കിഴക്കമ്പലത്ത് അക്രമം തുടങ്ങിയത് ശ്രീനിജിൻ ജയിച്ച ശേഷം; ട്വന്റി 20 ഒരു അടിപിടി പോലും ഉണ്ടാക്കിയിട്ടില്ല -സാബു എം.ജേക്കബ്

കൊച്ചി: പി.വി. ശ്രീനിജിൻ എം.എൽ.എയായി ​തെരഞ്ഞെടുക്ക​പ്പെട്ട ശേഷമാണ് കിഴക്കമ്പലത്ത് അക്രമങ്ങൾ തുടങ്ങിയതെന്ന് കിറ്റെക്സ് എം.ഡി സാബു എം. ജേക്കബ്. ട്വന്റി 20 ഏരിയ സെക്രട്ടറി സി.കെ. ദീപു മർദനമേറ്റു മരിച്ചതിനു പിന്നിൽ ശ്രീനിജിന് പങ്കുണ്ടെന്നും അ​ദ്ദേഹം ആരോപിച്ചു.

കിഴക്കമ്പലം വളരെ ശാന്തമായിരുന്നു. ശ്രീനിജിൻ തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് അക്രമങ്ങൾ ആരംഭിച്ചത്. ഇതുവരെ ഒരു അടിപിടി പോലും ട്വന്റി 20 പ്രവർത്തകർ ഉണ്ടാക്കിയിട്ടില്ല. എം.എൽ.എയുടെ കിരാത നടപടികൾക്കെതിരെ ട്വന്റി 20 പ്രവർത്തകർ സമാധാനപരമായി വീടുകളിൽ പ്രതിഷേധിച്ചതിനാണ് ദീപുവിന് മർദ​നമേറ്റത്. ജാഥ നടത്തുകയോ പ്രതിഷേധം നടത്തുകയോ പിക്കറ്റിങ് നടത്തുകയോ ഒന്നും ചെയ്തില്ല. വീട്ടിലെ വിളക്കണച്ചു പ്രതിഷേധിച്ചതിനാണ് അടിച്ചുകൊന്നത്. തൊട്ടടുത്ത പുരയിടത്തിൽ മറഞ്ഞിരുന്ന അക്രമികൾ ദീപുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോൾ എംഎൽഎ അടുത്ത വീട്ടിലുണ്ടായിരുന്നു എന്നാണ് അറിയുന്നത്. കൊലപാതകത്തിന്റെ പൂർണ ഉത്തരവാദി എംഎൽഎ മാത്രമാണ് എന്നതിൽ സംശയമില്ല. മറ്റുള്ളവർ ആയുധങ്ങൾ മാത്രമാണ്. വാർഡ് മെമ്പർ നിഷ അലിയാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

എവിടെയും പോയി എന്തും ചെയ്തോ, നോക്കിക്കൊള്ളാം എന്ന തുറന്ന ലൈസൻസ് എം.എൽ.എ കൊടുത്തിരിക്കുകയാണ്. ട്വന്റി 20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ ചെറിയ റോഡു പണിയോ തോടു പണിയോ ലൈറ്റ് സ്ഥാപിക്കുകയോ ചെയ്താൽ അവിടെയെല്ലാം പ്രശ്നമുണ്ടാക്കുകയാണ് എം.എൽ.എ ചെയ്യുന്നത്. തന്റെ കിറ്റെക്സ് കമ്പനിയെയും ട്വന്റി 20യെയും ഇല്ലാതാക്കുന്നതിന് എന്തും ചെയ്യാൻ അണികൾക്കു പിന്തുണ നൽകുകയാണ്. സി.ബി.ഐ ഒഴികെ എല്ലാവരും കിറ്റെക്സിൽ വന്നു കഴിഞ്ഞു.

ഗ്രാമസഭ കൂടുമ്പോഴും യോഗം വെച്ചാലും വന്നു പ്രശ്നമുണ്ടാക്കുക, മെമ്പർമാരെ അപമാനിക്കുക, തെറി പറയുക, ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കിറ്റെക്സിനെയും ട്വന്റി 20യെയും നശിപ്പിക്കുക തുടങ്ങിയവയാണു ചെയ്യുന്നത്. ട്വന്റി 20 ഉണ്ടാക്കിയ ഒരു ക്രൈം പോലും ഇതുവരെ റജിസ്റ്റർ ചെയ്തിട്ടില്ല. എം.എൽ.എക്കെതിരെ പരാതി നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Kizhakkambalam: Violence began after Sreenijin's victory -Sabu M.Jacob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.