അറസ്റ്റിലായ മുഹമ്മദ് അലി, അബ്ദുൽ റഷീദ്​

കൊടകര കുഴൽപണം: രണ്ടുപേർ പിടിയിൽ

തൃശൂർ: ബി.ജെ.പി, ആർ.എസ്​.എസ്​ നേതാക്കൾക്ക്​ പങ്കാളിത്തമുള്ള 3.5 കോടി രൂപ കുഴൽപ്പണം കൊള്ളയടിച്ച കേസിൽ മുഖ്യപ്രതികളായ രണ്ടുപേർ പിടിയിൽ. മുഹമ്മദ് അലി, അബ്ദുൽ റഷീദ് എന്നിവരാണു കണ്ണൂരിൽനിന്നു പിടിയിലായത്. ഇവരെ കൊടകര സ്റ്റേഷനിൽ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്​.

അഞ്ചു ലക്ഷം രൂപ വീതം പ്രതിഫലം നൽകുമെന്ന്​ ഓഫർ ലഭിച്ചതിനാലാണ്​ കൊള്ളയടിക്കാൻ നിന്നതെന്ന്​ പ്രതികൾ പൊലീസിനോടു പറഞ്ഞു. അബ്ദുൽ റഷീദാണ് കുഴൽപ്പണക്കടത്ത് കവർച്ചാ സംഘത്തിനു ചോർത്തിയത്. കവർച്ചയ്ക്കു ശേഷം പ്രതികൾ 45 ലക്ഷത്തിന്‍റെ ഇടപാട് നടത്തിയതായും പൊലീസ്​ പറഞ്ഞു.

കോഴിക്കോടുനിന്നു കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്ന പണമാണ്​ കൊടകരയിൽ വാഹനാപകടം സൃഷ്ടിച്ച് കവർന്നത്​. പണം കൊണ്ടുവരുന്നതിന്റെ ചുമതല ആർഎസ്എസ് പ്രവർത്തകനായ ധർമരാജനായിരുന്നു. കുഴൽപ്പണം കടത്തിയതിലും കൊള്ളയടിച്ചതിലും ആർഎസ്എസ്, ബിജെപി നേതാക്കൾക്ക്​ ബന്ധമുള്ളതായി കഴിഞ്ഞദിവസം തൃശൂർ എസ്പി ജി.പൂങ്കുഴലി വെളിപ്പെടുത്തിയിരുന്നു.

ആർ.എസ്​.എസ്​ പ്രവർത്തകനാണ്​ പണം ഡ്രൈവർക്കു കൈമാറിയ ധർമരാജൻ. ഇയാൾക്കു പണം നൽകിയത്​ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് ആണെന്നും എസ്പി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ യുവമോർച്ച സംസ്ഥാന പ്രസിഡന്‍റായിരിക്കെ സുനിൽ നായിക് ട്രഷററായിരുന്നു. ഇയാളെ പൊലീസ് ചോദ്യം ചെയ്തു. ധർമരാജനുമായി ബിസിനസ് ബന്ധമാണുള്ളതെന്നു സുനിൽ മൊഴി നൽകി. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പൊലീസ് നിർദേശം നൽകി. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും.

പണവുമായി പോയ വാഹനത്തിന്‍റെ ഡ്രൈവർ ഷംജീറിനെയും കൂട്ടിയാണ്​ ധർമരാജൻ കൊടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്​. അതേസമയം, കുഴൽപണവുമായി പാർട്ടിക്ക്​ ബന്ധമില്ലെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Tags:    
News Summary - Kodakara black money: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.