കൽപറ്റ: ആദിവാസിവിരുദ്ധവും കർഷകവിരുദ്ധവും വനം- വന്യജീവിരുദ്ധവുമായ വയനാട്ടിലെ അനിയന്ത്രിത - നിയമവിരുദ്ധ ടൂറിസം കേന്ദ്രങ്ങൾ മനുഷ്യരുടെ കുരുതിക്കളം കൂടി ആയി മാറിയ സാഹചര്യത്തിൽ ഇത്തരം ടൂറിസം ആഭാസത്തെ നാടുകടത്താൻ വയനാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി. തൊള്ളായിരംകണ്ടിയിൽ യുവതി ദാരുണമായി കൊല്ലപ്പെട്ടതിനെ തുടർന്ന് രാഷ്ട്രീയപാർട്ടികളും പഞ്ചായത്തു സമിതികളും ജനപ്രതിനിധികളും ഒഴുക്കിക്കൊണ്ടിരിക്കുന്നത് മുതലക്കണ്ണീരാണ്. ഇനി പ്രിയങ്കയുടെയും രാഹുലിന്റെയും കണ്ണീര് മാത്രമാണ് വരാനിരിക്കുന്നത്. അതും ഉടനെ പ്രതീക്ഷിക്കാവുന്നതാണ്.
വയനാട്ടിലെ ഉദ്യോഗസ്ഥ രാഷ്ട്രീയ സംവിധാനമാകെ മണ്ണിനെയും മനുഷ്യരെയും കൊല്ലാക്കൊലചെയ്യുന്ന ടൂറിസത്തിൻ്റെ സംരക്ഷകരും ഗുണഭോക്താക്കളുമാണ്. മേപ്പാടി പഞ്ചായത്തും വൈത്തിരി പഞ്ചായത്തും ഗുണഭോക്താക്കളിൽ ഒന്നാമൻമാരാണ്. മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ടൂറിസ്റ്റുകളുടെ കുത്തിയൊഴുക്കിന്ന് ചെറിയ കുറവുണ്ടായതിനെ തുടർന്ന് വിളറി പൂണ്ടവാരാണിവരൊക്കെ. ബ്രാൻ്റ് അമ്പാസ്സഡർമാരായി അഭിനയിച്ച് തിമർത്ത മന്ത്രി റിയാസിനും എം.എൽ.എ സിദ്ദിക്കിനും രാഹുൽ ഗാന്ധിക്കും പ്രിയങ്കക്കും മരണപ്പെട്ട യുവതിയുടെ ചോരയിലും ഇന്നത്തെ അരാജകാവസ്ഥയിലും പങ്കുണ്ട്.
വയനാട്ടിൽ 2500 ൽ അധികം നിയമവിരുദ്ധ റിസോർട്ടുകൾ പ്രവർത്തിക്കുന്ന വിവരം രാഷ്ട്രീയനേതാക്കൾക്കും പഞ്ചായത്ത് മെമ്പർമാർക്കും എം.എൽ.എ മാർക്കും മന്ത്രിമാർക്കും ജില്ലാഭരണകൂടത്തിനും വനംവകുപ്പിനും ജില്ലാ പൊലീസിനും ജില്ലാ കലക്ടർക്കും ടൂറിസം ഡിപ്പാർട്ടുമെൻറിനും എല്ലാം വ്യക്തമായി അറിയാവുന്നതാണ്. ഇവയിൽ നിന്നെല്ലാം മാസപ്പടി ഇവരിൽ മഹാഭൂരിഭാഗവും കൈപ്പറ്റുന്നുണ്ട്. മിക്ക പഞ്ചായത്തുമെമ്പർമാരുടെയും പ്രസിഡണ്ടുമാരുടെയും അക്ഷയഖനികളാണ് റിസോർട്ടുകൾ.
വയനാട്ടിൽ നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്ന വന്യജീവി മനുഷ്യ സംഘർഷത്തിൻ്റെ മൂലകാരണവും ഇത്തരം റിസോർട്ടുകളാണ്. അവർ വന്യജീവികളെ ഭക്ഷണം കൊടുത്തും മറ്റു വിധത്തിലും ജനവാസ മേഘലയിലേക്ക് ആകർഷിക്കുകയാണ്. കപട കർഷകസംഘടനകൾ ഈ അകൃത്യം കണ്ടില്ലെന്നു നടിക്കുന്നു. ഇന്നത്തെ അവസ്ഥക്ക് വനംവകുപ്പ് മാനദണ്ഡങ്ങൾ കാറ്റിൽ പരത്തിയും നിയമം ലംഘിച്ചും നടത്തി വരുന്ന ഇക്കോടൂറിസത്തിൻ്റെ പങ്കും ചെറുതല്ല.
വയനാട്ടിൽ ഇന്നഴിഞ്ഞാടിക്കൊണ്ടിരക്കുന്ന അനിയന്ത്രിതവും നിയമവിരുദ്ധവുമായ ടൂറിസത്തിന് അന്ത്യമുണ്ടായേപറ്റു. ഇന്നത്തെ അർസ്ഥ തുടർന്നാൽ വളരെ വൈകാതെ വയനാടിനൊപ്പം ടൂറിസവും അകാലചരമമടയും . വയനാടൻ ടൂറിസത്തിൻറെ സ്ഥിരമായനിലനില്പിനും വയനാടിൻ്റെ നിലനിൽപ്പിനും ഉതകുന്ന ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കാൻ സർക്കാർ തയാറകണം.
മലഞ്ചരിവുകളിലെയും ആദിവാസി -വന്യജീവി ആവാസമേഖലയിലെയും ടൂറിസം കർക്കശമായി നിരോധിക്കണം. അവിടത്തെ നിർമ്മിതികൾ പൊളിച്ചു കളയണം. വയനാടിൻ്റെ കാരിയിംഗ് കപ്പാസിറ്റി നിർണ്ണയിക്കണം. വാഹനങ്ങളുടെ കുത്തൊഴുക്ക് നിയന്ത്രിക്കണം. ഓഫ് റോഡ് റെയിഡിംഗ് , ടെൻ്റ് ടൂറിസം , ഗ്ലാസ്സ് ബ്രിഡ്ജുകൾ എന്നിവ നിരോധിക്കണം.
വയനാട്ടിലെ അരാജക അനിയന്ത്രിത ടൂറിസത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ദസമിതി രൂപികരിക്കണം. ഇതിന്നായുള്ള സംഘടിത ശബ്ദം ഉയരണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ എൻ.ബാദുഷ അധ്യഷത വഹിച്ചു. തോമസ് അമ്പലവയൽ, എം. ഗംഗാധരൻ, ബാബു മൈലമ്പാടി, സണ്ണി മരക്കാവടവ്, പി.എം. സുരേഷ്, എ.വി. മനോജ്, രാമകൃഷ്ണൻ തച്ചമ്പത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.