കൊച്ചി മെട്രോ ഉദ്ഘാടനം മെയ് 30ന്; പ്രധാനമന്ത്രിക്കായി കാത്തിരിക്കില്ല

കൊച്ചി: ഈ മാസം മുപ്പതിന് കൊച്ചി മെട്രൊയുടെ ഉദ്ഘാടനം നടക്കുമെന്ന് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടംകംപള്ളി സുരേന്ദ്രൻ. ആലുവയില്‍ വെച്ചായിരിക്കും ഉദ്ഘാടന ചടങ്ങ്. ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുമെന്നാണ് പ്രതീക്ഷ. അദ്ദേഹത്തിന്‍റെ സമയത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രിയുടെ ഒഴിവിനായി അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രിയുടെ സമയം ചോദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചിരുന്നുവെങ്കിലും ഇതു വരെ മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് വിവരം. പ്രധാനമന്ത്രി എത്തിയില്ലെങ്കിൽ മുഖ്യമന്ത്രിയായിരിക്കും പദ്ധതി ഉദ്ഘാടനം ചെയ്യുക. മന്ത്രിമാരും മറ്റ് നേതാക്കളും ചടങ്ങിനുണ്ടാകും. സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ച് തന്നെ ഉദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു. 

മൂന്നുകോച്ചുളള ആറു ട്രെയിനാകും തുടക്കത്തില്‍ സര്‍വീസ് നടത്തുക. രാവിലെ ആറുമുതല്‍ രാത്രി പതിനൊന്നുവരെ പത്ത് മിനിറ്റ് ഇടവിട്ടാകും സര്‍വീസ്. തിരക്ക് കുറവുളള സമയങ്ങളില്‍ ഈ ഇടവേള ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ഉദ്ഘാടന സജ്ജമായത്. പതിനൊന്ന് സ്റ്റേഷനുകളാണ് ഇതിനിടയിലുളളത്. മിനിമം നിരക്ക് 10 രൂപ. ആലുവ മുതല്‍ കമ്പനിപ്പടി വരെ 20 രൂപ, കളമശേരി വരെ 30 രൂപ, ഇടപ്പളളി വരെ 40 രൂപ എന്നിങ്ങനെയാണ് പ്രാഥമികമായി നിരക്കുകള്‍ നിശ്ചയിച്ചിട്ടുളളത്. ആലുവയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 20 മിനിറ്റ് കൊണ്ട് പാലാരിവട്ടത്തെത്തും. 

സ്ഥിരയാത്രക്കാര്‍ക്കായി കൊച്ചി വണ്‍ കാര്‍ഡെന്ന സ്മാര്‍ട്ട് കാര്‍ഡുണ്ടാകും. ഇതുപയോഗിച്ച് യാത്ര നടത്തുന്നവര്‍ക്ക് പരമാവധി 20 ശതമാനം വരെ യാത്രാനിരക്കില്‍ ഇളവ് ലഭിക്കുമെന്നാണ് സൂചന. വിദ്യാര്‍ത്ഥികള്‍ക്ക് മെട്രൊയില്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. യാത്രാകാര്‍ഡ് ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് യാത്രക്കാരെപ്പോലെ ഇളവ് ലഭിക്കുമെന്നും ബസ് യാത്രക്ക് ഉപയോഗിക്കുന്നത് പോലുളള കണ്‍സെഷന്‍ മെട്രൊയില്‍ ഉണ്ടാവാനിടയില്ലെന്നും കെ.എം.ആർ.എൽ അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. 

Tags:    
News Summary - Kochi Metro will be inaugurated on May 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.