പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽനിന്ന് ടീകോം കമ്പനിയെ ഒഴിവാക്കി പദ്ധതി സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നിയമനടപടികൾ ആരംഭിച്ചു. പദ്ധതി നടത്തിപ്പിൽ ഗുരുതര കരാർ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി സർക്കാർ കമ്പനിക്ക് നോട്ടീസ് നൽകി. സമവായ ചർച്ചകളിലൂടെ കമ്പനിയെ ഒഴിവാക്കി പദ്ധതി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം ലക്ഷ്യം കാണാത്ത സാഹചര്യത്തിലാണ് നോട്ടീസും നിയമനടപടിയും.
പദ്ധതിയുടെ കരാർ വ്യവസ്ഥകൾ പ്രകാരം നിർമാണ പ്രവർത്തനങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിൽ ടീകോം പരാജയപ്പെട്ടുവെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. 88 ലക്ഷം ചതുരശ്രയടി കെട്ടിടം നിർമിക്കണമെന്നതും 90,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നുമുള്ള വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ലെന്ന് കാണിച്ച് കരാറിലെ വകുപ്പ് 7.2.2 (ബി) പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കമ്പനിയുടെ മറുപടി തൃപ്തികരമല്ലെങ്കിൽ പാട്ടക്കരാർ റദ്ദാക്കി ടീകോമിെന്റ ഓഹരികൾ സർക്കാർ ഏറ്റെടുക്കും. പദ്ധതിക്കായി നൽകിയ ഭൂമിക്ക് 91.58 കോടി രൂപ വില കണക്കാക്കിയാകും ഓഹരി മൂല്യനിർണയം നടത്തുക. ഏറ്റെടുക്കൽ പൂർത്തിയായാൽ സ്മാർട്ട് സിറ്റിയുടെ ഒരു സ്വത്തിലും ടീകോമിന് അവകാശവാദമുന്നയിക്കാൻ കഴിയില്ല. ഇതോടെ പൂർണ നിയന്ത്രണം സർക്കാറിൽ നിക്ഷിപ്തമാകും.
പദ്ധതി വൈകുന്നതിനെത്തുടർന്ന് 2024 ഡിസംബറിലാണ് ഏറ്റെടുക്കൽ തീരുമാനം സർക്കാർ കൈക്കൊണ്ടത്. നിയമക്കുരുക്കുകൾ ഒഴിവാക്കി സംസ്ഥാന താൽപര്യം സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് സർക്കാർ നീക്കം. ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുമ്പോഴും നിലവിലെ പദ്ധതി പ്രവർത്തനങ്ങളെയും നിക്ഷേപങ്ങളെയും ഇത് ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.