കെ.എൻ.എ. ഖാദർ ആർ.എസ്.എസ് വേദിയിൽ: ലീഗിൽ അമർഷം

കോഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ല പര്യടനയാത്ര വ്യാഴാഴ്ച കോഴിക്കോട്ട് സമാപിക്കാനിരിക്കെ, പാർട്ടി ദേശീയ സമിതി അംഗവും സംസ്ഥാന നിർവാഹക സമിതി അംഗവുമായ അഡ്വ. കെ.എൻ.എ. ഖാദർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിൽ പാർട്ടിക്കകത്ത് കടുത്ത അമർഷം. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നേതൃത്വത്തിൽ രാജ്യത്ത് നടത്തുന്ന ന്യൂനപക്ഷ വേട്ടക്കെതിരെ കടുത്ത പ്രതിഷേധം നിലനിൽക്കുമ്പോൾ ഖാദർ ആർ.എസ്.എസ് വേദിയിൽ എത്തിയതിനെതിരെ വിവിധ കോണുകളിൽനിന്ന് ഉയരുന്ന വിമർശനത്തെ പ്രതിരോധിക്കാനാകാതെ നേതൃത്വവും പ്രവർത്തകരും കുഴങ്ങുകയാണ്.

സമൂഹമാധ്യമങ്ങളിൽ ലീഗ് പ്രവർത്തകർതന്നെ രോഷം പ്രകടിപ്പിക്കുന്നു. ആർ.എസ്.എസുമായി വേദി പങ്കിടൽ ലീഗിന്റെ നയമല്ലെന്നും ഖാദറിന്റെ നടപടി പാർട്ടി ചർച്ചചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി എം.കെ. മുനീർ തുറന്നടിച്ചു. വിവിധ ജില്ലകളിൽ തന്റെ നേതൃത്വത്തിൽ നടത്തിയ മതസൗഹാർദ സംഗമങ്ങൾ ഏറെ പ്രശംസ പിടിച്ചുപറ്റിയതിനിടെ ഖാദറിന്റെ ഭാഗത്തുനിന്ന് ഉണ്ടായ വിവാദ നടപടിയിൽ സാദിഖലി തങ്ങൾക്കും കടുത്ത അതൃപ്തിയുണ്ട്.

അടുത്തിടെ നവീകരിച്ച് പ്രവർത്തനം തുടങ്ങിയ കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രം ആർ.എസ്.എസിന്റെ സാംസ്കാരിക കേന്ദ്രമായാണ് അറിയപ്പെടുന്നത്. ആർ.എസ്.എസ് ബുദ്ധിജീവികളെയും തങ്ങളോട് ആഭിമുഖ്യമുള്ള സാംസ്കാരിക പ്രവർത്തകരെയും പങ്കെടുപ്പിച്ച് സമീപകാലത്ത് നിരവധി പരിപാടികളാണ് ഇവിടെ ഒരുക്കിയത്. ചൊവ്വാഴ്ച നടത്തിയ 'സ്നേഹബോധി' അനാച്ഛാദന ചടങ്ങും സാംസ്കാരിക സമ്മേളനവും ഇത്തരം പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചതാണ്. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് ഖാദർ പങ്കെടുത്തതെന്നാണ് വിമർശകരുടെ പക്ഷം. ആർ.എസ്.എസിന്റെ പരിപാടിയിലല്ല പങ്കെടുത്തതെന്ന അദ്ദേഹത്തിന്റെ വിശദീകരണം അവിശ്വസനീയമാണെന്നും അവർ വ്യക്തമാക്കുന്നു. കടുത്ത വിദ്വേഷ പ്രവർത്തനങ്ങൾക്കിടയിലും രാജ്യത്ത് ബി.ജെ.പിക്കും ആർ.എസ്.എസിനും അനുകൂലമായ പൊതുബോധം രൂപപ്പെടുത്താൻ ആസൂത്രിത ശ്രമം നടക്കുമ്പോൾ അവർക്ക് സഹായകമാകുന്ന പ്രവർത്തനം ഖാദറിന്റെ ഭാഗത്തുനിന്നുണ്ടായതാണ് പാർട്ടിയെ വെട്ടിലാക്കിയത്.

മാത്രമല്ല, ഫാഷിസ്റ്റ് ഭീഷണിക്കെതിരെ സാദിഖലി തങ്ങൾ നടത്തുന്ന മതസൗഹൃദ സംഗമങ്ങളുമായി തന്റെ നടപടിയെ ഖാദർ താരതമ്യപ്പെടുത്തിയത് പാർട്ടിയെ അപമാനിക്കലായെന്നും ചില നേതാക്കൾക്ക് അഭിപ്രായമുണ്ട്.

ബി.ജെ.പിയെയും ആർ.എസ്.എസിനെയും ശക്തമായി എതിർത്ത് അവരുടെ പരിപാടികളിൽനിന്ന് വിട്ടുനിൽക്കുന്ന മതേതര വിശ്വാസികൾക്ക് ഖാദറിന്റെ നടപടി തെറ്റായ സന്ദേശം നൽകുമെന്നും അവർ കരുതുന്നു.

പ്രവാചകനിന്ദ, ബുൾഡോസർ രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിൽനിന്നുവരെ കടുത്ത എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിൽ ഖാദറിന് ജാഗ്രത കുറവുണ്ടായെന്നാണ് പൊതുവെ വിലയിരുത്തൽ. എങ്കിലും പാർട്ടിയുടെ സാംസ്കാരിക മുഖമായ അദ്ദേഹത്തിനെതിരെ കടുത്ത നടപടിയൊന്നും ഉണ്ടാകില്ല. വിശദീകരണം ചോദിച്ചും ജാഗ്രത കുറവുണ്ടായതിൽ താക്കീത് നൽകിയും വിഷയം അവസാനിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗുരുവായൂരിൽ ഖാദർ നടത്തിയ പരാമർശവും വിവാദമായിരുന്നു.

അബ്ദുസ്സമദ് സമദാനി ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതും ഇപ്പോൾ ഖാദറിനെതിരെ വിമർശനം ഉന്നയിക്കുന്ന എം.കെ. മുനീർ ശിവസേന പരിപാടിയിൽ പങ്കെടുത്തതും വനിത ലീഗ് നേതാവ് ഖമറുന്നിസ അൻവർ ബി.ജെ.പിക്ക് സംഭാവന നൽകിയതും മുമ്പ് ലീഗിനകത്ത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.

Tags:    
News Summary - K.N.A. Khader on the RSS stage: Anger in the league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.