ആരോഗ്യപ്രവർത്തകർ എത്തിയപ്പോഴേക്കും ബ്രിട്ടീഷ് പൗരൻ കടന്നുകളയുകയായിരുന്നു -ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിരിക്കെ അധികൃതരുടെ കണ്ണ് വെട്ടിച്ച് മൂന്നാറിലെ റിസോർട്ടിൽനിന്ന് നാട്ടി ലേക്ക് കടക്കാൻ കൊച്ചി വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് പൗരനെ ഐസൊലേഷനിലാക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കോവിഡ് ബാധ സംശ‍യിച്ച് ഇയാളെ നിരീക്ഷണത്തിലാക്കിയതായിരുന്നു. ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റാനായി ആരോഗ്യപ്രവർത്തകർ എത്തുന്നതിന് തൊട്ടുമുമ്പ് ഇയാളും സംഘവും കടന്നു കളയുകയായിരുന്നെന്നും മന്ത്രി ‘മീഡിയവൺ’നോട് പറഞ്ഞു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊച്ചിയിൽ വിമാനത്തിൽ കയറിയിരുന്ന സംഘത്തെ പിടികൂടുകയായിരുന്നു. ഇയാളെയും ഭാര്യയെയും ആശുപത്രിയിലെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സംഘത്തിലെ മറ്റു വിദേശികളെ മാറ്റിപ്പാർപ്പിച്ച് ക്വാറന്‍റൈൻ ചെയ്യാനാണ് തീരുമാനം -മന്ത്രി അറിയിച്ചു.

ക്വാറന്‍റൈൻ ഘട്ടം കഴിഞ്ഞ് ടെസ്റ്റ് നെഗറ്റീവാണെങ്കിൽ ആരെയും ഇവിടെ പിടിച്ചുവെക്കില്ല. ക്വാറന്‍റൈനിലുള്ള ആരെയും പുറത്തുവിടാനാവില്ല. റിസോർട്ട് ഉടമകൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അധികൃതരിൽനിന്ന് അനുമതി ലഭിക്കാതെ ഒരു വിദേശിയെയും പുറത്തേക്ക് വിടാൻ പാടില്ല. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ നമ്മുടെ നാട്ടുകാരും ഐസൊലേഷൻ ഘട്ടം കഴിയുന്നത് വരെ നിർബന്ധമായും പുറത്തിറങ്ങാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - kk shailaja about for covid foreigner in munnar-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.