കോടിയേരിയുടെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം: സി.പി.എം നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന​ കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ. ഇതുസംബന്ധിച്ച്​ പൊതുഭരണ വകുപ്പ്​ ഉത്തരവിറക്കി. തിങ്കളാഴ്ച വൈകുന്നേരം പയ്യാമ്പലം കടപ്പുറത്ത്​ നടക്കുന്ന സംസ്കാരത്തിൽ ഗൺ സല്യൂട്ട്​ ഉൾപ്പെടെ സംസ്ഥാനത്തിന്‍റെ പൂർണ ഔദ്യോഗിക ബഹുമതിയാകും നൽകുക.

പൊതുദർശനം നടക്കുന്ന തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിലും വീട്ടിലും ​ബ്യൂഗിൾ സല്യൂട്ട്​ നൽകി പൊലീസ്​ ആദരവ്​ നൽകും.​ പൊതുദർശനത്തിന്​ ആവശ്യമായ സൗകര്യമൊരുക്കൽ, ചടങ്ങുകൾക്ക്​ പൊലീസ്​ ആവശ്യമായ സുരക്ഷ സംവിധാനവും ഗതാഗത നിയന്ത്രണവും ഒരുക്കൽ, പൊലീസ്​ പൈലറ്റ്​ ഒരുക്കൽ എന്നിവക്കും ഉത്തരവിൽ നിർദേശമുണ്ട്​.

അതേസമയം, തലശ്ശേരി ടൗൺഹാളിൽ ഇപ്പോൾ പൊതുദർശനം തുടരുകയാണ്. പ്രിയ സഖാവിനെ ഒരു നോക്കുകാണാൻ ജനപ്രവാഹമാണ് ടൗൺ ഹാളിൽ. രാത്രി 12 വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും.

12.55ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രിയസഖാവിന്‍റെ ഭൗതിക ശരീരം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. തുറന്ന വാഹനത്തിൽ നിരവധി പ്രവർത്തകരുടെ അകമ്പടിയോടെയാണ് വിലാപയാത്ര ആരംഭിച്ചത്. നിരവധി വാഹനങ്ങൾ വിലാപയാത്രയെ അനുഗമിച്ചു. മട്ടന്നൂർ മുതൽ തലശ്ശേരി വരെ 14 കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് അന്ത്യോപചാരം അർപ്പിക്കാൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. നൂറുകണക്കിന് പേർ വഴിയോരങ്ങളിൽ കാത്തുനിന്ന് അന്തിമോപചാരം അർപ്പിച്ചു.

Tags:    
News Summary - Kodiyeri's cremation with full official honours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.