിരുദ്ധതയും ഉണ്ടാകാൻ സി.പി.എം നേതാക്കൾ സൃഷ്ടിച്ച സാമൂഹ്യാന്തരീക്ഷവും കാരണമാണ്. കേരളം 30 വർഷം കൊണ്ട് മുസ്‌ലിം രാജ്യമാകും എന്ന വി.എസ് അച്യുതാനന്ദന്‍റെ പ്രസ്താവന പിന്നീട് യോഗി ആദിത്യനാഥ് ഉദ്ധരിച്ചിരുന്നു. ലൗ ജിഹാദ് എന്ന സംഘ്പരിവാർ വ്യാജ ആരോപണത്തെ ന്യയീകരിക്കുന്നതായിരുന്നു ഇത്. പൗരത്വ പ്രക്ഷോഭത്തിൽ മുസ്‌ലിം തീവ്രവാദികൾ നുഴഞ്ഞുകയറി എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ വസ്തുതാവിരുദ്ധവും നുണയുമായ നിയമസഭാ പ്രസംഗം മോദി പാർലമെൻറിൽ ഉദ്ധരിച്ചിരുന്നു. ദൽഹിയിലെ ഷഹീൻബാഗ് പ്രക്ഷോഭത്തെയടക്കം അധിക്ഷേപിക്കാൻ മോദിയും സംഘ്പരിവാറും ഉപയോഗിച്ചത് പിണറായിയുടെ ഈ പരാമർശമാണ്.

കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിം - ക്രൈസ്തവ സൗഹൃദം തകർക്കാൻ ഉദ്ദേശിച്ച് കോടിയേരി തന്നെ നടത്തിയ ഹസൻ-കുഞ്ഞാലിക്കുട്ടി-അമീർ എന്ന പരാമർശം അതേ സമയം നടന്ന ബീഹാറിലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ആർ.ജെ.ഡി-കോൺഗ്രസ്-സി.പി.എം-സി.പി.ഐ സഖ്യത്തിനെതിരെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനായി ബി.ജെ.പി ഉപയോഗിച്ചു.

ഇടതു മുന്നണി കൺവീനറും സി.പി.എം മുൻ ആക്ടിങ്​ സെക്രട്ടറിയുമായ എ. വിജയരാഘവൻ നിരന്തരം സംഘ്പരിവാറിന് മരുന്നിട്ട് കൊടുക്കുന്ന തരത്തിൽ മുസ്‌ലിം വിരുദ്ധ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

കേരളത്തിലെ എല്ലാ ജനകീയ സമരത്തെയും അധിക്ഷേപിക്കാൻ മുസ്‌ലിം തീവ്രവാദ ആരോപണമുന്നയിക്കുന്നത് മുഖ്യമന്ത്രി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെയുള്ള സി.പി.എം നേതാക്കളുടെ ഹോബിയാണ്. ആഗോള തലത്തിൽ സാമ്രാജ്യത്വ ശക്തികളുൽപാദിപ്പിച്ച ഇസ്​ലാമോഫോബിയയുടെ ഇന്ത്യയിലെ ഗുണഭോക്താക്കൾ ആർ.എസ്.എസാണ്. സി.പി.എം കേരളത്തിൽ മുസ്‌ലിം വിരുദ്ധ പ്രചരണങ്ങളിലൂടെ സംഘ്പരിവാറിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നു. പൊലീസും കേരളത്തിലെ ജനങ്ങളുടെ പരിഛേദം തന്നെയായിരിക്കുമല്ലോ. സേനയുടെ തലപ്പത്ത് സംഘ്പരിവാർ നിയന്ത്രിക്കുന്നവരെ നിയമിച്ച് അടിമുടി സംഘപരിവാറിന് അനുകൂല പ്രചരണം സി.പി.എം നേതാക്കൾ തന്നെ നടത്തുമ്പോൾ പൊലീസിലെ ഏത് തസ്തികയിലുള്ളവരും സംഘ്പരിവാർ അനുകൂലികളായി മാറും. കോടിയേരി പരിതപിക്കുന്നതുപോലെ സി.പി.എം അനുകൂല പൊലീസ് അസോസിയേഷൻ പ്രവർത്തകർ പൊലീസിലെ നിർണായക സ്ഥാനത്തിരുന്നാലും അന്തരീക്ഷം ഇതായിരിക്കുവോളം ആർ.എസ്.എസ് അജണ്ടകളായിരിക്കും കേരളാ പൊലീസിൽ നടക്കുകയെന്നും ഹമീദ്​ വാണിയമ്പലം പറഞ്ഞു.

Tags:    
News Summary - Kodiyeri's self-criticism about police is serious - Hameed Vaniyambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.