കിഴക്കമ്പലത്തെ അക്രമം: തൊഴിലാളികളുടെ പൂർണ ഉത്തരവാദിത്വം തൊഴിലുടമക്ക് -പൊലീസ് ഓഫിസേഴ്സ് അസോ.

കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിക്കുകയും വാഹനത്തിന് തീവെക്കുകയും ചെയ്ത സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ. തൊഴിലാളികളുടെ പൂർണ്ണ ഉത്തരവാദിത്വം ആ തൊഴിലുടമകൾക്കാണ്. ഇത്തരത്തിൽ കേരളത്തിൽ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകൾക്ക് അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സ്വന്തം സ്ഥലം നൽകി താമസിപ്പിക്കുന്നവർ എവിടെ നിന്നോ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നു എന്ന് നടത്തിയ പ്രതികരണം തള്ളിക്കളയേണ്ടതാണെന്നും കെ.പി.ഒ.എ ജനറൽ സെക്രട്ടറി സി.ആർ. ബിജു പറഞ്ഞു.

ക്യാമ്പിൽ ആരോ ലഹരി എത്തിച്ചതാണെന്നും അത് കഴിച്ചാണ് തൊഴിലാളികൾ അക്രമാസക്തരായതെന്നും കിറ്റക്സ് കമ്പനി ഉടമ സാബു എം. ജേക്കബ് പ്രതികരിച്ചിരുന്നു. ആത്മാർഥമായി ജോലിചെയ്യുന്ന കഠിനാധ്വാനികളാണ് തൊഴിലാളികളെന്നും അവർ ക്രിമിനലുകളാണെന്ന് കരുതുന്നില്ലെന്നും സാബു പറഞ്ഞിരുന്നു. കമ്പനി പൂട്ടിക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍റെ പ്രസ്താവന.

ഇന്നലെ രാത്രി കിഴക്കമ്പലത്ത് പൊലീസിന് നേരേ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സംഘടന ജനറൽ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് തൊഴിൽ ചെയ്യാൻ കേരളത്തിൽ എത്തുന്നവരെ അർഹമായ അംഗീകാരം നൽകി അതിഥി തൊഴിലാളികളായി പരിഗണിക്കുന്ന നാടാണ് കേരളം. ഇങ്ങനെ കേരളത്തിൽ എത്തിയവർക്ക് ലോക്ഡൗൺ കാലഘട്ടത്തിൽ മൂന്ന് നേരം ഭക്ഷണം ഉൾപ്പെടെ നൽകി സംരക്ഷണം നൽകിയ നാട് കൂടിയാണ് കേരളം. പല രൂപത്തിൽ കേരളത്തിൽ ഇവർ ജോലി ചെയ്തു വരുന്നു. 


(ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ)


അതിൽ ചില മുതലാളിമാർ അവരുടെ സ്ഥാപനത്തിലെ ജോലിക്കായി റിക്രൂട്ട് ചെയ്ത് വാസസ്ഥലം അടക്കം അനുവദിച്ച് തൊഴിലെടുപ്പിക്കുന്നുണ്ട്. അത്തരം സ്ഥലങ്ങളിലെ തൊഴിലാളികളുടെ പൂർണ്ണ ഉത്തരവാദിത്വം ആ തൊഴിലുടമകൾക്കാണ്. ഇത്തരത്തിൽ കേരളത്തിൽ എത്തുന്ന തൊഴിലാളികളുടെ തൊഴിലുടമകൾക്ക് അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. സ്വന്തം സ്ഥലം നൽകി താമസിപ്പിക്കുന്നവർ എവിടെ നിന്നോ മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നു എന്ന് നടത്തിയ പ്രതികരണം തള്ളിക്കളയേണ്ടതാണ്.

സ്വന്തം ലേബർ ക്യാമ്പിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് തമ്മിലടിക്കുന്നതായി നാട്ടുകാർ പൊലീസിനെ വിവരം അറിയച്ചതനുസരിച്ചാണ് പോലീസ് സംഘം അവിടെ എത്തിയത്. ഇങ്ങനെ ക്രമസമാധാനം ഉറപ്പാക്കാൻ അവിടെ എത്തിയ പൊലീസുദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും രണ്ട് പൊലീസ് വാഹനങ്ങൾ പൂർണ്ണമായും തകർക്കുകയും കത്തിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയിലാണ്. ഈ അനുഭവത്തെ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഗൗരവമായി കാണുന്നു. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുന്നുണ്ട്.

ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. കേരളത്തിൽ എത്തി വിവിധതരം ജോലികൾ ചെയ്തുവരുന്ന തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ചില കുറ്റകൃത്യങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ സംഘടിതമായി പൊലീസിനെ തന്നെ ആക്രമിക്കുന്ന, പൊലീസ് വാഹനങ്ങൾ തകർക്കുന്ന, കത്തിക്കുന്ന അനുഭവം ഇതാദ്യമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തി, സംഘടിതമായി ഇത്തരം ഒരു ആക്രമണം നടത്താൻ എങ്ങനെ ഇവർക്ക് കഴിഞ്ഞു എന്നതും, എന്താണ് അതിന് അവർക്ക് ധൈര്യം നൽകിയത് എന്നതും കൃത്യമായി അന്വേഷണ പരിധിയിൽ വരേണ്ടതാണ് -പ്രസ്താവനയിൽ പറയുന്നു. 

Tags:    
News Summary - kizhakkambalam violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.