തിരുവനന്തപുരം: 13886.93 കോടിയുടെ പുതിയ പദ്ധതികൾ ഉൾപ്പെടെ 45,828 കോടിരൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേര്‍ന്ന കിഫ്ബി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. കണ്ണൂര്‍ വിമാനത്താവളത്തോടനുബന്ധിച്ച് വ്യവസായപാര്‍ക്കും മറ്റ് വികസനപദ്ധതികളും ആരംഭിക്കുന്നതിന് 4896 ഏക്കര്‍ ഭൂമിയും പാലക്കാട്ട് 470 ഏക്കര്‍ ഭൂമിയും ഉള്‍പ്പെടെ 5366 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 13,886 കോടി അനുവദിച്ചു.
ഇതുവരെ കിഫ്ബിയുടെ പരിഗണനക്ക് വന്ന 557പദ്ധതികളില്‍ 23,313 കോടി രൂപയുടെ 387 പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു. ഇതില്‍ 7,735 കോടിയുടെ 215 പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തുകഴിഞ്ഞു. 5106 കോടി രൂപയുടെ 144 പദ്ധതികള്‍ക്ക് അനുമതിയായി. ഇൗ പദ്ധതികൾക്കായി കിഫ്ബിയില്‍ നിന്ന് 848 കോടി രൂപ നല്‍കിയിട്ടുമുണ്ട്. ഇത് സാധാരണപദ്ധതികള്ക്ക് നല്കുന്നതിനെക്കാള് മെച്ചപ്പെട്ട അനുപാതമാണെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി തോമസ് ഐസക് അറിയിച്ചു.
ഈ വര്‍ഷം കിഫ്ബിയില്‍ നിന്നുള്ള പദ്ധതികളുടെ ചെലവ് ഗണ്യമായി ഉയരും. 5000 ലധികം പദ്ധതികള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണിത്. ഇതിന് ഫണ്ട് കണ്ടെത്തുന്നതിെൻറ ഭാഗമായാണ് മസാലാബോണ്ടുകള്‍ ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൊത്തം 5000 കോടി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ 2642 കോടി രൂപക്ക് റിസര്വ്ബാങ്കിെൻറ അനുമതി ലഭിച്ചിട്ടുണ്ട്. അതില്‍ 2600 കോടിയാണ് ബോണ്ടിറക്കുന്നത്. ഒപ്പം നോര്‍ക്ക ഒരു വെല്‍ഫെയര്‍ പദ്ധതി ആവിഷ്കരിക്കുന്നതിനെക്കുറിച്ച് അറിയിച്ചിട്ടുണ്ട്. അത് യാഥാർഥ്യമായാല്‍ ആ ഫണ്ട് കിഫ്ബിയില്‍ ബോണ്ടായി നിക്ഷേപിക്കാം.
കെ.എസ്.ആര്.ടി.സിയുടെ കാര്യത്തില്‍ കിഫ്ബി ഉദാരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സാധാരണ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് കിഫ്ബി വായ്പ നല്‍കാറില്ല. കേരളത്തിലെ റോഡുകള്‍ വിദേശത്ത് നിലവിലുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്നത് പരിഗണിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരദേശപാതയുടെ പണി ഉടന്‍ ആരംഭിക്കും. റോഡിന് 14 മീറ്റര്‍ വീതിയാണ് ഉദ്ദേശിക്കുന്നത്. മലപ്പുറത്ത് 15 മീറ്റര്‍ വീതിയില്‍ റോഡിെൻറ പണി ഉടന്‍ ആരംഭിക്കും.
2022 ഓടെ പൂര്‍ത്തീകരിക്കുന്ന രീതിയിൽ നാലുഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി തീരദേശ ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. എല്ലാവരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഐസക് വ്യക്തമാക്കി. കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമും പങ്കെടുത്തു.
കേന്ദ്രം ചിറ്റമ്മ നയം തുടരുന്നു –മന്ത്രി തോമസ് െഎസക്
തിരുവനന്തപുരം: കേരളത്തിന് വായ്പ അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രം ചിറ്റമ്മനയമാണ് സ്വീകരിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അനുഭാവമില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. വായ്പക്ക് മാത്രമല്ല, വിദേശ മലയാളികളുടെ സഹായം സ്വീകരിക്കുന്നതിനും തടസ്സം നില്‍ക്കുകയാണ്. നവകേരള നിർമാണം സംസ്ഥാനത്തിനകത്തുനിന്ന് പൂർത്തിയാക്കുകയെന്നത് പ്രായോഗികമല്ല. ഘട്ടംഘട്ടമായി മൊത്തം 15,000 കോടി രൂപ വായ്പ എടുക്കാനാണ് അനുവാദംചോദിച്ചത്. വായ്പയെടുക്കാൻ പറ്റില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ ആകാമെന്നും പറഞ്ഞിട്ടില്ല.
2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യമുണ്ടായപ്പോള്‍ കേന്ദ്രം തങ്ങളുടെ വായ്പാപരിധി മൊത്തവരുമാനത്തിെൻറ മൂന്ന് ശതമാനം എന്നതിൽനിന്ന് അഞ്ച് ശതമാനമാക്കി ഉയർത്തിയിരുന്നു. ഇതേവരെ, പഴയ മൂന്ന് ശതമാനം എന്ന പരിധി പുനഃസ്ഥാപിച്ചിട്ടുമില്ല. പക്ഷേ, സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇപ്പോഴും കടുംപിടുത്തം തുടരുകയാണ്. 2008 മുതല്‍ ഇന്നുവരെ കേന്ദ്രം എടുത്ത വായ്പ പരിശോധിച്ചാല്‍ മൊത്ത വരുമാനത്തിെൻറ നാലുശതമാനം ശരാശരി എന്ന നിലയാണ്.
എന്നാല്‍ സംസ്ഥാനങ്ങളുടെ ശരാശരി വായ്പ 2.75 ശതമാനവുമാണ്. കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് മൂന്ന് ശതമാനം വായ്പ എടുക്കുന്നത്. അതുകൊണ്ടുതന്നെ കേരളം അല്പം കൂടുതല്‍ വായ്പയെടുത്തതുകൊണ്ട് മൊത്തത്തില്‍ ഒരുപ്രശ്നവും സംഭവിക്കാനുമില്ലെന്നും തോമസ് െഎസക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.