തിരുവനന്തപുരം: സഹോദരങ്ങൾക്കൊപ്പം പാതയോരത്ത് ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ ഡി.എൻ.എ ഫലം പുറത്തുവന്നതിനു പിന്നാലെ, മാതാപിതാക്കൾക്ക് വിട്ടുനൽകും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൗൺസലിങ്ങിന് വിധേയമാക്കിയ ശേഷമാകും ബിഹാർ സ്വദേശികളായ മാതാപിതാക്കൾക്ക് വിട്ടുനൽകുക. കുട്ടി തങ്ങളുടേതാണെന്ന് തെളിയിക്കുന്ന ഒരു രേഖയും മാതാപിതാക്കളുടെ പക്കലുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.
അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ പത്തനംതിട്ട അയിരൂർ സ്വദേശി ഹസൻകുട്ടി എന്ന കബീറിനെ (52) ബുധനാഴ്ച കൂടുതൽ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞ ഫെബ്രുവരി 19ന് പുലർച്ചയാണ് ചാക്ക ഓൾസെയിൻറ്സ് കോളജിനു സമീപത്തുനിന്ന് നാടോടിപെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. 19 മണിക്കൂർ തിരച്ചിലിനൊടുവിൽ കൊച്ചുവേളി റെയിൽവേ പാളത്തിനു സമീപത്തെ ഓടയിൽ കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വാഹന മോഷണം, ഭവനഭേദനമടക്കം എട്ട് കേസുകളിൽ പ്രതിയായ ഹസൻകുട്ടി, 2022 ജനുവരിയിൽ അയിരൂരിൽ 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായിരുന്നു. ഈ കേസിൽ കഴിഞ്ഞ ജനുവരി 12നാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്.
ഫെബ്രുവരി 18ന് രാത്രി 10.30ഓടെ ഇയാൾ ട്രെയിൻമാർഗം തിരുവനന്തപുരത്തെത്തി. വർക്കല സ്റ്റേഷനിൽ ഇറങ്ങാനാണ് തീരുമാനിച്ചതെങ്കിലും ഉറങ്ങിയതിനാൽ പേട്ട റെയിൽവേ സ്റ്റേഷനിലിറങ്ങുകയായിരുന്നു. തുടർന്ന്, ഒരു ബൈക്ക് യാത്രികന്‍റെ സഹായത്തോടെ നാടോടികുടുംബം തമ്പടിച്ചിരുന്ന ബ്രഹ്മോസിന് സമീപമിറങ്ങി. ഇവിടെ റോഡിന് സമീപത്തുണ്ടായിരുന്ന കടയിൽനിന്ന് കരിക്ക് കുടിക്കുന്നതിനിടയിലാണ് രണ്ടുവയസ്സുകാരി ശ്രദ്ധയിൽപെട്ടത്.
ഒരു അരമണിക്കൂറോളം നിരീക്ഷിച്ചശേഷമാണ് സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ 12നും ഒരു മണിക്കുമിടയിൽ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ റെയിൽവേ പാളത്തിനു സമീപത്ത് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. കുട്ടി ഭയന്ന് കരഞ്ഞതോടെ, വായും മൂക്കും പൊത്തിപ്പിടിച്ചു. ഇതോടെ, കുട്ടി ബോധരഹിതയായി. അനക്കമില്ലാതായതോടെ കുട്ടി മരിച്ചെന്നുകരുതി ഓടയിൽ ഉപേക്ഷിച്ചെന്നാണ് പ്രതിയുടെ മൊഴി. വധശ്രമം, പോക്സോ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.