കൊടിക്കുന്നിൽ സുരേഷ് എം.പി

പാലക്കാട് റെയിൽവേ ഡിവിഷനെ വിഭജിക്കരുത്: തീരുമാനം പിൻവലിക്കുന്നതുവരെ പോരാട്ടമെന്ന് കൊടിക്കുന്നിൽ സുരേഷ്

കൊല്ലം: കേരളത്തിന്റെ റെയിൽവേ താൽപര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും ഗുരുതരമായി ബാധിക്കുന്ന റെയിൽവേ ബോർഡിന്റെ പുതിയ തീരുമാനത്തിനെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി. ഇന്നലെ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവിൽ ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം മൈസൂരു ഡിവിഷനിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറക്കപ്പെടും. ഇന്ന് ആലപ്പുഴയിലെത്തുന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജറുമായി വിഷയം നേരിട്ട് ചർച്ച ചെയ്യുമെന്നും എംപി അറിയിച്ചു.

യാത്രക്കാരുടെയും യാത്രക്കാരുടെ സംഘടനകളുടെയും ആശങ്കകളും പ്രതിഷേധവും ജനറൽ മാനേജറുടെ ശ്രദ്ധയിൽപെടുത്തും. പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ വിശദീകരിക്കുകയും റെയിൽവേ ബോർഡിന്റെ തീരുമാനം അടിയന്തരമായി പുനഃപരിശോധിച്ച് നടപ്പാക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യും.

പാലക്കാട് ഡിവിഷന്റെ പ്രവർത്തനപരമായ പരിധിയും പ്രാധാന്യവും കുറച്ച് അതിനെ ക്രമേണ ദുർബലപ്പെടുത്താനുള്ള നീക്കമാണിത്. കേരളത്തിന്റെ റെയിൽവേ സംവിധാനത്തെ ശക്തിപ്പെടുത്തുകയും കൂടുതൽ നിക്ഷേപങ്ങളും പദ്ധതികളും യാത്രാ സൗകര്യങ്ങളും നേടിയെടുക്കുകയും ചെയ്യേണ്ട ഘട്ടത്തിലാണ് നിലവിലുള്ള റെയിൽവേ സംവിധാനത്തിന്റെ തന്നെ പരിധി വെട്ടിക്കുറക്കാനുള്ള ശ്രമം നടക്കുന്നത്. കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഈ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.

തീരുമാനം അടിയന്തരമായി പുനഃപരിശോധിച്ച് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും റെയിൽവേ ബോർഡ് ചെയർമാനും കത്ത് നൽകിയതായും എം.പി അറിയിച്ചു. കേരളത്തിലെ റെയിൽവേ വികസനത്തിന്റെ ഓരോ നേട്ടത്തിനും അവകാശവാദം ഉന്നയിച്ച് രാഷ്ട്രീയ പ്രചാരണം നടത്തുന്ന ബി.ജെ.പി നേതൃത്വവും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണം.

കേരളത്തിലെ എം.പിമാർ നിരന്തരം ഇടപെട്ടും സമ്മർദം ചെലുത്തിയും നേടിയെടുക്കുന്ന റെയിൽവേ പദ്ധതികളുടെ ക്രെഡിറ്റ് ഏറ്റെടുക്കാൻ മത്സരിക്കുന്ന ബി.ജെ.പി നേതാക്കൾ, കേരളത്തിന്റെ പ്രധാന റെയിൽവേ ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറക്കുന്ന കേന്ദ്രസർക്കാർ തീരുമാനത്തിൽ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും കൊടിക്കുന്നിൽ ചോദിച്ചു.

കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ ഉത്തരവാദിത്തമില്ലാത്തവരെപ്പോലെ മാറിനിൽക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല. കേന്ദ്രസർക്കാറിന്റെ ഈ തീരുമാനത്തിനെതിരെ കേരളത്തിലെ ബി.ജെ.പി നേതൃത്വം കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ സമ്മർദം ചെലുത്താൻ തയാറാകണമെന്നും എം.പി ആവശ്യപ്പെട്ടു.

കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എംപിമാരുമായി ഏകോപിപ്പിച്ച് ഈ വിഷയത്തിൽ സംയുക്തമായ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകും. പാർലമെന്റിലും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് മുന്നിലും കേരളത്തിന്റെ പ്രതിഷേധം ശക്തമായി ഉയർത്തുമെന്നും തീരുമാനം പിൻവലിക്കുന്നതുവരെ രാഷ്ട്രീയമായും പാർലമെന്ററി തലത്തിലും ജനകീയമായും പോരാട്ടം തുടരുമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.